കാലിക്കറ്റ് സര്‍വകലാശാലയുടെ എം എ അറബിക് രണ്ടാം സെമസ്റ്റര്‍ ഹിസ്റ്ററി പാഠപുസ്തകത്തിലൂടെ സലഫിസ്റ്റ് ഭീകരതയെ വെളുപ്പിക്കാനും വഹാബിസത്തെ വെള്ളപൂശാനും മനഃപൂര്‍വം ശ്രമം നടക്കുന്നതായി പുറത്തുവന്നിരിക്കുകയാണ്. മുമ്പ് സ്‌കൂള്‍ അറബി പാഠപുസ്തകത്തിലൂടെ വഹാബിസം പ്രചരിപ്പിച്ചപ്പോള്‍ എസ് എസ് എഫിന്റെ നേതൃത്വത്തില്‍ ശക്തമായ സമരം നയിച്ച് പിന്‍വലിപ്പിച്ച ചരിത്രം നാം മറന്നിട്ടില്ല.
മുസ്‌ലിം ലോകത്ത് ചോരച്ചാലുകള്‍ തീര്‍ത്തും ബ്രിട്ടീഷുകാര്‍ക്കൊപ്പം ചേര്‍ന്ന് ഖിലാഫത്ത് തകര്‍ത്തും സാമ്രാജ്യത്വ ശക്തികള്‍ക്ക് ഏഷ്യന്‍ രാജ്യങ്ങളില്‍ അധിനിവേശം നടത്താന്‍ വഴിയൊരുക്കിയും പശ്ചിമേഷ്യയില്‍ ഉള്‍പ്പെടെ തീര്‍ത്താല്‍ തീരാത്ത സംഘര്‍ഷങ്ങള്‍ക്ക് വഴിമരുന്നിട്ടും വളര്‍ന്നുവന്ന ഒരു പ്രസ്ഥാനത്തെ ഒരു പാഠപുസ്തകത്തിന്റെ മറവിലിരുന്ന് വെളുപ്പിച്ചെടുക്കാം എന്നത് വ്യാമോഹം മാത്രമാണ്. അല്ലെങ്കിലും അത്ര പെട്ടെന്ന് കുടഞ്ഞൊഴിവാക്കാന്‍ പറ്റിയതല്ല വഹാബിസത്തിന്റെ ഈ ഭീകരമുദ്ര.
വഹാബിസം മുസ്‌ലിംകളെ ബഹുദൈവാരാധനയില്‍ നിന്ന് ശുദ്ധീകരിക്കാനും ദുരാചാരങ്ങളെ നിര്‍മാര്‍ജനം ചെയ്ത് നവോത്ഥാനത്തിന്റെ വഴിയിലേക്ക് നയിക്കാനും വന്ന പ്രസ്ഥാനം ആണെന്നും, മുസ്‌ലിംകളെ അവിശ്വാസികളായി പ്രഖ്യാപിച്ചുവെന്നതും മുസ്‌ലിംകളെ അറുകൊല നടത്തി എന്നതുമെല്ലാം ശത്രുക്കള്‍ പടച്ചുവിട്ട കള്ളപ്രചാരണങ്ങള്‍ ആണെന്നുമാണ് പാഠപുസ്തകത്തില്‍ എഴുതിപ്പിടിപ്പിച്ചത്. വസ്തുത എന്താണെന്ന് നമുക്ക് പരിശോധിക്കാം.
ക്രിസ്താബ്ദം 1703ല്‍ റിയാദിനടുത്ത നജ്ദിലെ ഉയയ്നയിലാണ് വഹാബി പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍ മുഹമ്മദ് ഇബ്നു അബ്ദുല്‍ വഹാബ് ജനിക്കുന്നത്. സ്വന്തം പിതാവ് അബ്ദുല്‍ വഹാബ് പണ്ഡിതനും ഖാളിയുമായിരുന്നു. പിതാവില്‍ നിന്ന് പഠനം ആരംഭിച്ച് ഒടുവില്‍ ബസ്വറയില്‍ എത്തി. അവിടെ വെച്ചാണ് തന്റെ പുതിയ ആശയം ആദ്യമായി പ്രഖ്യാപിക്കുന്നത്. പ്രവാചകന്മാരോടും സ്വഹാബത്ത് ഉള്‍പ്പെടെയുള്ള ഔലിയാക്കളോടും മുസ്‌ലിം ഉമ്മത്ത് കാത്തുസൂക്ഷിക്കുന്ന സ്നേഹവും ബഹുമാനവും അവരുടെ ഓര്‍മകള്‍ നിലനിര്‍ത്തുന്നതിനായി ആ മഹാന്മാരുടെ അന്ത്യ വിശ്രമ കേന്ദ്രങ്ങളെയും മറ്റു ചരിത്ര ശേഷിപ്പുകളെയും സംരക്ഷിക്കുന്നതും അവിടങ്ങളില്‍ സന്ദര്‍ശനം നടത്തുന്നതും മുസ്‌ലിം ലോകത്ത് നടന്നുവരുന്ന പ്രമാണബദ്ധമായ ആചാരമാണ്.
