പൂച്ചയെ രക്ഷിച്ച സംഘത്തിന് ശൈഖ് മുഹമ്മദിന്റെ ഉപഹാരം

ദുബൈ | ബാൽക്കണിയിൽ കുടുങ്ങിയ ഗൾഭിണി പൂച്ചയെ രക്ഷിച്ച രണ്ട് മലയാളികളടക്കം നാല് പേർക്ക് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമിന്റെ സമ്മാനം. ആർ ടി എ ബസ് ഡ്രൈവറായ കോതമംഗലം സ്വദേശി നസീർ മുഹമ്മദ്, പൂച്ചയെ രക്ഷിക്കുന്നത് വിഡിയോയിൽ പകർത്തിയ കോഴിക്കോട് വടകര സ്വദേശിയും അടുത്തുള്ള ഗ്രോസറി ഉടമയുമായ അബ്ദുൽ റാശിദ് (റാശിദ് ബിൻ മുഹമ്മദ്), മൊറോക്കോ സ്വദേശി അശ്റഫ്, പാക്കിസ്ഥാൻ സ്വദേശി ആതിഫ് മഹ്്മൂദ് എന്നിവർക്കാണ് അപ്രതീക്ഷിത സമ്മാനം ലഭിച്ചത്.

പത്ത് ലക്ഷം രൂപ (50,000 ദിർഹം) വീതം കഴിഞ്ഞ ദിവസം രാത്രി ഭരണാധികാരിയുടെ ഓഫീസിൽ നിന്നെത്തിയ ഉദ്യോഗസ്ഥൻ നേരിട്ട് സമ്മാനിക്കുകയായിരുന്നു. പ്രിയപ്പെട്ട ഭരണാധികാരിയിൽ നിന്ന് ഇത്തരമൊരു സമ്മാനം ലഭിച്ചതിൽ ഏറെ സന്തോഷവും അഭിമാനവുമുണ്ടെന്ന് നസീർ മുഹമ്മദ്, അബ്ദുൽ റാശിദ് എന്നിവർ പറഞ്ഞു.

ഈ മാസം 24ന് രാവിലെ ദേര നായിഫ് ഫ്രിജ് മുറാറിലായിരുന്നു ശൈഖ് മുഹമ്മദിന്റെയടക്കം അഭിനന്ദനത്തിന് കാരണമായ സംഭവം നടന്നത്. കെട്ടിടത്തിന്റെ റോഡിന് അഭിമുഖമായുള്ള ബാൽക്കണിയുടെ അരികിൽ കുടുങ്ങി പരുങ്ങലിലായ ഗർഭിണിയായ പൂച്ചയെ തൊട്ടടുത്ത് താമസിക്കുന്ന നസീർ മുഹമ്മദ്, അശ്റഫ്, ആതിഫ് എന്നിവർ ചേർന്ന് തുണിയിലേക്ക് ചാടിച്ച് രക്ഷപ്പെടുത്തുകയായിരുന്നു. പൂച്ച പരുക്കൊന്നുമേൽക്കാതെ രക്ഷപ്പെട്ടു.

സമീപത്ത് ഗ്രോസറി നടത്തുന്ന അബ്ദുൽറാശിദ് വിഡിയോയിൽ പകർത്തി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. വിഡിയോ ശ്രദ്ധയിൽപ്പെട്ട ശൈഖ് മുഹമ്മദ് നാൽവർ സംഘത്തിന്റെ ധീരപ്രവൃത്തിയെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തതോടെ സംഭവം ലോകശ്രദ്ധ നേടി. അന്ന് രാത്രി തന്നെ പോലീസിലെ ഉന്നത ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തിയിരുന്നു.



source https://www.sirajlive.com/sheikh-mohammed-39-s-gift-to-the-team-that-rescued-the-cat.html

Post a Comment

Previous Post Next Post