ഹിന്ദുക്കള്‍ക്കും സിഖുകാര്‍ക്കും അഫ്ഗാനില്‍ നിന്ന് തിരിച്ചുവരാന്‍ സഹായം നല്‍കുമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി | കാബൂളില്‍ നിന്ന് വാണിജ്യ വിമാന സര്‍വീസ് ആരംഭിച്ചാല്‍ അഫ്ഗാനിസ്ഥാനില്‍ നിന്ന് മടങ്ങി വരാന്‍ ഹിന്ദുക്കള്‍ക്കും സിഖുകാര്‍ക്കും മുന്‍ഗണന നല്‍കുമെന്ന് കേന്ദ്രം. അഫ്ഗാനിസ്ഥാന്‍ വിടാന്‍ ആഗ്രഹിക്കുന്നവരെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കാന്‍ സൗകര്യമൊരുക്കുമെന്നും കേന്ദ്രം വ്യക്തമാക്കി.

ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷയും അഫ്ഗാനിസ്ഥാനിലെ തങ്ങളുടെ താല്‍പ്പര്യങ്ങളും ഉറപ്പാക്കാന്‍ സര്‍ക്കാര്‍ എല്ലാ നടപടികളും സ്വീകരിക്കുംമെന്ന് വിദേശ കാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി മാധ്യമങ്ങളോട് പറഞ്ഞു. അഫ്ഗാനിലെ സിഖ്, ഹിന്ദു സമുദായങ്ങളുടെ പ്രതിനിധികളുമായി ഞങ്ങള്‍ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പരസ്പര വികസന, വിദ്യാഭ്യാസ, ജനകീയ ശ്രമങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതില്‍ ഇന്ത്യയുമായി സഹകരിക്കുന്ന നിരവധി അഫ്ഗാനികള്‍ ഉണ്ട്. തങ്ങള്‍ അവര്‍ക്കൊപ്പം നില്‍ക്കുമെന്നും ബാഗ്ചി കൂട്ടിച്ചേര്‍ത്തു. കാബൂള്‍ വിമാനത്താവളത്തില്‍ നിന്നുള്ള വാണിജ്യ വിമാന പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്. ഇത് ഒഴിപ്പിക്കല്‍ ശ്രമങ്ങള്‍ തത്കാലം തടസ്സപ്പെടുത്തിയിരിക്കുകയാണെന്നും മന്ത്രാലയ വക്താവ് വ്യക്തമാക്കി.



source https://www.sirajlive.com/the-center-has-promised-to-help-hindus-and-sikhs-return-from-afghanistan.html

Post a Comment

أحدث أقدم