സാമ്പത്തികവും സാമൂഹികവുമായ അസമത്വങ്ങള്‍ രാജ്യത്ത് നിലനില്‍ക്കുന്നു: മുഖ്യമന്ത്രി

തിരുവനന്തപുരം | സാമ്പത്തികവും സാമൂഹികവുമായ അസമത്വങ്ങള്‍ ശക്തമായി രാജ്യത്ത് നിലനില്‍ക്കുന്നുണ്ടെന്നും ജാതീയ വിവേചനങ്ങളും അടിച്ചമര്‍ത്തലുകളും ഇപ്പോഴും തുടരുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വാതന്ത്ര്യദിന ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള ഫേസ്ബുക്ക് കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ലോകശ്രദ്ധയാകര്‍ഷിച്ച പോരാട്ടത്തിലൂടെ കൊളോണിയല്‍ ഭരണത്തിനറുതി വരുത്തി ഇന്ത്യ സ്വതന്ത്രമായിട്ട് ഏഴര പതിറ്റാണ്ട് പിന്നിടുന്നു. രാഷ്ട്രീയ സ്വാതന്ത്ര്യം എന്നതിനൊപ്പം ദേശിയപ്രസ്ഥാനം ഊന്നല്‍ നില്‍കിയത് സ്വതന്ത്ര ഇന്ത്യ എങ്ങനെയായിരിക്കണം എന്നതിന് കൂടിയാണ്. സ്വതന്ത്രരാഷ്ട്രമെന്ന നിലയ്ക്ക് നിരവധി നേട്ടങ്ങള്‍ കരസ്ഥമാക്കാന്‍ നമുക്ക് സാധിച്ചിട്ടുണ്ട്. നിരവധി മേഖലകളില്‍ ഇനിയും മുന്നേറാനുണ്ട്.

സാമ്പത്തികവും സാമൂഹികവുമായ അസമത്വങ്ങള്‍ ശക്തമായി രാജ്യത്ത് നിലനില്‍ക്കുന്നുണ്ട്. ദാരിദ്ര്യം തുടച്ചു നീക്കാനായിട്ടില്ല. സ്ത്രീസ്വാതന്ത്ര്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിലും നാട് പുറകിലാണ്. ജാതീയ വിവേചനങ്ങളും അടിച്ചമര്‍ത്തലുകളും തുടരുകയാണ്.

മതവര്‍ഗീയത വലിയ ഭീഷണിയായി വളര്‍ന്നിരിക്കുന്നു. യുവജനങ്ങളില്‍ ഗണ്യമായ ശതമാനത്തിനും തൊഴിലില്ല. കര്‍ഷകരുള്‍പ്പെടെയുള്ള സാധാരണ ജനവിഭാഗം അതിജീവനത്തിനായി സമരം ചെയ്യേണ്ടിവരുന്നു. നമ്മുടെ ഭരണഘടന വിഭാവനം ചെയ്ത സോഷ്യലിസവും മതേതരത്വവും ജനാധിപത്യവും നിലനില്‍ക്കുന്ന സ്വതന്ത്ര പരമാധികാര രാഷ്ട്രമായി ഇന്ത്യയെ മാറ്റുന്നതിനാവശ്യമായ ചിന്തകളാല്‍ സമ്പന്നമായിരിക്കണം ഇന്നത്തെ സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍. വിശ്വകവി രബീന്ദ്രനാഥ ടാഗോര്‍ പങ്കുവച്ച മനോഹരമായ സങ്കല്പമുണ്ട്:

”എവിടെയാണോ
മനസ്സ് നിര്‍ഭയമായിരിക്കുന്നത്,
ശിരസ്സ് ഉയര്‍ന്നുതന്നെയിരിക്കുന്നത്,
അറിവ് സ്വതന്ത്രമായിരിക്കുന്നത്,

ഇടുങ്ങിയ ഭിത്തികളാല്‍ ലോകത്തെ തുണ്ടു തുണ്ടായി മുറിക്കാത്തത്, വാക്കുകള്‍ സത്യത്തിന്റെ ആഴത്തില്‍ നിന്നു നിര്‍ഗമിക്കുന്നത്, അക്ഷീണമായ പരിശ്രമം പൂര്‍ണ്ണതയിലേയ്ക്ക് കുതിക്കുന്നത്,
മൃതമായ യാഥാസ്ഥിതികതയുടെ മണല്‍പ്പരപ്പില്‍ സുതാര്യമായ ജ്ഞാനപ്രവാഹത്തിന്റെ കല്ലോലിനി വരണ്ടു പോകാത്തത്.. – മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.



source https://www.sirajlive.com/economic-and-social-inequalities-exist-in-the-country-cm.html

Post a Comment

أحدث أقدم