യോഗി ആദിത്യനാഥിനെതിരെയുള്ള പരാമര്‍ശത്തില്‍ ഉദ്ദവ് താക്കറെക്കെതിരെ കേസെടുക്കണെമെന്ന് ബി ജെ പി

യവത്മാല്‍ | മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെക്കെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് പോലീസില്‍ പരാതി. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് എതിരെയുള്ള പരാമര്‍ശത്തിലാണ് പരാതി. യവത്മാല്‍ ജില്ലാ ബി ജെ പി പ്രസിഡന്റാണ് മഹാരാഷ്ട്ര പോലീസിന് പരാതി നല്‍കിയത്. ഛത്രപതി ശിവജിയെ ആപമാനിച്ച ആദിത്യനാഥിനെ ചെരുപ്പ് കൊണ്ട് തല്ലണമെന്ന ശിവസേനയുടെ ദസറ റാലിയിലെ ഉദ്ദവിന്റെ പ്രസംഗമാണ് പരാതിക്ക് ആധാരം. പ്രകോപനപരമായ പരാമര്‍ശത്തിന് കേസെടുക്കണമെന്നാണ് ആവശ്യം. 2020 ഒക്ടോബര്‍ 25 നാണ് വിവാദ പരാമര്‍ശമുള്ള പ്രസംഗം ഉദ്ദവ് നടത്തിയതായി പരാതിയില്‍ പറയുന്നത്.

ഒരു യോഗിക്ക് എങ്ങനെയാണ് മുഖ്യമന്ത്രിയാവാന്‍ സാധിക്കുകയെന്നും അദ്ദേഹം ഏതെങ്കിലും ഗുഹയില്‍ പോയി തപസ്സിരിക്കണെന്നും അന്ന് ഉദ്ദവ് പറഞ്ഞിരുന്നു. ഛത്രപതി ശിവജിയെ അപമാനിച്ചതിന് യോഗിയെ ചെരുപ്പ് കൊണ്ട് തല്ലണം എന്നുമായിരുന്നു ഉദ്ദവിന്റെ പരാമര്‍ശം. സമൂഹത്തില്‍ അസ്വസ്ഥത സൃഷ്ടിക്കാനും കലാപത്തിന് കാരണമാവാനും പ്രേരിപ്പിക്കുന്ന പ്രസ്ഥാവനയാണിതെന്ന് പരാതിയില്‍ പറയുന്നു. ഉദ്ദവിനെതിരെ മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളില്‍ ബി ജെ പി പരാതി നല്‍കുമെന്നും യവത്മാല്‍ ബി ജെ പി പ്രസിഡന്റ് അറിയിച്ചു.

കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രിയും ബി ജെ പി എം പിയുമായ നാരായണ്‍ റാണെയെ മഹാരാഷ്ട്ര പോലീസ് അറസ്റ്റ് ചെയതിരുന്നു. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ച വര്‍ഷംപോലും ഓര്‍മ്മയില്ലാത്ത ഉദ്ദവ് താക്കറെയെ താന്‍ മുഖത്തടിക്കുമായിരുന്നെന്ന പരാമര്‍ശത്തിന്മേല്‍ ആണ് റാണക്കെതിരെ പോലീസ് കേസെടുത്തത്.



source https://www.sirajlive.com/bjp-wants-uddhav-thackeray-to-file-case-against-yogi-adityanath.html

Post a Comment

Previous Post Next Post