സ്ത്രീവിരുദ്ധ പരാമര്‍ശം പരാതിപ്പെട്ട ‘ഹരിത’യുടെ പ്രവര്‍ത്തനം മരവിപ്പിച്ച് മുസ്ലിം ലീഗ്

കോഴിക്കോട് | എം എസ് എഫ് നേതാക്കളുടെ സ്ത്രീവിരുദ്ധ പരാമര്‍ശം സംബന്ധിച്ച് വനിതാ കമ്മീഷനില്‍ പരാതിപ്പെട്ട വനിതാ വിഭാഗമായ ഹരിതയുടെ പ്രവര്‍ത്തനം മരവിപ്പിച്ച് മുസ്ലിം ലീഗ്. ഹരിത ഗുരുതര അച്ചടക്ക ലംഘനം നടത്തിയെന്ന് മുസ്ലിം ലീഗ് നേതൃത്വം വിലയിരുത്തി. ഹരിത സംസ്ഥാന കമ്മിറ്റിയുടെ പ്രവര്‍ത്തനമാണ് മരവിപ്പിച്ചത്. അതേസമയം, ആരോപണവിധേയരായ പി കെ നവാസ് ഉള്‍പ്പെടെയുള്ള എം എസ് എഫ് നേതാക്കളോട് വിശദീകരണം തേടിയിട്ടുണ്ട്.

എം എസ് എഫ് നേതാക്കള്‍ക്കെതിരെ ഹരിത ഭാരവാഹികള്‍ വനിതാ കമ്മീഷനില്‍ നല്‍കിയ പരാതി പിന്‍വലിക്കാന്‍ ലീഗ് നേതൃത്വം നല്‍കിയ സമയപരിധി അവസാനിച്ചതോടെയാണ് നടപടിയുണ്ടായത്. ഇന്ന് രാവിലെ പത്തിന് മുമ്പ് പരാതി പിന്‍വലിക്കണമെന്നായിരുന്നു അന്ത്യശാസനം. എന്നാല്‍ എം എസ് എഫ് നേതാക്കള്‍ ലൈംഗികാധിക്ഷേപം നടത്തിയെന്ന പരാതിയില്‍ ഹരിത ഭാരവാഹികള്‍ ഉറച്ച് നില്‍ക്കുകയായിരുന്നു.

ലൈംഗികാധിക്ഷേപം നടത്തിയെന്ന പരാതിയുമായി ഹരിത ഭാരവാഹികള്‍ വനിതാ കമ്മിഷനെ സമീപിച്ചത് ഗുരുതര അച്ചടക്ക ലംഘനമാണെന്നാണ് ലീഗ് നേതൃത്വം പറയുന്നത്. പാര്‍ട്ടിയെ പൊതുസമൂഹത്തില്‍ ഹരിത ഭാരവാഹികള്‍ അവഹേളിച്ചതായും ലീഗ് നേതൃത്വം വിലിയിരുത്തുന്നു. എന്നാല്‍ നിരന്തരം സ്ത്രീ വിരുദ്ധ പരാമര്‍ശനം നടത്തുകയും ലൈംഗികാധിക്ഷേപം നടത്തുകയും ചെയ്യുന്ന എം എസ് എഫ് നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കാതെ ഒരു വിട്ടുവീഴ്ച്ചക്കും ഇല്ലെന്ന നിലപാടിലാണ് ഹരിത ഭാരവാഹികള്‍. സംഘടനയില്‍ നേരിടേണ്ടി വന്ന ലൈംഗീക അധിക്ഷേപവും വിവേചനവും ചൂണ്ടിക്കാട്ടി ഹരിതയുടെ പത്ത് ഭാരവാഹികളാണ് വനിതാ കമ്മീഷനില്‍ പരാതി നല്‍കിയത്. പരാതി വനിതാ കമ്മീഷന്‍ കോഴിക്കോട് സിറ്റി പോലീസിന് കൈമാറി. പോലീസ് ഹരിത ഭാരവാഹികളില്‍ നിന്ന് മൊഴിയെടുക്കുകയും ചെയ്തിരുന്നു.



source https://www.sirajlive.com/the-muslim-league-has-frozen-the-activities-of-the-39-haritha-39-who-complained-of-anti-woman-remarks.html

Post a Comment

Previous Post Next Post