പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റി കേരളം

രാജ്യത്ത് പൊതുവെ കുറഞ്ഞു വരികയാണ് കൊവിഡ് നിരക്ക്. കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്ന മിക്ക സംസ്ഥാനങ്ങളും രോഗനിരക്ക് കുറഞ്ഞതിനെ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ ഒന്നൊന്നായി നീക്കിക്കൊണ്ടിരിക്കുന്നു. തീവ്രമായ രണ്ടാം തരംഗവും കടന്ന് മഹാരാഷ്ട്രയും ഡല്‍ഹിയുമെല്ലാം സാധാരണ ജീവിതത്തിലേക്ക് കടക്കുകയാണ്. ഡല്‍ഹിയില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ ഇളവ് നല്‍കി. തമിഴ്‌നാട്ടില്‍ ഈ മാസം 23 മുതല്‍ സിനിമാ തിയറ്ററുകളും സെപ്തംബര്‍ ഒന്ന് മുതല്‍ സ്‌കൂളുകളും തുറക്കും. എന്നാല്‍ കേരളത്തില്‍ രോഗനിരക്ക് അനുദിനം ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. രോഗനിരക്ക് അഞ്ച് ശതമാനത്തിലേക്ക് കുറച്ചുകൊണ്ടുവരാന്‍ പദ്ധതിയിട്ട് ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയെങ്കിലും ഫലപ്പെട്ടില്ല. ചൊവ്വാഴ്ച 1,34,706 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 24,296 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി പി ആര്‍) 18.04 ലെത്തി. രണ്ടര മാസത്തിന് ശേഷമാണ് രോഗനിരക്ക് 18 ശതമാനത്തിനു മുകളിലെത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 173 മരണങ്ങള്‍ കൊവിഡ് 19 മൂലമാണെന്ന് സ്ഥിരീകരിച്ചു. മൊത്തം മരണം 19,757 ആയി ഉയര്‍ന്നു. മറ്റു സംസ്ഥാനങ്ങളേക്കാള്‍ മികച്ചതും ഫലപ്രദവുമാണ് കേരളത്തിലെ കൊവിഡ് പ്രതിരോധമെന്നാണ് അധികൃതര്‍ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ ഇന്ത്യയിലെ ആകെ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ 64 ശതമാനവും കേരളത്തിലാണെന്നാണ് ഏറ്റവും പുതിയ കണക്ക്.

രോഗവ്യാപനം കൂടുന്ന സാഹചര്യത്തില്‍ നേരത്തേ പ്രഖ്യാപിച്ച ചില ഇളവുകള്‍ പിന്‍വലിക്കുകയും കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയുമാണ് സംസ്ഥാന സര്‍ക്കാര്‍. അടുത്ത ആഴ്ച മുതല്‍ എല്ലാ ഞായറാഴ്ചകളിലും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആയിരിക്കും. പൊതുസ്ഥലങ്ങളില്‍ ആള്‍ക്കൂട്ടം ഉണ്ടാകുന്നില്ലെന്ന് ഉറപ്പ് വരുത്താന്‍ പോലീസ് പരിശോധന കര്‍ശനമാക്കും. കടകള്‍ അടക്കണമെന്ന് നിര്‍ദേശം ഉയര്‍ന്നിരുന്നെങ്കിലും വ്യാപാരി സമൂഹത്തിന്റെ എതിര്‍പ്പ് ഭയന്നാണ് വേണ്ടെന്നു വെച്ചത്. വാക്സീനേഷന്‍ കുറഞ്ഞ ജില്ലകളില്‍ പരിശോധന വ്യാപകമാക്കാനും ആദ്യ ഡോസ് വാക്‌സീനേഷന്‍ എഴുപത് ശതമാനത്തില്‍ കൂടുതല്‍ പൂര്‍ത്തീകരിച്ച ജില്ലകളില്‍ അടുത്ത രണ്ടാഴ്ച കൊണ്ട് വാക്‌സീനേഷന്‍ പൂര്‍ത്തിയാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം, എറണാകുളം, വയനാട്, പത്തനംതിട്ട ജില്ലകളില്‍ വാക്‌സീനേഷന്‍ നല്ലരീതിയില്‍ നടത്തിയതിനാല്‍ ഇവിടെ രോഗലക്ഷണമുള്ളവരെ മാത്രമേ പരിശോധനക്ക് വിധേയരാക്കുകയുള്ളൂ. ഇതര ജില്ലകളില്‍ വ്യാപകമായ പരിശോധന നടത്തും.