ഇത് വ്യക്തിപൂജയാണെന്നും വീരാരാധനയാണെന്നും വ്യാഖ്യാനിച്ച്, മുസ്‌ലിംകള്‍ ഒന്നടങ്കം ഏകദൈവ വിശ്വാസത്തില്‍ നിന്ന് ബഹുദൂരം അകന്നു പോകുകയും ബഹുദൈവ ആരാധകരായി മാറുകയും ചെയ്തിരിക്കുന്നു എന്ന അപകടകരമായ വാദമാണ് ഇദ്ദേഹം ആദ്യമായി ഉന്നയിച്ചത്. തുടര്‍ന്ന് തൗഹീദിന്റെ പുനഃസ്ഥാപനത്തിനു വേണ്ടി ജിഹാദ് നടത്തണമെന്നും അതിനായി നിലവിലുള്ള മുസ്‌ലിം ഭരണകൂടങ്ങളോട് പോരാടണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ബസ്വറയില്‍ നിന്ന് ഈ പുതിയ ആശയക്കാരനെ ജനം ഓടിച്ചുവിട്ടു. പിന്നീട് ഹുറയ്മിലയില്‍ എത്തി അൽ ഇഖ് വാന്‍ എന്ന പേരില്‍ ഒരു പോരാളി സംഘം രൂപവത്കരിച്ചു. തുടര്‍ന്ന് ഉമര്‍(റ)ന്റെ സഹോദരന്‍ സൈദുബ്നുഖതാബിന്റെ ഖബ്്ർ പൊളിച്ചു. ഒരു സ്ത്രീയെ വ്യഭിചാരം ആരോപിച്ച് എറിഞ്ഞു കൊല്ലുകയും ചെയ്തു. ഈ സംഭവത്തിലൂടെയാണ് ഈ പ്രസ്ഥാനം കുപ്രസിദ്ധി നേടിയത്. ഇതോടെ ഹുറയ്മിലയിലെ ഗവര്‍ണറായിരുന്ന ഉസ്മാന്‍ ഇബ്നു മുഅമ്മര്‍ ഇദ്ദേഹത്തെ നാടുകടത്തി. ശേഷം തന്റെ ജന്മനാടായ ഉയയ്നയില്‍ തിരിച്ചെത്തി. (താരീഖ് മംലക- പേജ് 78)
ഇത്രയും കാലത്തെ അനുഭവത്തില്‍ നിന്ന് ഇബ്നു അബ്ദുല്‍ വഹാബിന് ഒരു കാര്യം ബോധ്യമായി. തന്റെ ആശയം നടപ്പാക്കണമെങ്കില്‍ രാഷ്ട്രീയ അധികാരം ആവശ്യമാണ്. അതിനായി അദ്ദേഹം നജ്ദിലെ ഗവര്‍ണറായിരുന്ന മുഹമ്മദ് ഇബ്നു സുഊദുമായി അടുപ്പം സ്ഥാപിച്ചു. താങ്കള്‍ ഉസ്മാനി ഖിലാഫത്തിന് കീഴില്‍ ഒരു ഗവര്‍ണറായി കഴിയേണ്ട ആളല്ല എന്നും തുര്‍ക്കികളല്ല അറബികളെ ഭരിക്കേണ്ടതെന്നും പറഞ്ഞ് ഒരു സ്വതന്ത്ര രാജാവാകാന്‍ ഉള്ള ആഗ്രഹം അയാളില്‍ സൃഷ്ടിച്ചെടുത്തു.
