സംഘടനാകാര്യങ്ങളില്‍ പരിഗണിക്കുക സുധാകരന്റേയും സതീശന്റേയും നിലപാട്; ഗ്രൂപ്പ് നേതാക്കള്‍ക്ക് മുന്നറിയിപ്പുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി | സംസ്ഥാന കോണ്‍ഗ്രസില്‍ വിമതസ്വരം ഉയര്‍ത്തുന്നവര്‍ക്ക് മുന്നറിയിപ്പുമായി രാഹുല്‍ ഗാന്ധി. സംഘടനാകാര്യങ്ങളില്‍ പരിഗണിക്കുക കെപിസിസി അധ്യക്ഷന്‍ ഡിസിസി അധ്യക്ഷന്‍ കെ സുധാകരന്റേയും പ്രതിപക്ഷ നേതാവ് വി ഡി സതീശന്റേയും നിലപാടാണെന്നും ഇക്കാര്യത്തില്‍ വിട്ടുവീഴ്ചക്കില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഡി സി സി പട്ടിക സംബന്ധിച്ച തീരുമാനം അനുസരിക്കണമെന്ന് കോണ്‍ഗ്രസ് നേതാക്കളോട് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

ഡിസിസി അധ്യക്ഷന്മാരുടെ പട്ടിക പുറത്ത് വന്നതിന് പിന്നാലെ കോണ്‍ഗ്രസിനുള്ളില്‍ കലഹം രൂക്ഷമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇന്നലെ രാത്രി രാഹുല്‍ ഗാന്ധി തന്നെ നേതാക്കളെ നേരിട്ട് വിളിച്ച് ഹൈക്കമാന്‍ഡ് നിര്‍ദേശം അറിയിച്ചത്. ഉമ്മന്‍ ചാണ്ടിക്കും ചെന്നിത്തലക്കും മുതിര്‍ന്ന നേതാക്കള്‍ എന്ന പരിഗണനയുണ്ടാകുമെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

അതേസമയം, കെപിസിസിയില്‍ പരമാവധി 50 പേര്‍ മതിയെന്ന നിലപാട് കര്‍ശനമാക്കിയിരിക്കുകയാണ് ഹൈക്കമാന്‍ഡ്. നാല് ഉപാധ്യക്ഷര്‍, 15 ജനറല്‍ സെക്രട്ടറിമാര്‍, ട്രഷറര്‍, 25 എക്‌സിക്ക്യൂട്ടീവ് അംഗങ്ങള്‍ എന്നീ പദവികളാകും കെപിസിസിയില്‍ ഉണ്ടാകുക. സെപ്തംബര്‍ മൂന്നാം വാരത്തിന് മുന്‍പ് ഭാരവാഹികളെ പ്രഖ്യാപിക്കണമെന്ന് ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചിട്ടുണ്ട്.



source https://www.sirajlive.com/consider-the-position-of-sudhakaran-and-satheesan-in-organizational-matters-rahul-gandhi-warns-group-leaders.html

Post a Comment

Previous Post Next Post