‘കൂട്ടിലടച്ച തത്ത’യുടെ മോചനം അകലെ

സി ബി ഐയുടെ സ്വാതന്ത്ര്യമില്ലായ്മ വീണ്ടും ജുഡീഷ്യറിയുടെ വിമര്‍ശത്തിനു വിധേയമായിരിക്കുന്നു. 2013ല്‍ കല്‍ക്കരി കുംഭകോണ കേസില്‍, കൂട്ടിലടച്ച തത്തയാണ് സി ബി ഐയെന്നും അതിനെ തുറന്നുവിട്ട് സ്വതന്ത്രമാക്കണമെന്നും കേന്ദ്ര സര്‍ക്കാറിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. ഇപ്പോള്‍ രാമനാഥപുരം ജില്ലയില്‍ നടന്ന ചിട്ടിത്തട്ടിപ്പുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കവെ മദ്രാസ് ഹൈക്കോടതിയും ഉന്നയിച്ചിരിക്കുന്നു ഇതേ ആവശ്യം. പാര്‍ലിമെന്റിനോട് മാത്രം ഉത്തരവാദിത്വമുള്ള, സി എ ജി, തിരഞ്ഞെടുപ്പ് കമ്മീഷന്‍ എന്നിവക്കു സമാനമായ സ്വയംഭരണാധികാരമുള്ള സംവിധാനമായി പ്രവര്‍ത്തിക്കാന്‍ സി ബി ഐക്ക് സാധ്യമാകണം. കൂട്ടിലടച്ച തത്തയെ പറത്തിവിടേണ്ട സമയമായെന്നാണ് മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ച് പ്രസ്താവിച്ചത്.

അമേരിക്കയിലെ എഫ് ബി ഐയെയും ബ്രിട്ടനിലെ സ്‌കോട്ട്്ലാന്‍ഡ് യാര്‍ഡിനെയും പോലെ സി ബി ഐക്ക് അത്യാധുനിക സൗകര്യങ്ങള്‍ ലഭ്യമാക്കുകയും ഇതിനെ കൂടുതല്‍ ശക്തിപ്പെടുത്തുകയും വേണം. കൂടുതല്‍ അധികാരവും അധികാര പരിധിയും നല്‍കുന്ന തരത്തില്‍ പ്രത്യേക നിയമം കൊണ്ടുവരണം. പ്രമാദമായ കേസുകളിലും, പോലീസ് അന്വേഷണം ശരിയായി നടക്കാതിരിക്കുമ്പോഴും സി ബി ഐ അന്വേഷണം വേണമെന്ന ആവശ്യം ഉയര്‍ന്നുവരാറുണ്ട്. ദിനംപ്രതി ഇത്തരം ആവശ്യം വര്‍ധിക്കുകയാണ്. എന്നാല്‍, സി ബി ഐ അന്വേഷണത്തിനായി നിരന്തരം കേസുകള്‍ കൈമാറിയിട്ടും, മതിയായ സൗകര്യമോ ആള്‍ബലമോ ഇല്ലാത്തതിനാല്‍ യഥാസമയം അന്വേഷണം നടത്താന്‍ കഴിയാത്ത സാഹചര്യമുണ്ട്. അന്വേഷണത്തിലും പ്രതിഫലിക്കും ഈ അപര്യാപ്തതകളും സൗകര്യക്കുറവും. ഇവ പരിഹരിക്കാന്‍ ഉടനടി നടപടി വേണമെന്നും സി ബി ഐക്ക് പ്രത്യേക ബജറ്റ് വിഹിതം ലഭ്യമാക്കണമെന്നും ജസ്റ്റിസുമാരായ എന്‍ കൃപാകരന്‍, ബി പുകളേന്തി എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് ആവശ്യപ്പെട്ടു. ഈ അന്വേഷണ ഏജന്‍സിക്ക് നല്ല രീതിയില്‍ പ്രവര്‍ത്തിക്കാന്‍ എന്തെല്ലാം ആവശ്യമാണെന്നും എത്രയാളുകള്‍ വേണമെന്നുമുള്ള കാര്യങ്ങള്‍ അറിയിക്കണമെന്നും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. സാമ്പത്തിക തട്ടിപ്പു കേസുകള്‍ അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ വേണ്ടത്ര വിദഗ്ധരാണോ? ബന്ധപ്പെട്ട വിഷയങ്ങള്‍ എത്രകണ്ട് ആഴത്തില്‍ അവര്‍ പഠിച്ചിട്ടുണ്ട്? പല കേസുകളിലെയും പ്രതികളെ കോടതി വെറുതെ വിടുന്നു. ഈ ദുര്യോഗത്തിനു കാരണമെന്ത്? തുടങ്ങിയ ചോദ്യങ്ങളും ഹൈക്കോടതി ഉന്നയിച്ചു.