ശേഷം ഇരുവരും ചേര്‍ന്ന് ഒരു കരാറില്‍ ഏര്‍പ്പെട്ടു. സഊദിയില്‍ നിന്ന് പുറത്തിറക്കിയ ഔദ്യോഗിക ചരിത്ര ഗ്രന്ഥമായ താരീഖ് മംലകത്തുല്‍ അറബിയ്യ സഊദിയ്യ പേജ് 1/95ല്‍ അതിനെ കുറിച്ച് പറയുന്നു. “”ഇസ്‌ലാഹി പ്രവര്‍ത്തനത്തില്‍ ഇരുവരും സഹകരിച്ചു പ്രവര്‍ത്തിക്കുക. ഈ ആശയത്തിലായി പോരാടി ഒരു പുതിയ രാഷ്ട്രം സ്ഥാപിക്കുക. അങ്ങനെ നിലവില്‍ വരുന്ന രാജ്യത്തിന്റെ രാഷ്ട്രീയാധികാരം മുഹമ്മദ് ഇബ്നു സുഊദിനും കുടുംബത്തിനും അവകാശപ്പെട്ടതും രാജ്യത്തെ മത ഡിപ്പാര്‍ട്ട്മെന്റുകളുടെ നിയന്ത്രണം മുഹമ്മദ് ഇബ്നു അബ്ദുല്‍ വഹാബിനും മക്കള്‍ക്കുമായിരിക്കും”. അങ്ങനെ മതവും രാഷ്ട്രീയവും രണ്ട് കുടുംബങ്ങള്‍ക്കായി വീതം വെച്ച് അവര്‍ അല്‍ ഇഖ്്വാന്‍ എന്ന വഹാബി വളണ്ടിയര്‍മാരെയും ഇബ്നു സുഊദിന്റെ പോലീസുകാരെയും ഇറക്കി ജിഹാദ് ആരംഭിച്ചു. വഹാബിസം സ്വീകരിക്കാത്തവരെ നിഷ്‌കരുണം കൊന്നുതള്ളി. അവരുടെ സ്വത്തുക്കള്‍ യുദ്ധാര്‍ജിത സമ്പത്താക്കി പിടിച്ചെടുത്തു.
ചോരച്ചാലുകള്‍
ഇബ്നു അബ്ദുല്‍ വഹാബിനെ സ്വന്തം പിതാവും സഹോദരനായ സുലൈമാന്‍ ഇബ്നു വഹാബും ശക്തമായി എതിര്‍ത്തു. മുസ്‌ലിംകളെ അവിശ്വാസികളായി പ്രഖ്യാപിച്ചു കൊണ്ടുള്ള ഈ ഭീകരതക്കെതിരെ സഹോദരന്‍ സുലൈമാന്‍ അബ്ദുല്‍ വഹാബ് അസ്സവാഇഖുല്‍ ഇലാഹിയ്യ, ഫിര്‍റദ്ദി അലല്‍ വഹാബിയ്യ എന്ന പേരില്‍ ഒരു ഗ്രന്ഥം തന്നെ രചിച്ചു. താങ്കള്‍ അലി(റ)യുടെ കാലത്ത് രംഗത്തുവന്ന ഖവാരിജുകളുടെ പിന്‍ഗാമിയാണെന്ന് അദ്ദേഹം തുറന്നടിച്ചു.
