ശൈഖ് മുഹമ്മദും ഖത്വർ അമീർ ശൈഖ് തമീമും ചർച്ച നടത്തി

ദുബൈ | യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം ഖത്വർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ താനിയുമായി കൂടിക്കാഴ്ച നടത്തി. മധ്യ പൗരസ്ത്യ ദേശ  സംഘർഷങ്ങൾ ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെ ഇറാഖും ഫ്രാൻസും ചേർന്ന് ബഗ്ദാദിൽ ആതിഥേയത്വം വഹിച്ച പ്രാദേശിക ഉച്ചകോടിയുടെ വേദിയില്‍ ഇന്നലെയായിരുന്നു കൂടിക്കാഴ്ച നടന്നത്.

“ശൈഖ് തമീം സഹോദരനും സുഹൃത്തും ആണ്. ഖത്വർ ജനത ബന്ധുക്കളാണ്,’ കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ പങ്കുവെച്ച് ശൈഖ് മുഹമ്മദ് ട്വിറ്ററിൽ കുറിച്ചു. “ഇറാഖിന്റെ ശാശ്വത സുരക്ഷക്കും സ്ഥിരതക്കും വേണ്ടിയുള്ള പദ്ധതികളെക്കുറിച്ചും  ചർച്ച ചെയ്തു. ഉച്ചകോടി വലിയ വിജയവും ഇറാഖി ജനതയുടെ പുരോഗതിയും അഭിവൃദ്ധിയും പ്രകടിപ്പിക്കുന്നതുമായി.

പരസ്പര വികസനത്തിനും പുരോഗതിക്കും ഉതകുന്ന ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനും രണ്ട് സഹോദര രാജ്യങ്ങളുടെ പൊതു താത്പര്യങ്ങൾ നേടിയെടുക്കുന്നതിനും ഖത്വർ അമീറുമായുള്ള ചർച്ച വഴിവെച്ചു. നാഥൻ  നമ്മുടെ ജനങ്ങളെ സംരക്ഷിക്കുകയും സുരക്ഷിതത്വവും സ്ഥിരതയും അഭിവൃദ്ധിയും നിലനിർത്തുകയും ചെയ്യട്ടെ,’ ശൈഖ് മുഹമ്മദ് പ്രാര്‍ഥിച്ചു.



source https://www.sirajlive.com/sheikh-mohammed-and-emir-of-qatar-sheikh-tamim-held-discussions.html

Post a Comment

Previous Post Next Post