കെ എം ബഷീര്‍ ഓർമയായിട്ട് രണ്ട് വര്‍ഷം തികയുന്നു. സ്വയം പ്രകാശിച്ച് മറ്റുള്ളവര്‍ക്ക് വഴികാട്ടിയായ ഒരു വിളക്ക് പൊടുന്നനെ കാറ്റത്ത് കെട്ടതു പോലെ തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു ആ മടക്കം. സൗഹൃദങ്ങളിലെ ഇഴപൊട്ടാത്ത കണ്ണിയായിരുന്നു കെ എം ബി എന്ന പേരില്‍ അറിയപ്പെട്ടിരുന്ന കെ എം ബഷീര്‍. പരിഭവങ്ങളില്ലാത്ത സ്നേഹത്താല്‍ ഹൃദയം കീഴടക്കിയ ബഷീര്‍ പരിചയപ്പെടുന്ന ഓരോരുത്തര്‍ക്കും അവരുടെ സ്വന്തമായിരുന്നു. ഓഫീസില്‍, സൗഹൃദക്കൂട്ടായ്മകളില്‍, പ്രസ്ഥാന വഴിത്താരയില്‍ എല്ലാം ബഷീര്‍ നിറസാന്നിധ്യമായത് ഈ വേറിട്ട വ്യക്തിത്വം കൊണ്ടായിരുന്നു.
2019 ആഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ ഒരു മണിയോടെയാണ് ഐ എ എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമന്‍ മദ്യലഹരിയില്‍ അമിതവേഗത്തില്‍ ഓടിച്ച കാറിടിച്ച് മ്യൂസിയം പബ്ലിക് ഓഫീസിന് മുന്നില്‍ വെച്ച് ബൈക്കില്‍ സഞ്ചരിച്ച ബഷീര്‍ കൊല്ലപ്പെടുന്നത്. രണ്ട് വര്‍ഷം പിന്നിടുമ്പോള്‍ പ്രത്യേക അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ അടിസ്ഥാനത്തില്‍ കേസ് വിചാരണയുടെ ഘട്ടത്തിലാണ്. നരഹത്യാ കേസില്‍ ഒന്നാം പ്രതിയായ ഐ എ എസുകാരനായ ശ്രീറാം വെങ്കിട്ടരാമനും കൂട്ടു പ്രതിയായ വഫയും ഈ മാസം ഒന്പതിന് ഹാജരാകാന്‍ ഉത്തരവിട്ടിരിക്കുകയാണ് സെഷന്‍സ് കോടതി. ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ നിന്ന് കേസ് സെഷന്‍സ് കോടതിയിലേക്ക് കമ്മിറ്റ് ചെയ്തതിന് ശേഷം ആദ്യമായാണ് പ്രതികളോട് ഹാജരാകാന്‍ കോടതി ഉത്തരവിട്ടത്. തിരുവനന്തപുരം ഒന്നാം അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് യഥാക്രമം ഒന്നും രണ്ടും പ്രതികളായ ശ്രീറാം വെങ്കിട്ടരാമന്‍, വഫ എന്നിവരോട് ഒന്പതിന് കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടത്.
അപകടം നടന്ന സമയം മുതല്‍ കേസില്‍ ഒത്തുകളിക്കാനാണ് പോലീസ് ശ്രമിച്ചത്. വാഹനമോടിച്ചിരുന്ന ശ്രീറാം വെങ്കിട്ടരാമന്റെ രക്തപരിശോധന നടത്താതെ സ്വകാര്യ ആശുപത്രിയിലേക്ക് വിട്ടയച്ചതും കാറോടിച്ചത് ഒപ്പമുണ്ടായിരുന്ന യുവതി വഫയാണെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചും പോലീസ് കേസ് വഴിതിരിച്ചുവിടാനാണ് ശ്രമിച്ചത്. മദ്യപിച്ചിരുന്ന ശ്രീറാം വെങ്കിട്ടരാമന്‍ പോലീസുമായി ഒത്തുകളിച്ച് രക്തസാമ്പിള്‍ പരിശോധനക്ക് സമ്മതിക്കാതെ കിംസ് സ്വകാര്യ ആശുപത്രിയിലേക്ക് രക്ഷപ്പെടുകയായിരുന്നു.