മക്കയിലെ മുഫ്തിയും പ്രമുഖ ഖുര്‍ആന്‍ വ്യാഖ്യാതാവുമായ ഇമാം സാവി(റ) സൂറത്ത് ഫാത്വിറിലെ എട്ടാം സൂക്തം വ്യാഖ്യാനിച്ചപ്പോള്‍ എഴുതി, “”ഈ സൂക്തം ഖുര്‍ആനും സുന്നത്തും ദുര്‍വ്യാഖ്യാനിച്ച് മുസ്‌ലിംകളുടെ രക്തവും സമ്പത്തും അനുവദനീയമാക്കിയ ഖവാരിജുകളെ സംബന്ധിച്ച് അവതരിച്ചതാണ്. അവരെപ്പോലെ ഈ ഏര്‍പ്പാട് ഒരു വിഭാഗത്തില്‍ ഇന്നും നാം കാണുന്നുണ്ട്. ഹിജാസില്‍ പ്രവര്‍ത്തിക്കുന്ന വഹാബികള്‍ എന്നറിയപ്പെടുന്ന ഒരു വിഭാഗമാണ് അവര്‍. അവരുടെ ധാരണ അവര്‍ വലിയ എന്തോ സംഗതിയിലാണ് എന്നാണ്. അറിയുക അവരാണ് കള്ളവാദികള്‍”. (തഫ്സീറുസ്വാവി)
അനുഭവസ്ഥരായ ആ കാലഘട്ടത്തിലെ പണ്ഡിതന്മാര്‍ വെറുതെയല്ല വഹാബിസത്തെ ഇങ്ങനെ വിലയിരുത്തിയത്. അവര്‍ ചെയ്ത ക്രൂരതകള്‍ കണ്ടും കേട്ടും അനുഭവിച്ചത് കൊണ്ട് തന്നെയാണ്. ആധികാരിക ചരിത്ര പണ്ഡിതനും മക്കാ ഹറമിലെ മുദര്‍രിസുമായിരുന്ന ശൈഖ് സൈനീ ദഹ്‌ലാന്‍(റ) എഴുതുന്നു: വഹാബികള്‍ ത്വാഇഫിലേക്ക് പ്രവേശിച്ചു. ജനങ്ങളെ ഒന്നടങ്കം കൊന്നു. മുതിര്‍ന്നവരും കുട്ടികളും ഭരണാധികാരികളും പ്രജകളും അവരുടെ വാളിന് ഇരയായി. മാതാക്കളുടെ ഒക്കത്തിരുന്ന കുരുന്നുകളെ അവര്‍ കഴുത്തറുത്തു. വീടുകള്‍ തകര്‍ത്ത് അവിടെ ഒളിഞ്ഞു നിന്നവരെ വകവരുത്തി. ത്വാഇഫിലെ പള്ളിയില്‍ ദര്‍സ് നടത്തുകയായിരുന്ന പണ്ഡിതനെയും ശിഷ്യന്മാരെയും മുഴുവനും കൊന്നു. ശേഷം അവരുടെ സമ്പത്ത് മുഴുവന്‍ ഒരുമിച്ചുകൂട്ടി. അഞ്ചിലൊന്ന് ഭരണാധികാരിയായ മുഹമ്മദ് സഊദിന് കൊടുത്തു. ബാക്കി വഹാബി പട്ടാളക്കാര്‍ വീതം വെച്ചെടുത്തു. (ഖുലാസത്തുല്‍ കലാം)
ആയിടക്ക് ഇബ്‌നു അബ്ദുല്‍ വഹാബ് മരണപ്പെട്ടെങ്കിലും അനുയായികള്‍ കൊള്ളയും കൊലയും തുടര്‍ന്നു. മക്കയിലെ ഗവര്‍ണര്‍ ശരീഫ് ഗാലിബ് ഖിലാഫത്തിന്റെ ആസ്ഥാനത്ത് പരാതി ബോധിപ്പിച്ചു എങ്കിലും ബ്രിട്ടീഷുകാരുമായി പല അതിര്‍ത്തി പ്രദേശങ്ങളിലും യുദ്ധം നടക്കുന്നതിനാല്‍ ആഭ്യന്തര ഭീകര പ്രസ്ഥാനത്തെ അമര്‍ച്ച ചെയ്യാന്‍ സാധിച്ചില്ല.