കേരള രാഷ്ട്രീയം നേരിടുന്ന ഏറ്റവും പുതിയ അപചയം ക്രിമിനലിസത്തിന്റെ കടന്നുകയറ്റമാണ്. രാഷ്ട്രീയ അവബോധവും ജനാധിപത്യ മൂല്യങ്ങളും ഉള്‍ക്കൊണ്ട്, സാമൂഹിക സേവനത്തിന്റെയും മാനവികതയുടെയും പ്രയോക്താക്കളാകേണ്ടവരാണ് രാഷ്ട്രീയ സംഘടനകളും നേതാക്കളും പ്രവര്‍ത്തകരുമെല്ലാം. എന്നാല്‍ ഇപ്പോഴത്തെ അവസ്ഥ പരിശോധിക്കുമ്പോള്‍ അടിയന്തര ശസ്ത്രക്രിയ വേണ്ട വിധത്തിലാണ് കാര്യങ്ങള്‍ എത്തിപ്പെട്ടിരിക്കുന്നത്.
കേരള രാഷ്ട്രീയം മുമ്പെങ്ങുമില്ലാത്ത വിധം ക്രിമിനല്‍വത്കരണത്തിലേക്ക് പിഴുതുമാറ്റപ്പെടുന്ന ദുരന്ത സാഹചര്യം ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പോട് കൂടി ശക്തിപ്പെട്ടിരിക്കുകയാണ്. രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് പുകിള്‍പെറ്റ നമ്മുടെ നാട്, ഇപ്പോള്‍ കേവല കക്ഷി രാഷ്ട്രീയ സംഘട്ടനങ്ങള്‍ക്കപ്പുറം കള്ളക്കടത്ത്, കവര്‍ച്ച, ബലാത്സംഗം, മയക്കുമരുന്ന് വിപണനം, പെണ്‍വാണിഭം തുടങ്ങി അതീവ ഗൗരവതരമായ ക്രിമിനല്‍ പശ്ചാത്തലത്തിലേക്ക് മാറിയിരിക്കുകയാണ്.
ജനാധിപത്യ സംവിധാനത്തില്‍ സമരങ്ങള്‍ക്ക് അതിന്റേതായ ഇടം ഉണ്ട് എന്നത് ശരിയാണ്. ഏകാധിപത്യത്തിന്റെ മറു ചേരിയിലാണ് ജനാധിപത്യം. ജനങ്ങളുടെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ ഭരണകൂടത്തില്‍ നിന്ന് ഉണ്ടാകുമ്പോള്‍ അതിനെതിരെയുള്ള പ്രതികരണങ്ങള്‍ ഉയര്‍ന്നു വരേണ്ടതുണ്ട്. അപ്പോള്‍ മാത്രമേ ജനാധിപത്യം അര്‍ഥപൂര്‍ണമാകുകയുള്ളൂ. ജനാധിപത്യ പ്രക്രിയകളിലെ ഇത്തരം സമരങ്ങളെയും പ്രതികരണങ്ങളെയും വൈകാരിക പ്രക്ഷോഭങ്ങളാക്കി മാറ്റപ്പെടുന്നത് രാഷ്ട്രീയ ക്രിമിനലിസത്തിന്റെ വളര്‍ച്ചക്ക് കാരണമാകുന്നു. പാര്‍ട്ടി ഗ്രാമങ്ങള്‍ മുതല്‍ പാര്‍ട്ടി ക്യാമ്പസുകള്‍ വരെ നിലനിര്‍ത്തുന്നതിന് വേണ്ടി നടന്നു വരുന്ന ജനാധിപത്യ വിരുദ്ധമായ അക്രമാസക്ത പ്രവര്‍ത്തനങ്ങള്‍ നല്‍കുന്ന സന്ദേശങ്ങളും മറിച്ചൊന്നല്ല.
