കരിപ്പൂര്‍ വിമാന ദുരന്തം: ഞെട്ടൽ മാറാതെ ശറഫുദ്ദീന്റെ കുടുംബം

അമീന ഷെറിനും മകൾ ഫാത്വിമ ഇസ്സയും യാത്ര സമയം ശറഫുദ്ദീനൊപ്പം അവസാനമായെടുത്ത ഫോട്ടോ (ഫയൽ)

കുന്ദമംഗലം | കരിപ്പൂർ വിമാന അപകടത്തിന്റെ നടുക്കുന്ന ഓർമകളിൽ നിന്ന് അമീന ഷെറിനും മകൾ മൂന്ന് വയസ്സുകാരി ഫാത്വിമ ഇസ്സയും ഇനിയും മുക്തമായില്ല. നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ട വിമാനാപകടത്തിൽ അമീനയുടെ ഭർത്താവ് കുന്ദമംഗലം പിലാശ്ശേരി മേലെ മരുതക്കോട്ടിൽ ശറഫുദ്ദീനും മരണപ്പെട്ടിരുന്നു. കൂടെ യാത്രക്കാരായിരുന്ന അമീനക്കും മകൾക്കും അപകടത്തിൽ സാരമായി പരുക്കേറ്റിരുന്നു. ഇപ്പോഴും പൂർണമായി സുഖം പ്രാപിക്കാതെ വീട്ടിൽ കിടപ്പിലാണ് അമീന. വലിയ ദുരന്തത്തിന് ഇന്ന് ഒരു വർഷം തികയുമ്പോഴും ഇവരുടെ മനസ്സ് നിറയെ ഞെട്ടൽ മാത്രമാണ്. നാടണഞ്ഞ സന്തോഷത്തിൽ വിമാനത്തിൽ നിന്ന് പുറത്തിറങ്ങാൻ തയ്യാറെടുക്കുമ്പോൾ വിമാനം ഇരു കഷ്ണമായി മാറുന്നതാണ് കണ്ടത്. പിന്നീട് സംഭവിച്ചത് ഒന്നും ഓർമയില്ലായിരുന്നു.

ഷാർജയിലെ സെയ്ത്തിൽ സെയിൽസ്മാൻ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന ശറഫുദ്ദീന്റെ അടുത്തേക്ക് സന്ദർശക വിസയിലാണ് കുടുംബം പോയിരുന്നത്. കൊവിഡിന്റെ ഒന്നാം തരംഗത്തിൽ വിമാനയാത്രകൾക്ക് തടസ്സം നേരിട്ടതിനാൽ ആറ് മാസം നിന്ന് തിരിച്ച് പോരുമ്പോഴാണ് അപകടം സംഭവിക്കുന്നത്. അപകടം നടക്കുമ്പോൾ രണ്ട് വയസ്സായിരുന്ന മകൾ ഇപ്പോൾ ഇടക്കിടെ ഉപ്പയെ ചോദിക്കുമ്പോൾ മനസ്സ് വിങ്ങുകയാണെന്ന് അമീന പറയുന്നു.

കേരള മുസ്‍ലിം ജമാഅത്തിന്റെ യൂനിറ്റ് ഭാരവാഹിയായ ശറഫുദ്ദീന്റെ പിതാവ് മൂസയും മാതാവ് ആമിനയും ഇപ്പോഴും മകൻ വിട്ടുപോയ നടുക്കത്തിൽ നിന്ന് മുക്തമായിട്ടില്ല. എസ് വൈ എസ് യൂനിറ്റ് ഫിനാൻസ് സെക്രട്ടറി ശിഹാബുദ്ദീനും സഹോദരൻ ശംസുദ്ദീനും ജ്യേഷ്ടൻ വിടപറഞ്ഞ ദുഃഖത്തിലാണ്.

ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുമ്പന്തിയിലായിരുന്ന ശറഫുദ്ദീന്റെ ഒന്നാം ആണ്ടിനോടനുബന്ധിച്ച് സുഹൃത്തുക്കൾ ജോലി സ്ഥലത്ത് അനുസ്മരണം സംഘടിപ്പിക്കുന്നുണ്ട്.



source http://www.sirajlive.com/2021/08/07/492530.html

Post a Comment

Previous Post Next Post