വഹാബികള്‍ ഈ അവസരം മുതലെടുത്തു. അവര്‍ ഇറാഖിലെ കര്‍ബലയിലേക്ക് നീങ്ങി. പ്രവാചക പൗത്രന്‍ ഹുസൈന്‍(റ)ന്റെ മഖ്ബറ പൊളിക്കുകയാണ് ലക്ഷ്യം. അതേക്കുറിച്ച് കേരള വഹാബികളുടെ സ്ഥാപക നേതാക്കളില്‍പ്പെട്ട ഇ കെ മൗലവി എഡിറ്ററായ അല്‍ഇത്തിഹാദ് മാസിക എഴുതുന്നു- 1801 ഏപ്രില്‍ ഇരുപതാം തീയതി 10,000 വരുന്ന ഒരു വമ്പിച്ച വഹാബി സൈന്യം കര്‍ബല പട്ടണം വളഞ്ഞു. പട്ടണവാസികളില്‍ ഒരു വിഭാഗത്തെ അവര്‍ കൊന്നുകളഞ്ഞു. ഹുസൈന്‍(റ)ന്റെ മഖ്ബറ കൊള്ളയടിച്ചു. അവിടേക്ക് അനറബികളായ സന്ദര്‍ശകര്‍ വഴിപാട് കൊടുത്തിരുന്ന എല്ലാ വിലപിടിച്ച രത്നങ്ങളും മറ്റും അവര്‍ ശേഖരിച്ചു. ഇതൊന്നും അവരുടെ ഹൃദയത്തിന് അസഹ്യമായി തോന്നിയില്ല. എന്തുകൊണ്ടെന്നാല്‍ ഖബ്‌റിന് വഴിപാട് കൊടുക്കുന്നവരുടെ നേരേ അവര്‍ക്കുണ്ടായിരുന്ന വീക്ഷണഗതി കാഫിറുകള്‍ക്ക് നേരേ ഉണ്ടായിരുന്ന അതേ വീക്ഷണഗതി തന്നെയായിരുന്നു. (അല്‍ഇത്തിഹാദ്, പുസ്തകം 2, ലക്കം 7, 1955)
ഇതൊന്നും എതിരാളികള്‍ എഴുതി ആരോപിച്ച കഥകളല്ല. വഹാബി അനുകൂലികള്‍ അഭിമാനത്തോടെ എഴുതിവിട്ട വരികളാണ്. ഇതൊക്കെയാണ് യൂനിവേഴ്സിറ്റിയുടെ പാഠപുസ്തകത്തിലൂടെ കുടഞ്ഞ് ഒഴിവാക്കാന്‍ ശ്രമിക്കുന്നത്.
മക്കയിലെ കര്‍സേവ
ഇ മൊയ്തു മൗലവി എഴുതുന്നു: ഹിജ്റ 1318, ക്രിസ്താബ്ദം 1803 ഏപ്രില്‍ മൂന്നിന് ഇബ്നു അബ്ദുല്‍ അസീസ് വിജയഭേരി മുഴക്കിക്കൊണ്ട് മക്കയിലേക്ക് പ്രവേശിച്ചു. പരിപാവനമായ കഅ്ബയില്‍ ഉണ്ടായിരുന്ന എല്ലാ സാധനങ്ങളും രത്നങ്ങളും നാണയങ്ങളും അടക്കം ചെയ്ത ഭണ്ഡാരങ്ങളും അധീനപ്പെടുത്തി. അവ പട്ടാളക്കാര്‍ക്ക് വീതിച്ചു കൊടുത്തു. ഖബ്‌റുകളുടെ മേല്‍ തുര്‍ക്കികളും മറ്റും നിര്‍മിച്ച ഗോപുരങ്ങളും മിനാരങ്ങളും പൊളിച്ചുനീക്കി. പിറ്റേക്കൊല്ലം മദീന മുനവ്വറയും കൈവശപ്പെടുത്തി. അവിടെയും മക്കയില്‍ ചെയ്തതു പോലെയുള്ള പ്രവൃത്തികള്‍ ചെയ്തു. ഖബ്‌റുകളിലെ ഖുബ്ബ പൊളിച്ചത് വലിയ എതിര്‍പ്പിനു കാരണമായി. (ഇന്ത്യന്‍ മുസ്‌ലിംകളും സ്വാതന്ത്ര്യ പ്രസ്ഥാനവും- പേജ് 68)
വഹാബികളുടെ മക്കാ അധിനിവേശത്തിനു ശേഷം പുതിയ തൗഹീദിന്റെ ഭാഗമായി നബി(സ)യുടെ ജന്മഗൃഹവും ഖദീജ ബീവി(റ), അബൂബക്കര്‍(റ), അലി(റ) തുടങ്ങിയവരുടെ ജന്മ വീടുകളുമെല്ലാം പൊളിച്ചുനീക്കി. ഇസ്‌ലാമിന്റെ ഈറ്റില്ലത്തില്‍ വെച്ചുതന്നെ അതിന്റെ എല്ലാ ചരിത്ര ശേഷിപ്പുകളും അവര്‍ തുടച്ചുനീക്കി. ഇസ്‌ലാമിനെ ചരിത്രപരമായി നശിപ്പിക്കാനുള്ള ശത്രുക്കളുടെ കോടാലിപ്പിടിയായി വര്‍ത്തിക്കുകയായിരുന്നു സലഫിസ്റ്റുകള്‍ എന്നുവേണം മനസ്സിലാക്കാന്‍. ഐ എസ് ഭീകരര്‍ ഇറാഖില്‍ ചെയ്തതും ഇതുതന്നെയാണ്.
