ഇ-റുപ്പി ഡിജിറ്റല്‍ പേയ്‌മെന്റ് പ്ലാറ്റ്ഫോം ഇന്ന് അവതരിപ്പിക്കും

ന്യൂഡല്‍ഹി | ഇ-റുപ്പി ഡിജിറ്റല്‍ പേയ്മെന്റ് പ്ലാറ്റ്ഫോം ഇന്ന് അവതരിപ്പിക്കുമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. കേന്ദ്ര സര്‍ക്കാറിന്റെ സഹകരണത്തോടെ നാഷണല്‍ പേയ്മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയാണ് പ്ലാറ്റ്ഫോം വികസിപ്പിച്ചത്. കൊവിഡ് സാഹചര്യത്തില്‍ വൈകുന്നേരം 4.30 ന് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് ഡിജിറ്റല്‍ പേയ്‌മെന്റ് പ്ലാറ്റ്ഫോം അവതരണ പരിപാടി നടത്തുകയെന്ന് പ്രധാന മന്ത്രി അറിയിച്ചു. ഇ-റുപ്പി ഡിജിറ്റല്‍ പേയ്‌മെന്റ് ആപ്പ് നാഷണല്‍ പേയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ അതിന്റെ യു പി ഐ പ്ലാറ്റ്‌ഫോമിലാണ് വികസിപ്പിച്ചെടുത്തത്. ധനകാര്യ സേവന വകുപ്പ്, ആരോഗ്യം, കുടുംബ ക്ഷേമം, ദേശീയ ആരോഗ്യ അതോറിറ്റി എന്നിവയുടെ സഹകരണവും പ്ലാറ്റ്ഫോം വികസിപ്പിക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചിട്ടുണ്ട്.

പണം കൈമാറാനുള്ള കാഷ്ലസ് കോണ്‍ടാക്റ്റ്ലെസ് പ്ലാറ്റ്‌ഫോം എന്ന പേരിലാണ് ഇ-റുപ്പിയെ അവതരിപ്പിക്കുന്നത്. ഗുണഭോക്താക്കളുടെ മൊബൈലിലേക്ക് കൈമാറുന്ന ക്യുആര്‍ കോഡ്, എസ്എംഎസ് സ്ട്രിങ് എന്നിവ അടിസ്ഥാനമാക്കിയുള്ള ഇ-വൗച്ചറാണിത്. തടസ്സമില്ലാത്ത ഒറ്റത്തവണ പേയ്‌മെന്റ് സംവിധാനം ഇ-റുപ്പിയിലൂടെ സാധ്യമാകുമെന്നാണ് ഔദ്യോഗിക വിലയിരുത്തല്‍. വൗച്ചര്‍ ഡിജിറ്റല്‍ പേയ്‌മെന്റ് ആപ്പ് അല്ലെങ്കില്‍ ഇന്റര്‍നെറ്റ് ബേങ്കിംഗ് ആക്‌സസ് ഇല്ലാതെ ഉപയോക്താക്കള്‍ക്ക് റിഡീം ചെയ്യാനും കഴിയും.

മാതൃ-ശിശു ക്ഷേമ പദ്ധതികള്‍, ക്ഷയരോഗ നിര്‍മാര്‍ജന പരിപാടികള്‍, ആയുഷ്മാന്‍ ഭാരത് പ്രധാന മന്ത്രി ജന്‍ ആരോഗ്യ യോജന, വളം സബ്സിഡികള്‍ തുടങ്ങിയവയും മരുന്നുകളും പോഷകാഹാര പിന്തുണയും നല്‍കുന്ന പദ്ധതികള്‍ക്കു കീഴില്‍ സേവനങ്ങള്‍ നല്‍കാനും ഇ-റുപ്പി ഉപയോഗിക്കാം. ക്ഷേമ സേവനങ്ങള്‍ യാതൊരു പ്രശ്നവും ഇല്ലാതെ ആളുകളിലേക്ക് എത്തിക്കുന്ന വിപ്ലവകരമായ സംരംഭമാണ് ഇ-റുപ്പി എന്നാണ് പ്രധാന മന്ത്രി ട്വിറ്ററില്‍ കുറിച്ചത്.



source http://www.sirajlive.com/2021/08/02/491843.html

Post a Comment

Previous Post Next Post