കുറവുകള്‍ ഉണ്ടെങ്കിലും ജനാധിപത്യത്തിന്റെയും മാനവികതയുടെയും പക്ഷത്ത് നില്‍ക്കുന്ന രാഷ്ട്രീയ നേതാക്കളും പ്രവര്‍ത്തകരും എല്ലാ പാര്‍ട്ടിയിലും ഉണ്ട് എന്നത് കേരള രാഷ്ട്രീയത്തിന്റെ സവിശേഷതയാണ്. അതുകൊണ്ട് തന്നെ അയല്‍ സംസ്ഥാനങ്ങളില്‍ പോലും കൊടികുത്തി വാഴുന്ന പണാധിപത്യ, ഗുണ്ടാ രാഷ്ട്രീയത്തിന് ഈ മണ്ണ് വേണ്ടത്ര പാകമായിരുന്നില്ല. എന്നാലിന്ന് കാര്യങ്ങള്‍ അത്ര സുഖകരമല്ല എന്നിടത്താണുള്ളത്.
വലതുപക്ഷ ഫാസിസത്തിന്റെ പ്രകടമായ കടന്നുകയറ്റം ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ വ്യാപകമായി ഉണ്ടായി. ജനാധിപത്യ സംവിധാനത്തെ അട്ടിമറിക്കുന്ന വിധം പണം കൊടുത്ത് വിലക്കു വാങ്ങാവുന്നതാണ് അധികാരം എന്ന സന്ദേശമാണ് ബി ജെ പി കേരളത്തിലെ വോട്ടര്‍മാര്‍ക്ക് നല്‍കിയത്. കേവല ഭൂരിപക്ഷത്തിന്റെ പകുതി പോലും എത്തില്ലെങ്കിലും 35 സീറ്റ് കിട്ടിയാല്‍ ഭരണം പിടിക്കുമെന്ന രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റിന്റെ പ്രഖ്യാപനം ജനാധിപത്യത്തിന് നേരേയുള്ള ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു. സ്ഥാനാര്‍ഥികളെ വില കൊടുത്തു വാങ്ങുക, വോട്ട് ചെയ്യാനും ചെയ്യാതിരിക്കാനും പണം നല്‍കുക, ഇതിനായി കോടിക്കണക്കിന് കള്ളപ്പണം ഇറക്കുക, ഹെലികോപ്റ്റര്‍ ഉപയോഗിച്ച് സംസ്ഥാന പ്രസിഡന്റ് തന്നെ കള്ളപ്പണ വിതരണത്തിന്റെ ചുമതലക്കാരനാകുക, കള്ളപ്പണം വിതരണം ചെയ്യാനും കവര്‍ച്ച നടത്താനും ഗുണ്ടകളെ തീറ്റിപ്പോറ്റുക തുടങ്ങി സകലമാന ക്രിമിനല്‍ പ്രവര്‍ത്തനങ്ങളും കേരള മണ്ണില്‍ തിമര്‍ത്താടി. പ്രബുദ്ധ കേരളം ഇത്തരം പണാധിപത്യ പ്രവണതകളെ വേണ്ട വിധം കൈകാര്യം ചെയ്തു എന്നത് ജനാധിപത്യ വിശ്വാസികള്‍ക്ക് സന്തോഷകരമായ വാര്‍ത്തയാണ്. പക്ഷേ, ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് കേരളം പയ്യെ പയ്യെ പാകപ്പെട്ടു വരുന്നു എന്നത് ഭീതിപ്പെടുത്തുന്നതാണ്.