ഓണാഘോഷങ്ങള്‍ക്കുശേഷം കൊവിഡ് കേസുകള്‍ ഉയരുമെന്നും പ്രതിദിന രോഗികളുടെ എണ്ണം 25,000 മുതല്‍ 30,000 വരെയായി വര്‍ധിക്കുമെന്നും ആരോഗ്യ വിദഗ്ധര്‍ വിലയിരുത്തിയതാണ്. സെപ്തംബറില്‍ ആകെ രോഗികളുടെ എണ്ണം നാല് ലക്ഷം വരെ ഉയരുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിനിടെ രാജ്യത്ത് ഒക്ടോബര്‍ മാസത്തോടെ കൊവിഡ് 19ന്റെ മൂന്നാം തരംഗം ഉണ്ടാകുമെന്ന വിദഗ്ധ സമിതിയുടെ മുന്നറിയിപ്പും വന്നിട്ടുണ്ട്. ഒക്ടോബര്‍ അവസാന ആഴ്ചയോടെ ഇത് ഉച്ചസ്ഥായിയില്‍ എത്തുമെന്നാണ് കണക്കുകൂട്ടല്‍. മൂന്നാം തരംഗത്തില്‍ കുട്ടികളിലും രോഗവ്യാപനം വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നും ഇത് രാജ്യത്തെ ആശുപത്രികളില്‍ ഡോക്ടര്‍മാര്‍, ജീവനക്കാര്‍, വെന്റിലേറ്റര്‍, ആംബുലന്‍സ് തുടങ്ങി നിലവിലുള്ള സൗകര്യങ്ങള്‍ തികയാതെ വരുന്ന സാഹചര്യം സൃഷ്ടിക്കുമെന്നും സമിതി നിരീക്ഷിക്കുന്നു. കേരളത്തിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും കൊവിഡ് വ്യാപന തോത് ഉയര്‍ന്ന സാഹചര്യത്തില്‍ കൂടിയാണ് നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്റ്റര്‍ മാനേജ്മെന്റിനു കീഴില്‍ രൂപവത്കരിച്ച സമിതി ഇതു സംബന്ധിച്ച് പ്രധാനമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. എല്ലാ ആശുപത്രികളിലും പീഡിയാട്രിക് വാര്‍ഡുകള്‍, പീഡിയാട്രിക് ഐ സി യുകള്‍ എന്നിവയുടെ എണ്ണവും വര്‍ധിപ്പിക്കണമെന്ന് റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു.

