കോഴിക്കോട് | അഞ്ഞൂറിലധികം മോഷണകേസുകളിലെ പ്രതിയുള്‍പ്പെടെയുള്ള അന്തര്‍സംസ്ഥാന കവര്‍ച്ചാസംഘം പിടിയില്‍. കോഴിക്കോട് മലാപ്പറമ്പ് വാട്ടര്‍ അതോറിറ്റി റോഡില്‍ ഡോ. സ്വപ്ന നമ്പ്യാരുടെ വീട്ടില്‍ നിന്ന് നാല്പത്തി നാലര പവന്‍ സ്വര്‍ണാഭരണങ്ങളും ഡയമണ്ട് നെക്ലേസും പണവും കവര്‍ന്ന കേസില്‍ പ്രതികളായ അമ്പലവയല്‍ സ്വദേശി വിജയന്‍ എന്ന കുട്ടി വിജയന്‍ (42 ), നടക്കാവ് പട്ടംവീട്ടില്‍ ബവീഷ് (40) എന്നിവരാണ് പിടിയിലായത്.
ജൂലൈ 26 ന് രാത്രിയാണ് സംഭവം. കോഴിക്കോട് മെഡിക്കല്‍ കോളജ് ഇ എന്‍ ടി വിഭാഗം അസി. പ്രഫസര്‍ സ്വപ്ന നമ്പ്യാര്‍ എക്‌സാം ഇന്‍വിജിലേറ്റര്‍ ഡ്യൂട്ടിക്കായി കണ്ണൂരിലേക്ക് പോയ സമയത്തായിരുന്നു കവര്‍ച്ച നടന്നത്. പോലീസ് അന്വേഷണസംഘം രൂപീകരിച്ച് സിറ്റിയിലെ വിവിധ മോഷണകേസുകളിലെ പ്രതികളെകുറിച്ച് അന്വേഷിച്ച് വരുന്നതിനിടെയാണ് പ്രതികള്‍ വലയിലാകുന്നത്.
ഈ കേസിലെ ഒന്നാം പ്രതി വിജയന്‍ എന്ന കുട്ടി വിജയന്‍ 2007ല്‍ മാവൂര്‍ സ്വദേശി വിദാസ് എന്നയാളെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ്. അന്ന് കൊലപാതക കവര്‍ച്ചാ കേസുകളില്‍ പ്രതിയായിരുന്ന കുട്ടി വിജയന്‍, മോഹനന്‍, കുമാര്‍, സുരേഷ്, മണികണ്ഠന്‍ എന്നിവര്‍ മെഡിക്കല്‍ കോളജ് പോലീസ് സ്റ്റേഷനിലെ ലോക്കപ്പിന്റെ പിന്‍വശത്തെ ചുമര്‍ കുത്തിത്തുറന്ന് 2018-ല്‍ചാടി രക്ഷപ്പെടുകയായിരുന്നു.
പാറാവ് നിന്ന പോലീസു കാരടക്കം അന്ന് സസ്പെന്‍ഷനിലായിരുന്നു. അതിനുശേഷം പ്രതികളെ പിടികൂടിയെങ്കിലും ജാമ്യത്തില്‍ ഇറങ്ങിയ കവര്‍ച്ചാസംഘം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും മറ്റു സംസ്ഥാനങ്ങളിലും കവര്‍ച്ച നടത്തി വരികയായിരുന്നു. ഈ കേസിലെ ഒന്നാം പ്രതി കുട്ടി വിജയന്‍ കേരളം, തമിഴ്‌നാട്. കര്‍ണാടകം എന്നീ സംസ്ഥാനങ്ങളിലായി ഏകദേശം അഞ്ഞൂറിലധികം കേസുകളില്‍ പ്രതിയാണ്. കവര്‍ച്ച നടത്തുന്ന മുതലുകള്‍ മേട്ടുപ്പാളയത്തുള്ള മകളുടെ ഭര്‍ത്താവിന്റെ അച്ഛന്റെ സഹായത്തോടെ തമിഴ്‌നാട്ടിലെ വിവിധ ജില്ലകളില്‍ വില്‍പ്പന നടത്തുകയും ആര്‍ഭാടജീവിതം നയിച്ചുവരികയുമായിരുന്നു.
പ്രതികളെ കൂടുതല്‍ അന്വേഷണത്തിനും അടുത്തകാലത്ത് ജില്ലയിലും പരിസരങ്ങളിലും നടന്ന കവര്‍ച്ചാകേസുകളില്‍ ഇവരുടെ പങ്കാളിത്തത്തെപ്പറ്റി മനസിലാക്കുന്നതിനും കൂട്ടുപ്രതികളെ തിരിച്ചറിയുന്നതിനും മുതലുകള്‍ കണ്ടെടുക്കുന്നതിനും മറ്റുമായി പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി.
കേസില്‍ കൂടുതല്‍ അന്വേഷണം തുടങ്ങിയതായി മെഡിക്കല്‍ കോളജ് എ സി പി കെ.സുദര്‍ശന്‍ പറഞ്ഞു. അന്വേഷണസംഘത്തില്‍ ചേവായൂര്‍ ഇന്‍സ്‌പെക്ടര്‍ പി.ചന്ദ്രമോഹന്‍, സബ്ബ് ഇന്‍സ്‌പെക്ടര്‍ ഷാന്‍, സബ്ബ് ഇന്‍സ്‌പെക്ടര്‍ അഭിജിത്ത്,രാജീവ് കുമാര്‍ പാലത്ത് ഡന്‍സാഫ് അംഗങ്ങളായ സജി, ഷാഫി, അഖിലേഷ്, ജോമോന്‍ , ജിനേഷ് എന്നിവരും ഉണ്ടായിരുന്നു.
source https://www.sirajlive.com/robbers-arrested-in-more-than-500-theft-cases.html
إرسال تعليق