രാഷ്ട്രീയ ഗുണ്ടാവത്കരണത്തില്‍ പുതിയ തലമുറ ആകൃഷ്ടരാകുന്നു എന്നതാണ് ഏറ്റവും പുതിയ അപചയം. ഫാസിസ്റ്റ് കക്ഷികള്‍ പണം വാരിവിതറി ചെറുപ്പക്കാരെ ആകര്‍ഷിക്കുമ്പോള്‍ അതിനെതിരെ നൈതികമായ, മാനവികമായ പ്രതിരോധം നടത്താന്‍ ആളില്ലാതെ പോകുന്നു. ആഡംബര ജീവിതം നയിക്കാന്‍ ഏത് മാര്‍ഗവും സ്വീകരിക്കുന്ന പുതുതലമുറ രാഷ്ട്രീയ പാര്‍ട്ടികളുടെ മേല്‍വിലാസത്തില്‍ അറിയപ്പെടുന്നത് ആശങ്കയുണര്‍ത്തുന്നുണ്ട്. നേതാക്കളുടെ വീരഗാഥകളാല്‍ ആവേശ മുഖരിതമാകുന്ന പുതു തലമുറ പോര്‍ക്കളങ്ങള്‍ തീര്‍ക്കുമ്പോള്‍, പട്ടാളച്ചട്ടയണിയുമ്പോള്‍ സ്വന്തം പാര്‍ട്ടികള്‍ തന്നെ പ്രതിരോധത്തിലാകുന്നു. ക്രിമിനല്‍ കേസുകളില്‍ പിടിക്കപ്പെടുന്ന പ്രതികള്‍ക്കുള്ള രാഷ്ട്രീയ ബന്ധങ്ങള്‍ ഗൗരവമായി ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. ഇത്തരം കേസുകളില്‍ ഉയര്‍ന്നു വരുന്ന പ്രതിഷേധങ്ങളാകട്ടെ, എതിര്‍ പാര്‍ട്ടികളെ എങ്ങനെ പ്രതിരോധത്തിലാക്കാം എന്ന തലത്തില്‍ പരിമിതപ്പെടുന്നു. കേവല രാഷ്ട്രീയ ആരോപണ പ്രത്യാരോപണത്തില്‍ ഒതുങ്ങുന്നതിനാല്‍ അടിസ്ഥാന ലക്ഷ്യം നേടാതെ പോകുന്നു.
രാഷ്ട്രീയ കൊലപാതകങ്ങള്‍ ഇത്തരം ക്രിമിനലുകളെ വളര്‍ത്തുന്നതില്‍ ചെറുതല്ലാത്ത പങ്കാണ് വഹിക്കുന്നത്. കൊലപാതക കേസുകളില്‍ പ്രതി ചേര്‍ക്കപ്പെടുന്നവര്‍ അനുഭവിക്കുന്ന സാമൂഹിക ഭ്രഷ്ട് അവരെ സാമൂഹിക വിരുദ്ധ കൂട്ടുകെട്ടുകളിലേക്കും കുറ്റകൃത്യങ്ങളിലേക്കും ചെന്നെത്തിക്കുന്നു. ഗുണ്ടാസംഘങ്ങളായി മാറുന്ന ഇക്കൂട്ടര്‍ കവര്‍ച്ചയും സ്വര്‍ണക്കടത്തും മറ്റും സമ്പാദന മാര്‍ഗങ്ങളായി അവലംബിക്കുന്നു. ആഢംബര ജീവിതത്തിന് എരിവ് പകരാന്‍ മയക്കുമരുന്ന്, ലൈംഗിക ചൂഷണങ്ങള്‍, ബലാല്‍സംഗങ്ങള്‍ വരെ. ജയിലിനകത്തായാലും പുറത്തായാലും ഇത്തരം ക്രിമിനല്‍ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നത് മാഫിയാ സംഘങ്ങളാണ്. ഇത്തരം ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ ഏത് പാര്‍ട്ടിയിലായാലും അവര്‍ പാര്‍ട്ടിയാല്‍ തന്നെ സംരക്ഷിക്കപ്പെടുന്നതും ക്രിമിനല്‍ മാഫിയാ സംഘങ്ങളുടെ വളര്‍ച്ച എളുപ്പമാക്കുന്നു. എല്ലാ പാര്‍ട്ടികളും അവരവരുടെ കരുത്തിനനുസരിച്ച് 51 വെട്ടിയും ഒറ്റക്കുത്തിനുമൊക്കെ തങ്ങളുടെ ഭാഗധേയം വഹിച്ചിട്ടുണ്ട്.
