ഇ ബുള്‍ ജെറ്റ് സഹോദരന്‍മാര്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് കുറ്റപത്രം സമര്‍പ്പിച്ചു; ജാമ്യം റദ്ദാക്കാന്‍ കോടതിയെ സമീപിക്കാനൊരുങ്ങി പോലീസും

കണ്ണൂര്‍ | യൂട്യൂബ് വ്‌ലോഗര്‍മാരായ ഇ ബുള്‍ ജെറ്റ് സഹോദരന്മാരുടെ നിയമ ലംഘനക്കേസില്‍ മോട്ടോര്‍ വാഹന വകുപ്പ് കുറ്റപത്രം സമര്‍പ്പിച്ചു. തലശ്ശേരി അഡി. സി ജെ എം കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പിഴ തുകയായ 42000 രൂപ അടക്കാന്‍ തയാറാകാത്ത സാഹചര്യത്തിലാണ് ഇവര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. ഇനി തുടര്‍നടപടികള്‍ കോടതി നിര്‍ദേശം അനുസരിച്ചായിരിക്കും.

അതേസമയം, വ്‌ലോഗര്‍ സഹോദരന്മാരായ എബിന്റെയും ലിബിന്റെയും ജാമ്യം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് പോലീസ്. കലാപത്തിന് ആഹ്വാനം ചെയ്തതടക്കമുള്ള വകുപ്പുകള്‍ ഇവര്‍ക്കെതിരെ ചുമത്തുമെന്നാണ് അറിയുന്നത്. ഇത് സംബന്ധിച്ച് തിങ്കളാഴ്ച കോടതിയില്‍ ഹര്‍ജി നല്‍കും.

കഴിഞ്ഞ ദിവസമാണ് വ്‌ലോഗര്‍മാരായ ഇ ബുള്‍ ജെറ്റ് സഹോദരങ്ങളെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഇവരുടെ വാന്‍ കണ്ണൂര്‍ ആര്‍ ടി ഒ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍നടപടികള്‍ക്കായി ഇവരോട് തിങ്കളാഴ്ച രാവിലെ ഓഫീസില്‍ ഹാജരാവാനും ആവശ്യപ്പെട്ടിരുന്നു. ഓഫീസിലെത്തിയ ഇരുവരും സംഘര്‍ഷമുണ്ടാക്കുകയായിരുന്നു. ഇതിന് പിന്നാലെ കസ്റ്റഡിയിലെടുത്ത ഇവരെ റിമാന്‍ഡ് ചെയ്തു. ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് ഇവര്‍ ഇപ്പോള്‍ പുറത്താണുള്ളത്. ഇരുവരുടേയും ജാമ്യം റദ്ദാക്കണമെന്നാണ് പോലീസിന്‍രെ ആവശ്യം.



source http://www.sirajlive.com/2021/08/13/493392.html

Post a Comment

أحدث أقدم