ഒന്നാം വഹാബി ഭരണത്തിന്റെ തകര്‍ച്ച
തുര്‍ക്കി സുല്‍ത്താന്‍ മുഹമ്മദ് രണ്ടാമന്റെ നിര്‍ദേശ പ്രകാരം ഈജിപ്ത് ഗവര്‍ണര്‍ മുഹമ്മദലി പാഷ തന്റെ മകന്‍ തൂഷൂണ്‍ പാഷയെ വഹാബി ഭീകരരെ നേരിടാന്‍ 10,000 വരുന്ന സൈന്യത്തോടൊപ്പം നിയോഗിച്ചു.
കപ്പല്‍ വഴി യാമ്പുവില്‍ വന്നിറങ്ങി, 1813ല്‍ മദീന കീഴടക്കി. ഘോരമായ പോരാട്ടങ്ങള്‍ക്കൊടുവില്‍ 1818ല്‍ നജ്ദിന്റെ തലസ്ഥാനമായ ദര്‍ഇയ്യയും കീഴടക്കി. രാജാവായിരുന്ന അബ്ദുല്ലയെയും മറ്റും ഇസ്താംബൂളില്‍ എത്തിച്ചു. വിചാരണക്കു ശേഷം പതിനായിരങ്ങളെ കൊന്നതിന് പകരമായി അവരെ തൂക്കിലേറ്റി. ഇതോടെ ഒന്നാം വഹാബി ഭരണത്തിന് അന്ത്യം കുറിച്ചു. തുടര്‍ന്ന് നീണ്ട 80 വര്‍ഷക്കാലം വഹാബികള്‍ക്ക് ആധിപത്യം ഉണ്ടായിരുന്നില്ല.
1914 മുതല്‍ 18 വരെ നീണ്ടുനിന്ന ഒന്നാം ലോക മഹായുദ്ധകാലത്ത് തുര്‍ക്കി ബ്രിട്ടനെതിരെ യുദ്ധം ചെയ്യേണ്ടിവന്നു. ഈ അവസരത്തില്‍ ആഭ്യന്തര കലാപം ഉണ്ടാക്കി തുര്‍ക്കിയെ ക്ഷയിപ്പിക്കുന്നതിന്റെ ഭാഗമായി വിഘടനവാദികളായ വഹാബികളെ ബ്രിട്ടീഷുകാര്‍ കൂട്ടുപിടിച്ചു. കേണല്‍ ലോറന്‍സ് എന്ന സൈനികനെ അവര്‍ ഇതിനായി നിയോഗിച്ചു. അതിനെ കുറിച്ച് ജവഹര്‍ലാല്‍ നെഹ്റു രേഖപ്പെടുത്തുന്നു: ബ്രിട്ടന്‍ തുര്‍ക്കിയുടെ സാമ്രാജ്യത്തെ അതിന്റെ ദുര്‍ബലമായ പല ഭാഗങ്ങളിലും ചെന്ന് ആക്രമിച്ചു. ആദ്യം ഇറാഖിലും പിന്നീട് ഫലസ്തീനിലും സിറിയയിലും. അറേബ്യയില്‍ നിലവിലുണ്ടായിരുന്ന ദേശീയബോധത്തെ ബ്രിട്ടന്‍ ഉപയോഗപ്പെടുത്തുകയും പണവും സാധനങ്ങളും ഉദാരമായി കൈക്കൂലി കൊടുത്ത് തുര്‍ക്കിക്കെതിരെ അറബികളുടെ ഒരു ലഹള സംഘടിപ്പിക്കുകയുമുണ്ടായി. അറേബ്യയിലെ ഒരു ബ്രിട്ടീഷ് ഏജന്റായിരുന്ന കേണല്‍ ലോറന്‍സായിരുന്നു ഈ ലഹളയുടെ പ്രേണേതാവ്. (വിശ്വചരിത്രാവലോകനം. വാള്യം 2, പേജ് 867)
ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം മുസ്‌ലിം രാഷ്ട്രീയ രംഗത്തുണ്ടായ പതനത്തെ സൂചിപ്പിച്ചു കൊണ്ട് നെഹ്റു കുറിച്ചു: ലോക യുദ്ധത്തിനു മുമ്പ് മുഴുവന്‍ രാജ്യവും തുര്‍ക്കിയുടെ നിയന്ത്രണത്തിലായിരുന്നു. അഥവാ തുര്‍ക്കിയുടെ അധീശത്വം അംഗീകരിച്ചിരുന്നു. എങ്കിലും നജ്ദില്‍ ഇബ്നു സുഊദ് ഒരു സ്വതന്ത്ര രാജാവെന്ന നിലയില്‍ ക്രമത്തില്‍ മുന്നോട്ടുവരാന്‍ തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ പ്രദേശങ്ങള്‍ വെട്ടിപ്പിടിച്ചു കൊണ്ട് അദ്ദേഹം പേര്‍ഷ്യന്‍ ഉള്‍ക്കടല്‍ തീരത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. പതിനെട്ടാം നൂറ്റാണ്ടില്‍ അബ്ദുല്‍ വഹാബ് എന്നൊരാള്‍ സ്ഥാപിച്ചതും പിന്നീട് വഹാബികള്‍ എന്നറിയപ്പെടുകയും ചെയ്ത ഒരു മുസ്‌ലിം വിഭാഗത്തിന്റെ തലവനായിരുന്നു അദ്ദേഹം. (വിശ്വചരിത്രാവലോകനം)
ബ്രിട്ടീഷുകാര്‍ ഖിലാഫത്തിനെ തകര്‍ക്കാന്‍ വഹാബികളെ കൂട്ടുപിടിച്ചു. ലോക മുസ്‌ലിംകള്‍ ഒന്നടങ്കം സാമ്രാജ്യത്വത്തിനെതിരെ ഐക്യപ്പെട്ടു. ഇന്ത്യയിലും പ്രത്യേകിച്ച് കേരളക്കരയിലും ഖിലാഫത്ത് പ്രസ്ഥാനം രൂപപ്പെട്ടു. ബ്രിട്ടനെതിരെയുള്ള പോരാട്ടം എന്ന നിലയില്‍ മഹാത്മാഗാന്ധി വരെ ഇതിനെ പിന്തുണച്ചു. ഈ നിര്‍ണായക ഘട്ടത്തില്‍ വഹാബികള്‍ ബ്രിട്ടന്റെ കൈയില്‍ നിന്ന് നക്കാപ്പിച്ച വാങ്ങി അവരെ സഹായിച്ചു. നെഹ്റു തന്നെ പറയട്ടെ. ലോകയുദ്ധ കാലത്ത് അറേബ്യ ബ്രിട്ടീഷ് കുതന്ത്രത്തിന്റെ കൂത്തരങ്ങായി തീര്‍ന്നു. വിവിധ അറബി പ്രധാനികളെ കോഴ കൊടുത്ത് സ്വാധീനിക്കുന്നതിനു വേണ്ടി ബ്രിട്ടീഷ് പണവും ഇന്ത്യന്‍ പണവും ലോഭം കൂടാതെ ചെലവഴിക്കപ്പെട്ടു. അവര്‍ക്ക് എല്ലാതരം വാഗ്ദാനങ്ങളും നല്‍കി. തുര്‍ക്കിക്കെതിരെ ലഹളക്കൊരുങ്ങാന്‍ അവര്‍ നിരന്തരം പ്രേരിപ്പിക്കപ്പെട്ടു. ഇബ്നു സുഊദ് കൂടുതല്‍ സമര്‍ഥനായിരുന്നു. ഒരു സ്വതന്ത്ര രാജാവ് എന്ന തന്റെ നില അദ്ദേഹം ബ്രിട്ടീഷുകാരെ കൊണ്ട് അംഗീകരിപ്പിച്ചു. മാസത്തില്‍ 5,000 പവന്‍ (70,000 ക) അവരില്‍ നിന്ന് വാങ്ങി നിഷ്പക്ഷന്‍ ആയിരിക്കാന്‍ അദ്ദേഹം സമ്മതിച്ചു. അങ്ങനെ മറ്റുള്ള ആളുകള്‍ അന്യോന്യം യുദ്ധം ചെയ്തുകൊണ്ടിരിക്കും. ഇബ്നു സുഊദ് ബ്രിട്ടീഷ് സ്വര്‍ണം കൊണ്ട് തന്റെ നില ഭദ്രമാക്കി. (വിശ്വചരിത്രാവലോകനം- വാള്യം 2, പേജ് 1060)
