കല്യാണ്‍ സിംഗിന്റെ പൊതുദര്‍ശനത്തിനിടെ ദേശീയ പതാകയെ അപമാനിച്ചു

ലക്‌നോ | അന്തരിച്ച ഉത്തര്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിംഗിന്റെ പൊതുദര്‍ശനത്തിനിടെ ദേശീയ പതാകയെ അപമാനിച്ചതായി ആരോപണം. കല്യാണ്‍ സിംഗിന്റെ മൃതദേഹത്തിന് മുകളില്‍ പുതപ്പിച്ച ദേശീയ പതാകക്ക് മുകളില്‍ ബി ജെ പിയുടെ പതാക വെച്ച ഫോട്ടോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ദേശീയ പതാകയുടെ പകുതി ഭാഗം ബി ജെ പി പതാക കൊണ്ട് മറച്ചത് ഫോട്ടോയില്‍ വ്യക്തമാണ്. ഈ സന്ദര്‍ഭത്തില്‍ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബി ജെ പി ദേശീയ അധ്യക്ഷന്‍ നഡ്ഡ എന്നിവര്‍ അന്തിമോപചാരം അര്‍പ്പിക്കുന്നതും കാണാം.

ദേശീയ പതാകയെ അപമാനിച്ചതിനെതിരെ കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടിയും അതിരൂക്ഷ വിമര്‍ശമുന്നയിച്ചു. ഈ അപമാനം ഇന്ത്യ സഹിക്കില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു. 89 വയസ്സുകാരനായ കല്യാണ്‍ സിംഗ് കഴിഞ്ഞ ദിവസമാണ് ചികിത്സയിലിരിക്കെ മരിച്ചത്. കല്യാണ്‍ സിംഗ് യു പി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് സംഘ്പരിവാര്‍ ബാബരി മസ്ജിദ് തകര്‍ത്തത്.



source https://www.sirajlive.com/the-national-flag-was-insulted-during-kalyan-singh-39-s-public-appearance.html

Post a Comment

Previous Post Next Post