യുഎന്‍ പൊതുസഭാ വാര്‍ഷിക സമ്മേളനം; ലോകനേതാക്കള്‍ വീഡിയോ സന്ദേശങ്ങള്‍ അയച്ചാല്‍ മതി

ന്യൂയോര്‍ക്ക് സിറ്റി| കൊവിഡ് 19ന്റെ ഡെല്‍റ്റ വകഭേദം പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ അടുത്ത മാസം ന്യൂയോര്‍ക്കില്‍ വെച്ചുനടക്കേണ്ട യുഎന്‍ പൊതുസഭയുടെ വാര്‍ഷിക സമ്മേളനം വെര്‍ച്വല്‍ പ്ലാറ്റ്‌ഫോം വഴി മതിയെന്ന് യുഎസ്, ലോക നേതാക്കളോട് അഭ്യര്‍ത്ഥിച്ചു. യുഎന്‍ ജനറല്‍ സംവാദം സെപ്തംബര്‍ 21 ന് ആരംഭിച്ച് സെപ്തംബര്‍ 27 വരെ ഉണ്ടാകും. യുഎന്‍ പുറത്തിറക്കിയ യുഎന്‍ ജനറല്‍ അസംബ്ലിയുടെ 76 -ാമത് സെഷനില്‍ ജനറല്‍ സംവാദത്തിനുള്ള പ്രഭാഷകരുടെ ആദ്യ താല്‍ക്കാലിക പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിക്കും.

യുഎന്നിലെ യുഎസ് അംബാസഡര്‍ ലിന്‍ഡ തോമസ്-ഗ്രീന്‍ഫീല്‍ഡ് ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കുന്നവരുടെയും ന്യൂയോര്‍ക്ക് നിവാസികളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനായി അവരുടെ രാജ്യം ഒരു സുപ്രധാന ഉത്തരവാദിത്തം വഹിക്കുന്നുവെന്ന് കാണിച്ച് യുഎന്നിലെ 193 അംഗരാജ്യങ്ങള്‍ക്ക് ഒരു കത്തെഴുതിയിട്ടുണ്ട്. യുഎസിലും ന്യൂയോര്‍ക്ക് നഗരത്തിലും കൊവിഡ് കേസുകളും ആശുപത്രിവാസവും ഗണ്യമായി വര്‍ദ്ധിക്കുകയാണ്. നിലവില്‍ ഏറ്റവും ഉയര്‍ന്ന രീതിയിലാണ് കൊവിഡ് പകരുന്നത്. നിലവിലെ ആരോഗ്യ ആശങ്കകളുടെ വെളിച്ചത്തില്‍ എല്ലാ അംഗരാജ്യങ്ങളിലെ തലവന്മാരുടെയും പ്രസ്താവനകള്‍ വീഡിയോ വഴി ഡെലിവറി ചെയ്യുന്നതാണ് അഭികാമ്യമെന്ന് അധികൃതര്‍ വ്യക്തമാക്കി.

ജനറല്‍ സംവാദത്തിന് പ്രതിനിധികള്‍ ന്യൂയോര്‍ക്കിലേക്ക് പോകാന്‍ തീരുമാനിക്കുകയാണെങ്കില്‍ പ്രതിനിധിസംഘങ്ങള്‍ ഏറ്റവും കുറഞ്ഞ യാത്രക്കാരെ കൊണ്ടുവരണമെന്നായിരുന്നു നേരത്തെ യുഎസ് പറഞ്ഞിരുന്നത്. അമേരിക്കന്‍ നേതാവെന്ന നിലയില്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ സെഷന്‍ നേരിട്ട് അഭിസംബോധന ചെയ്യും. പ്രഭാഷകരുടെ ആദ്യ താല്‍ക്കാലിക പട്ടിക പ്രകാരം 167 രാഷ്ട്രത്തലവന്മാരും സര്‍ക്കാര്‍ മേധാവികളും 29 മന്ത്രിമാരും നയതന്ത്രജ്ഞരും യുഎന്‍ പൊതു ചര്‍ച്ചയില്‍ സംസാരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

 



source https://www.sirajlive.com/un-general-assembly-annual-meeting-all-world-leaders-need-to-do-is-send-video-messages.html

Post a Comment

Previous Post Next Post