ചുരുക്കത്തില്‍ 1924ല്‍, പതിമൂന്ന് നൂറ്റാണ്ടു കാലം ലോകത്തെ നിയന്ത്രിച്ച വൈജ്ഞാനിക നാഗരിക നവോത്ഥാനം സൃഷ്ടിച്ചൊരു ഭരണസംവിധാനത്തെ തകര്‍ത്ത് തരിപ്പണമാക്കുന്നതിന് വഹാബികള്‍ ബ്രിട്ടീഷുകാരോട് തോളുരുമ്മി പ്രവര്‍ത്തിച്ചു. ഇതുകൊണ്ട് മുസ്‌ലിം ലോകത്തിന് മാത്രമല്ല, ഏഷ്യന്‍ വന്‍കരയിലുണ്ടായ നാശനഷ്ടങ്ങള്‍ തന്നെ ചെറുതൊന്നുമായിരുന്നില്ല. ഖിലാഫത്തിന്റെ തകര്‍ച്ചക്കു ശേഷം ബ്രിട്ടന്‍ മുസ്‌ലിം രാഷ്ട്രങ്ങളിലേക്ക് ഇരച്ചുകയറി. കോഴിമുട്ട വലിപ്പത്തില്‍ ഭാഷയും ഗോത്രവും സംസ്‌കാരവും പരിഗണിച്ച് നാടുകളെ വെട്ടിമുറിച്ചു. പശ്ചിമേഷ്യയില്‍ എല്ലാ കാലവും സംഘര്‍ഷം നിറഞ്ഞുനില്‍ക്കാന്‍ ജൂതന്മാരെ ഫലസ്തീനില്‍ കൊണ്ടുപോയി കുടിയിരുത്തി. സാമ്രാജ്യത്വ ശക്തികളുടെ ആയുധങ്ങളുടെ മൂര്‍ച്ച പരിശോധിക്കുന്ന ഭൂമിയാക്കി അറബ് ലോകത്തെ മാറ്റുന്ന അതിദയനീയമായ സാഹചര്യം ഉണ്ടാക്കിയതില്‍ സലഫിസ്റ്റുകളുടെ പങ്ക് അത്ര പെട്ടെന്നൊന്നും മായ്ച്ചുകളയാന്‍ ആകില്ല. ഹിജാസും നജ്ദും കൂട്ടിച്ചേര്‍ത്ത് 1932 സെപ്തംബര്‍ 22ന് സഊദി അറേബ്യ എന്ന രാഷ്ട്രം പിറന്നു. ഭരണം പിടിക്കാന്‍ വഹാബി മൂവ്മെന്റിനെ ഉപയോഗിച്ചെങ്കിലും പിന്നീട് ഘട്ടംഘട്ടമായി വഹാബികളെ സഊദി ഭരണാധികാരികള്‍ തള്ളിപ്പറയുന്നതാണ് നാം കാണുന്നത്. ഇതിന് കാരണവും ഇവരുടെ തീവ്ര നിലപാടുകളുടെ മായ്ക്കാനാകാത്ത ചരിത്രം തന്നെയാണ്.
ഈ ഇരുട്ടിന്റെ ശക്തികളെ മുഖംമിനുക്കി എടുക്കാന്‍ കാലിക്കറ്റ് യൂനിവേഴ്സിറ്റിയുടെ പാഠപുസ്തകങ്ങളെ ഉപയോഗിക്കാനുള്ള ശ്രമത്തെ ചരിത്രബോധം ഉള്ളവര്‍ക്ക് ഒരിക്കലും അംഗീകരിച്ചു കൊടുക്കാന്‍ ആകില്ല. അത് പിന്‍വലിക്കും വരെ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകേണ്ടതുണ്ട്.
source https://www.sirajlive.com/is-it-possible-to-avoid-terror.html
إرسال تعليق