കൽപ്പറ്റ | മദ്‌റസാധ്യാപക ക്ഷേമനിധിയിൽ നിന്ന് ഭവന വായ്പ എടുത്ത നിരവധി മദ്‌റസാ അധ്യാപകർ ദുരിതക്കയത്തിൽ. അഞ്ച് ലക്ഷം രൂപ വരെയാണ് മുഅല്ലിമുകൾക്ക് സർക്കാറിൽ നിന്ന് ഭവന നിർമാണത്തിനായി പലിശ രഹിത വായ്പയായി അനുവദിച്ചത്. പ്രതിമാസം നിശ്ചിത തുക വീതം തിരിച്ചടക്കണമെന്ന വ്യവസ്ഥയിൽ ആൾ ജാമ്യത്തിനോ വസ്തു ജാമ്യത്തിനോ ആണ് സംസ്ഥാന ന്യൂനപക്ഷ വികസന കോർപറേഷനിൽ നിന്ന് വായ്പ അനുവദിക്കുന്നത്. മറ്റു ക്ഷേമനിധിയിൽ നിന്ന് വ്യത്യസ്തമായി മാസാന്തം നൂറ് രൂപ അംശാദായം അടച്ചു പോരുന്ന ക്ഷേമനിധിയാണ് മദ്‌റസാധ്യാപകരുടേത്. കൊവിഡ് പ്രതിസന്ധിയോടെ കടുത്ത വിഷമവൃത്തത്തിലായിരിക്കയാണ് ഭവന വായ്പയെടുത്ത മദ്‌റസാ അധ്യാപകർ. വരുമാനം നിലച്ചതോടെ തിരിച്ചടവ് തെറ്റുകയും ഇതുമൂലം പിഴ നൽകേണ്ട അവസ്ഥയിലുമാണ് പലരും. കൂടാതെ, ജാമ്യമായി വെച്ച വസ്തു നഷ്ടമാകുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.
4,000- 5,000 രൂപ മാസ ശമ്പളത്തിൽ ജോലി ചെയ്യുന്ന മദ്‌റസ അധ്യാപകർ 3,000 രൂപ തന്നെ അടച്ചുതീർക്കാൻ പ്രയാസപ്പെട്ടിരുന്നു. ഇതിനിടെ, കൊവിഡിനെ തുടർന്ന് മദ്‌റസകൾ ഓൺലൈനിലേക്ക് ചുരുങ്ങുകയും ശമ്പളം വെട്ടിച്ചുരുക്കുകയും പലർക്കും ജോലി നഷ്ടപ്പെടുകയും ചെയ്ത സാഹചര്യത്തിൽ പ്രതിസന്ധി ഇരട്ടിയായി.
ഈ സാഹചര്യത്തിൽ ലൈഫ് മിഷൻ പദ്ധതിക്ക് സമാനമായി തിരിച്ചടവില്ലാത്ത രീതിയിലേക്ക് മദ്‌റസാ അധ്യാപക ഭവന വായ്പാ പദ്ധതി മാറ്റണമെന്ന് ആവശ്യമുയരുന്നുണ്ട്. അതിനിടെ, ആറ് മാസക്കാലത്തെ തിരിച്ചടവിന് പിഴ ഒഴിവാക്കി നൽകാൻ ഉന്നത തലങ്ങളിൽ നീക്കം നടക്കുന്നുണ്ടെങ്കിലും അത് എത്രത്തോളം പ്രായോഗികവും ഫലപ്രദവുമാകുമെന്ന് വ്യക്തമായിട്ടില്ല.
നിർമാണ ചെലവുകൾ വർധിച്ച സാഹചര്യത്തിൽ പലരുടെയും വീട് നിർമാണം പാതിവഴിയിലാണ്. താത്കാലികമായി നിർമിച്ച ഷെഡ്ഡുകളിലും വാടക വീടുകളിലുമാണ് പലരും കഴിയുന്നത്. പ്രതിസന്ധി കാലത്ത് വാടക കൊടുക്കാൻ കഴിയാത്തതിനാൽ പലർക്കും ഇപ്പോഴുള്ള താമസ സ്ഥലം ഒഴിഞ്ഞുകൊടുക്കേണ്ട അവസ്ഥയാണുള്ളത്. ഇതുകൊണ്ടുതന്നെ, കൃഷി ഉൾപ്പെടെയുള്ള വിവിധ തൊഴിൽ മേഖലയിലേക്ക് തിരിഞ്ഞ മദ്‌റസാ അധ്യാപകർ പിടിച്ചുനിൽക്കാനുള്ള പെടാപാടിലാണ്.
എന്നാൽ, തിരിച്ചടവ് തെറ്റിയ മുഅല്ലിമുകൾക്ക് ഇളവ് നൽകുന്നതിനെ കുറിച്ചോ അവരിൽ നിന്ന് ഈടാക്കേണ്ട പിഴയെ കുറിച്ചോ സർക്കാർ തലത്തിൽ വ്യക്തമായ തീരുമാനം വന്നിട്ടില്ലെന്നാണ് സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷനിൽ നിന്ന് ലഭിച്ച പ്രതികരണം.
വിഷയത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് വിവിധ എം എൽ എമാർക്ക് മദ്‌റസാധ്യാപക ക്ഷേമ നിധിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്‌കിന്റെ നേതൃത്വത്തിൽ നിവേദനം നൽകിയിട്ടുണ്ട്.
source https://www.sirajlive.com/covid-crisis-madrasa-teachers-in-distress-over-home-loan.html
Post a Comment