പാര്‍ട്ടി വേദികളിലും നേതാക്കളോടൊപ്പമുള്ള സെല്‍ഫികളിലും സ്ഥിരത നേടിയവരാണ് കുറ്റകൃത്യങ്ങളില്‍, കേസുകളില്‍ പിടിക്കപ്പെടുന്നത്. ചെഗുവേരയുടെ പച്ചകുത്തിയും പാര്‍ട്ടി ചിഹ്നത്തെ സ്വര്‍ണമാലയാക്കി കഴുത്തിലണിഞ്ഞും പാര്‍ട്ടി വിധേയത്വം പ്രകടിപ്പിക്കുന്നവര്‍ ക്രിമിനല്‍ പശ്ചാത്തലത്തില്‍ വളരുന്നത് അനുവദിക്കപ്പെടുന്നുവെങ്കില്‍ കേരളം വൈകാതെത്തന്നെ വലതുപക്ഷ ഫാസിസത്തിന്റെ ആവാസ കേന്ദ്രമാകും.
ആരോപണ പ്രത്യാരോപണങ്ങള്‍ മാറ്റിവെച്ച് തുറന്ന ചര്‍ച്ചകള്‍ക്ക് രാഷ്ട്രീയ നേതൃത്വം മുന്നോട്ട് വരേണ്ടതുണ്ട്. ഭരണകക്ഷിക്കും പ്രതിപക്ഷ കക്ഷിക്കും ഇക്കാര്യത്തില്‍ സുപ്രധാന ഉത്തരവാദിത്വമാണുള്ളത്. തങ്ങളുടെ പാര്‍ട്ടി പതാക ഒരിക്കല്‍ പോലും ക്രിമിനലുകളുടെ കൈകളില്‍ ഉണ്ടാകരുത് എന്ന ഉറച്ച നിലപാട് പാര്‍ട്ടികള്‍ കൈക്കൊള്ളാത്ത കാലത്തോളം എല്ലാ പാര്‍ട്ടികളും പ്രതിക്കൂട്ടില്‍ തന്നെയാണ്. മാധ്യമങ്ങളും എതിര്‍ പാര്‍ട്ടികളും തങ്ങളെ പ്രതിരോധത്തിലാക്കാന്‍ വേണ്ടി മെനയുന്ന കള്ളക്കഥകളാണ് ഇതെല്ലാമെന്ന് പറഞ്ഞ് ലാഘവ ബുദ്ധിയോടെ സമീപിച്ചാല്‍ കേരളത്തിന്റെ രാഷ്ട്രീയ സൗന്ദര്യം വികൃതമാക്കപ്പെടും. അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ സക്രിയ ഇടപെടല്‍ നടത്താന്‍ എല്ലാ പാര്‍ട്ടികള്‍ക്കും ബാധ്യതയുണ്ട്. ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്കുള്ള അഭയകേന്ദ്രമായി പാര്‍ട്ടികള്‍ മാറിക്കൂടാ. ജനാധിപത്യ, മാനവിക മൂല്യങ്ങളുടെ അറിവുകള്‍ പാര്‍ട്ടി പതാകയേന്തുന്നവര്‍ക്ക് പകര്‍ന്നു നല്‍കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ മുന്നോട്ട് വരേണ്ടിയിരിക്കുന്നു. ജനാധിപത്യ, മാനവിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ പുതുതലമുറക്ക് പഠിപ്പിക്കാന്‍ ആവശ്യമായ സംവിധാനങ്ങള്‍ പാര്‍ട്ടി വേദികളില്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. അല്ലാത്തപക്ഷം സമാധാന ജീവിതം എന്നത് ഇന്നലെകളിലെ ഓര്‍മകളില്‍ മാത്രമായൊതുങ്ങും.
source https://www.sirajlive.com/political-humanism-and-criminalism.html
Post a Comment