രാജ്യത്തെ ഏറ്റവും ഉയര്‍ന്ന അന്വേഷണ ഏജന്‍സിയാണ് സി ബി ഐ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍. 1963 ഏപ്രില്‍ ഒന്നിന് ആഭ്യന്തര മന്ത്രാലയത്തിനു കീഴിലാണ് അഴിമതി തടയാനുള്ള വിഭാഗം, പ്രത്യേക കുറ്റകൃത്യങ്ങള്‍ തെളിയിക്കാനുള്ള വിഭാഗം എന്നിങ്ങനെ രണ്ട് അന്വേഷണ വിഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന സി ബി ഐ നിലവില്‍ വന്നത്. പ്രധാനമന്ത്രി നിയന്ത്രിക്കുന്ന കേന്ദ്ര പേഴ്സനല്‍, പബ്ലിക് ഗ്രിവന്‍സസ് ആന്‍ഡ് പെന്‍ഷന്‍സ് വകുപ്പിനു കീഴിലാണ് ഇപ്പോള്‍ ഈ അന്വേഷണ ഏജന്‍സി പ്രവര്‍ത്തിക്കുന്നത്. ദുര്‍ഘടമായ നിരവധി കൊലക്കേസുകള്‍ തെളിയിക്കാനും അഴിമതിക്കാരുടെ മുഖംമൂടി വലിച്ചൂരാനും ഈ ഏജന്‍സിക്കു കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ കേന്ദ്രത്തിന്റെ ചട്ടുകമായും കേന്ദ്ര ഭരണകക്ഷിയെ രാഷ്ട്രീയമായി എതിര്‍ക്കുന്നവരെ വേട്ടയാടുന്നതിനുള്ള ഉപകരണമായും സി ബി ഐ മാറിയെന്ന ആരോപണം സമീപകാലത്ത് ശക്തമാണ്. കേന്ദ്രം ഭരിക്കുന്നവര്‍ അധികാരം നിലനിര്‍ത്താനും അതിനെ അലോസരപ്പെടുത്തുന്ന അന്വേഷണങ്ങള്‍ ഒതുക്കാനും രാഷ്ട്രീയ എതിരാളികളെ ബ്ലാക്ക്മെയില്‍ ചെയ്യാനും സി ബി ഐയെ ദുരുപയോഗപ്പെടുത്തിയതിന്റെ കഥകള്‍ നിരവധി ചൂണ്ടിക്കാണിക്കാനുമുണ്ട്.

2013ല്‍ കല്‍ക്കരി അഴിമതി കേസിലാണ് സി ബി ഐയുടെ ഭരണകക്ഷി വിധേയത്വം കൂടുതല്‍ പ്രകടമായത്. അന്ന് നിയമ മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം ഭരണകക്ഷിയിലെ കുറ്റാരോപിതര്‍ക്ക് രക്ഷപ്പെടാവുന്ന വിധത്തില്‍ അന്വേഷണ റിപ്പോര്‍ട്ടില്‍ കാതലായ മാറ്റങ്ങള്‍ വരുത്തി. അത് കോടതി കണ്ടെത്തുകയും ചെയ്തു. ഈ കേസിലാണ് ജസ്റ്റിസ് ആര്‍ എം ലോധ “സി ബി ഐയെ യജമാനന്റെ ഭാഷയില്‍ മാത്രം സംസാരിക്കുന്ന കൂട്ടിലടച്ച തത്ത’യെന്ന് നിശ്ചിത ഭാഷയില്‍ വിമര്‍ശിച്ചത്. ബാബരി മസ്ജിദ് തകര്‍ത്ത കേസിലും സി ബി ഐയുടെ കളികൊണ്ടാണ് മുഴുവന്‍ പ്രതികളെയും നിരുപാധികം വെറുതെ വിടാന്‍ ഇടയായത്. തെളിവുകളുടെ ലഭ്യതക്കുറവല്ല, അവ ശരിയായി സമര്‍പ്പിക്കുന്നതിലും കോടതിയുടെ അംഗീകാരം നേടിയെടുക്കുന്നതിലും അന്വേഷണ ഏജന്‍സിക്ക് സംഭവിച്ച വീഴ്ചയാണ് കുറ്റാരോപിതര്‍ രക്ഷപ്പെടാനിടയാക്കിയത്.