ഓണവും പെരുന്നാളാഘോഷവുമാണ് രോഗവ്യാപനം തീവ്രമാക്കിയതെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ നിയന്ത്രണാധീനമായി വരികയായിരുന്ന വൈറസ് വ്യാപനം വീണ്ടും നിയന്ത്രണാതീതമായത് നിയമസഭാ തിരഞ്ഞെടുപ്പോടെയാണ്. തിരഞ്ഞെടുപ്പ് കൊവിഡ് വ്യാപനം കൂട്ടാതിരിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനും ആരോഗ്യ വകുപ്പും പെടാപ്പാട് പെട്ടപ്പോള്‍, നിയന്ത്രണങ്ങളെല്ലാം ലംഘിച്ചായിരുന്നു രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രചാരണവും സ്ഥാനാര്‍ഥികളുടെ വോട്ട് പിടിത്തവും. ആള്‍ക്കൂട്ടത്തോടെയുള്ള ഭവന സന്ദര്‍ശനവും നോട്ടീസ് വിതരണവും കവലകളില്‍ ഹസ്തദാനവും ഒക്കെയായി പ്രചാരണം പൊടിപൊടിച്ചപ്പോള്‍ കൊവിഡ് വൈറസിന്റെ കാര്യം അവര്‍ മനഃപൂര്‍വം മറന്നു. നേതാക്കള്‍ പരസ്യമായി കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ചിട്ടും നടപടിയുണ്ടായില്ല. മാസ്‌ക് ധരിക്കാത്തതിനും കടകളില്‍ ആളുകള്‍ കൂടിയതിനും വന്‍തുക പിഴയിട്ട് സാധാരണക്കാരനെയും ചെറുകിട വ്യാപാരികളെയും പിഴിഞ്ഞ പോലീസ് നേതാക്കളുടെ നിയമലംഘനത്തിനു നേരേ കണ്ണുചിമ്മി. തിരഞ്ഞെടുപ്പിനു പിന്നാലെയാണ് ടെസ്റ്റ് നിരക്ക് ഉയര്‍ന്നു തുടങ്ങിയത്. മദ്യശാലകള്‍ക്കും വലിയ പങ്കുണ്ട് രോഗവ്യാപനത്തില്‍. കൊറോണ വൈറസിന്റെ രണ്ടാം തരംഗത്തില്‍ കടകള്‍ക്കും ബസ്, ട്രെയിന്‍ യാത്രക്കാര്‍ക്കുമെല്ലാം നിയന്ത്രണങ്ങളേര്‍പ്പെടുത്തിയപ്പോള്‍ മദ്യശാലകളില്‍ യാതൊരു നിയന്ത്രണവുമില്ലാതെയാണ് കുടിയന്മാര്‍ തടിച്ചു കൂടിയത്. ഇത് പലതവണ ഹൈക്കോടതിയുടെ വിമര്‍ശത്തിനിടയാക്കി. കൊവിഡ് ഒന്നാം ഘട്ടത്തിലും മദ്യശാലകള്‍ അടച്ചിടുന്ന കാര്യത്തില്‍ സര്‍ക്കാര്‍ മടിച്ചുനില്‍ക്കുകയായിരുന്നു. പല കോണുകളില്‍ നിന്ന് വിമര്‍ശമുയര്‍ന്നപ്പോഴാണ് അടക്കാന്‍ ഉത്തരവിറക്കിയത്.

വാക്സീനേഷന്‍ പരമാവധി ആളുകളിലേക്ക് എത്തിക്കുകയാണ് ഇനി സര്‍ക്കാറിന്റെ മുമ്പിലുള്ള മാര്‍ഗം. രോഗം വരാനും വന്നാല്‍ മൂര്‍ച്ഛിക്കാനും സാധ്യതയുള്ളവര്‍ക്ക് എത്രയും പെട്ടെന്ന് രണ്ട് ഡോസ് വാക്സീനും കൊടുത്ത് തീര്‍ക്കണം. ഒപ്പം പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കൂടി ഉള്‍ക്കൊള്ളിച്ച് ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുകയും വേണം. ആരോഗ്യ വിദഗ്ധരുടെ നിര്‍ദേശങ്ങള്‍ പൂര്‍ണമായും അനുസരിച്ച്, സര്‍ക്കാറിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി പൊതുസമൂഹവും സഹകരിക്കണം. കൊവിഡ് നിയന്ത്രണങ്ങള്‍ സര്‍ക്കാറിനു വേണ്ടിയല്ല, ജനങ്ങള്‍ക്ക് വേണ്ടിയാണെന്ന കാര്യം വിസ്മരിക്കരുത്.



source https://www.sirajlive.com/kerala-misses-defense.html

Post a Comment

أحدث أقدم