മ്യൂസിയം പോലീസ് ഉന്നത സ്വാധീനത്താല്‍ പ്രതികളുമായി ഒത്തുകളിച്ച് തെളിവു നശിപ്പിക്കാന്‍ കൂട്ടുനിന്നുവെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘത്തെ അന്വേഷണം ഏല്‍പ്പിക്കുകയായിരുന്നു. കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമന്‍ തെളിവു നശിപ്പിക്കാന്‍ ബോധപൂര്‍വം നടത്തിയ ശ്രമങ്ങള്‍ അക്കമിട്ട് നിരത്തിയാണ് ആറ് മാസത്തിനൊടുവില്‍ അന്വേഷണസംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. അപകടത്തിൽപ്പെട്ട കാര്‍ താനല്ല ഓടിച്ചിരുന്നതെന്നാണ് ശ്രീറാം അന്വേഷണ സംഘത്തിന് മുന്നിലും വകുപ്പ് തല അന്വേഷണ സമിതിക്ക് മുന്നിലും മൊഴി നല്‍കിയിരുന്നത്. ഇതെല്ലാം ഖണ്ഡിക്കുന്നതായിരുന്നു കുറ്റപത്രത്തിലെ ശാസ്ത്രീയമായ കണ്ടെത്തലുകള്‍. കാറിന്റെ അമിത വേഗവും അപകടസമയത്ത് കാര്‍ ഓടിച്ചിരുന്നത് ശ്രീറാം വെങ്കിട്ടരാമനാണെന്നുമുള്ള വസ്തുതയും ശാസ്ത്രീയമായ തെളിവുകള്‍ നിരത്തിയാണ് കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ബഷീറിന്റെ ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുന്ന സമയത്ത് ശ്രീറാം ഡ്രൈവ് ചെയ്തിരുന്ന ഫോക്സ് വാഗണ്‍ വെന്റോ കാര്‍ സഞ്ചരിച്ചിരുന്നത് 100 കിലോമീറ്ററിലേറെ വേഗത്തിലായിരുന്നുവെന്ന കണ്ടെത്തലാണ് കുറ്റപത്രത്തിലുണ്ടായിരുന്നത്. ഇതിനിടെ ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍ തിരിച്ചെടുക്കണമെന്ന് ശിപാര്‍ശ ചെയ്തു കൊണ്ട് ചീഫ് സെക്രട്ടറി ടോം ജോസ് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എന്നാല്‍ ഇതിനെതിരെ സിറാജ് മാനേജ്മെന്റും പത്രപ്രവര്‍ത്തക യൂനിയനും മുഖ്യമന്ത്രിയെ നേരില്‍ കണ്ട് പ്രതിഷേധം അറിയിച്ചു. തുടര്‍ന്ന് ശ്രീറാം വെങ്കിട്ടരാമന്റെ സസ്പെന്‍ഷന്‍ കാലാവധി മൂന്ന് മാസത്തേക്ക് കൂടി നീട്ടി. 2020 ഫെബ്രുവരി ഒന്നിന് ശ്രീറാം വെങ്കിട്ടരാമനെ ഒന്നാം പ്രതിയാക്കിയും വഫയെ രണ്ടാം പ്രതിയാക്കിയും അന്വേഷണ സംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഇതിനിടെ മാര്‍ച്ച് 20ന് ആരോഗ്യവകുപ്പില്‍ ശ്രീറാമിനെ തിരിച്ചെടുത്തു കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. ആരോഗ്യവകുപ്പില്‍ ജോയിന്റ് സെക്രട്ടറിയായാണ് ശ്രീറാമിനെ നിയമിച്ചത്.
കേസ് രണ്ട് വര്‍ഷം പിന്നിടുമ്പോള്‍ വിചാരണക്കായി സെഷന്‍സ് കോടതിയിലെത്തുകയാണ്. അപകടമരണമെന്ന നിലക്കപ്പുറം ഭരണകൂടത്തിലെ ഉന്നതന്‍ പ്രതിയായ കേസില്‍ നീതി ആര്‍ക്കൊപ്പം നില്‍ക്കുമെന്ന ചോദ്യം കൂടിയാണ് ഇവിടെ ഉയരുന്നത്. വിചാരണക്കൊടുവില്‍ ബഷീറിന് നീതി ലഭ്യമാകുമെന്നു തന്നെയാണ് ബഷീറിന്റെ കുടുംബത്തിന്റെയും സ്നേഹിതരുടെയും നീതി പുലരണമെന്ന് ആഗ്രഹമുള്ള ഒരോരുത്തരുടെയും പ്രതീക്ഷ. ബഷീറിന്റെ പറക്കമുറ്റാത്ത രണ്ട് മക്കള്‍ക്ക് നല്‍കാന്‍ കഴിയുന്ന ഏറ്റവും വലിയ സമ്മാനവും അതു തന്നെയാകും. ബഷീറിന്റെ ദീപ്തമായ ഓർമകള്‍ നിറയുന്ന വിയോഗത്തിന്റെ ഈ രണ്ടാം വാര്‍ഷികത്തില്‍ മനസ്സ് ആവര്‍ത്തിച്ചു പറയുന്നു, കെ എം ബീ.. നിനക്ക് മരണമില്ല. പ്രിയപ്പെട്ടവരുടെ ഓർമകളില്‍ നീ ജ്വലിച്ചു നില്‍ക്കും, എന്നെന്നും.
source http://www.sirajlive.com/2021/08/03/491956.html
Post a Comment