2018 ഒക്‌ടോബറില്‍ സി ബി ഐ ആസ്ഥാനം അര്‍ധരാത്രിയില്‍ പോലീസ് വളഞ്ഞ് അതിന്റെ ചുമതല വഹിക്കുന്ന ഡയറക്ടറുടെയും സ്‌പെഷ്യല്‍ ഡയറക്ടറുടെയും മുറി മുദ്രവെച്ചതും അന്നത്തെ സി ബി ഐ ഡയറക്ടര്‍ അലോക്‌വര്‍മയെയും സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനെയും തത്്സ്ഥാനങ്ങളില്‍ നിന്ന് നീക്കിയതും ഈ അന്വേഷണ ഏജന്‍സിയുടെ പ്രതിഛായക്ക് മങ്ങലേല്‍പ്പിച്ചു. റാഫേല്‍ യുദ്ധവിമാന കരാര്‍ അടക്കം നിര്‍ണായകമായ അന്വേഷണങ്ങള്‍ നടത്താനുള്ള നീക്കത്തിലായിരുന്നു അലോക് വര്‍മ. രാകേഷ് അസ്താനയാകട്ടെ മോദി ഭരണത്തില്‍ പല ക്രമക്കേടുമുണ്ടെന്ന് കണ്ടെത്തി അന്വേഷണം ശക്തമാക്കാനുള്ള ശ്രമത്തിലും. ഇതിനിടെയായിരുന്നു സി ബി ഐ ആസ്ഥാനത്തെ പാതിരാനാടകം. സി ബി ഐ ആരുടെയൊക്കെയോ തടവറയിലായതിന്റെ പരിണതിയായിരുന്നു ഈ നടപടികള്‍.
കല്‍ക്കരി കുംഭകോണ കേസില്‍ സി ബി ഐയെ സ്വതന്ത്ര ഏജന്‍സിയാക്കണമെന്ന സുപ്രീം കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അന്ന് കേന്ദ്ര മന്ത്രി പി ചിദംബരത്തിന്റെ അധ്യക്ഷതയിലുള്ള സമിതി ചില നിര്‍ദേശങ്ങള്‍ തയ്യാറാക്കി സമര്‍പ്പിച്ചിരുന്നു. സി ബി ഐ ഡയറക്ടറെ നിയമിക്കാനുള്ള അധികാരം പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും ചീഫ് ജസ്റ്റിസും അടങ്ങുന്ന കൊളീജിയത്തിനായിരിക്കുക, പ്രസിഡന്റിന് മാത്രമേ ഡയറക്ടറെ നീക്കാനുള്ള അധികാരമുണ്ടായിരിക്കുകയുള്ളൂ തുടങ്ങിയവയായിരുന്നു നിര്‍ദേശങ്ങള്‍. ഇത് നടപ്പായില്ല. മദ്രാസ് ഹൈക്കോടതി വിധിയുടെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിക്കാനിരിക്കുന്നത്. സി ബി ഐയെ ഒരു സ്വതന്ത്ര ഏജന്‍സിയാക്കി മാറ്റാന്‍ കേന്ദ്രം മുന്നോട്ടുവരാനുള്ള സാധ്യത കുറവാണ്. അത് കൂട്ടിലെ തത്തയായി തന്നെ തുടരും.



source https://www.sirajlive.com/the-release-of-the-39-caged-parrot-39-is-far-away.html

Post a Comment

Previous Post Next Post