കേന്ദ്ര കാര്‍ഷിക നയങ്ങള്‍ക്കെതിരെ ശനിയാഴ്ച ഹരിയാനയില്‍ നടന്ന പ്രക്ഷോഭത്തെ നേരിട്ട പോലീസ് രീതി വ്യാപക വിമര്‍ശങ്ങള്‍ക്കിടയാക്കുകയും കര്‍ഷക പ്രക്ഷോഭം വീണ്ടും ശക്തിയാര്‍ജിക്കാന്‍ വഴിയൊരുക്കുകയും ചെയ്തിരിക്കുകയാണ്. ഹരിയാന കര്‍ണാലിലെ ഗരോദയില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ വിളിച്ചു ചേര്‍ത്ത ബി ജെ പി നേതാക്കളുടെ യോഗത്തിലേക്കു നടത്തിയ പ്രതിഷേധ പ്രകടനത്തെ അതിക്രൂരമായാണ് പോലീസ് നേരിട്ടത്. സമാധാനപരമായി പ്രതിഷേധിക്കുകയായിരുന്ന കര്‍ഷകര്‍ക്കു നേരേ പോലീസ് അകാരണമായി ലാത്തി വീശുകയായിരുന്നുവെന്ന് കര്‍ഷക നേതാക്കള്‍ പറയുന്നു. ബാരിക്കേഡുകള്‍ തകര്‍ത്തു മുന്നോട്ട് വരാനുള്ള കര്‍ഷകരുടെ ശ്രമമാണ് സംഘര്‍ഷത്തിന് കാരണമെന്നാണ് പോലീസിന്റെ വിശദീകരണം. തലക്കാണ് പലര്‍ക്കും പോലീസിന്റെ ലാത്തിയടിയേറ്റത്. ഗുരുതരമാണ് പലരുടെയും പരുക്ക്. തലയില്‍ നിന്ന് ചോര വാര്‍ന്നൊലിച്ച് സുശീല്‍ കാജള്‍ എന്ന കര്‍ണാല്‍ സ്വദേശിയായ കര്‍ഷകന്‍ മരണപ്പെടുകയും ചെയ്തു. നിരവധി കര്‍ഷകരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് പിന്നീട് കൂടുതല്‍ കര്‍ഷകര്‍ സമരരംഗത്തു വരികയും ഹരിയാനയിലെ ദേശീയ പാതകള്‍ ഉള്‍പ്പെടെയുള്ള റോഡുകള്‍ ഉപരോധിക്കുകയും ചെയ്തു.
2020 നവംബറില്‍ കര്‍ഷക പ്രക്ഷോഭം ആരംഭിച്ചതു മുതല്‍ ഹരിയാനയിലെ ബി ജെ പി പരിപാടികളിലേക്ക് കര്‍ഷകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തുന്നത് പതിവാണ്. കഴിഞ്ഞ മാസം ജമുനാ നഗറില്‍ സംസ്ഥാന ഗതാഗത മന്ത്രി മൂല്‍ചന്ദ് ശര്‍മ പങ്കെടുത്ത ചടങ്ങിനു നേരേയും ഫത്തേഹാബാദില്‍ സഹകരണ മന്ത്രി ഭന്‍വാരി ലാല്‍, ഝാജറില്‍ ബി ജെ പി. എം പി അരവിന്ദ് ശര്‍മ എന്നിവര്‍ പങ്കെടുത്ത യോഗങ്ങള്‍ക്കെതിരെയും കര്‍ഷകര്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. അവിടെയൊന്നും പോലീസ് അതിക്രമം കാണിച്ചിരുന്നില്ല. എന്നാല്‍ ശനിയാഴ്ച കര്‍ണാലില്‍ പ്രതിഷേധിക്കാനെത്തിയവരെ ഏതുവിധേനയും അടിച്ചോടിക്കണമെന്ന തീരുമാനത്തോടെയാണ് പോലീസുകാര്‍ എത്തിയതെന്നാണ് കര്‍ണാല്‍ സബ് ഡിവിഷന്‍ മജിസ്‌ട്രേറ്റ് ആയുഷ് സിന്‍ഹയുടേതായി പുറത്തു വന്ന വീഡിയോ സന്ദേശം വ്യക്തമാക്കുന്നത്. “കാര്യങ്ങള്‍ ലളിതമാണ്. ബാരിക്കേഡിനു സമീപമെത്താന്‍ സമരക്കാരെ അനുവദിക്കരുത്. ആരെങ്കിലും അതിനു തുനിഞ്ഞാല്‍ ലാത്തിയെടുക്കുക, വീശുക. ഒരാളെങ്കിലും ബാരിക്കേഡ് ഭേദിക്കാന്‍ ശ്രമിച്ചാല്‍ അയാളുടെ തല അടിച്ചുപൊളിക്കണ’മെന്നായിരുന്നു പോലീസുകാര്‍ക്കുള്ള സിന്‍ഹയുടെ നിര്‍ദേശം. ഇതാണ് പ്രതിഷേധക്കാര്‍ക്കെതിരെ ബലപ്രയോഗം നടത്താനും ക്രൂരമായി പെരുമാറാനും പോലീസിന് പ്രചോദനമായതെന്നാണ് കരുതപ്പെടുന്നത്.
ഈ വീഡിയോ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്ന് സിന്‍ഹക്കെതിരെ നടപടിയെടുക്കുമെന്ന് ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാല പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഉന്നതോദ്യോഗസ്ഥന്റെ പ്രകോപനപരമായ സന്ദേശം കര്‍ഷക സമരത്തിന് വീര്യം പകരുമെന്നാണ് വിലയിരുത്തല്‍. ഡല്‍ഹിയിലേക്കുള്ള റോഡുകള്‍ അടച്ചും മൊബൈല്‍ സേവനങ്ങള്‍ നിര്‍ത്തലാക്കിയും കര്‍ഷക പ്രക്ഷോഭത്തെ തളര്‍ത്താന്‍ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ ശ്രമങ്ങള്‍ നടത്തി വരുന്നതിനിടെയുണ്ടായ ഈ സംഭവം സംസ്ഥാന സര്‍ക്കാറിനു കടുത്ത തലവേദന സൃഷ്ടിച്ചിട്ടുണ്ട്.
ഹരിയാനയില്‍ മാത്രമല്ല പഞ്ചാബ്, ഉത്തര്‍ പ്രദേശ് തുടങ്ങി മറ്റു പല സംസ്ഥാനങ്ങളിലും കര്‍ഷക സമരം തുടര്‍ന്നു വരുന്നുണ്ട്. കൊവിഡും ലോക്ക്ഡൗണുമൊന്നും കര്‍ഷകരുടെ ആത്മവീര്യം കെടുത്തിയിട്ടില്ല. പ്രക്ഷോഭത്തിന്റെ ഭാഗമായി അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തര്‍ പ്രദേശിലും ഉത്തരാഖണ്ഡിലും ബി ജെ പിയെ പരാജയപ്പെടുത്താനുള്ള ദൗത്യം പ്രഖ്യാപിച്ചിട്ടുണ്ട് കര്‍ഷക നേതാക്കള്‍. സെപ്തംബര്‍ അഞ്ചിന് പടിഞ്ഞാറന്‍ യു പിയിലെ മുസഫര്‍ നഗറില്‍ സംഘടിപ്പിക്കുന്ന കര്‍ഷക റാലിയോടെ ദൗത്യത്തിന് ഔദ്യോഗികമായി തുടക്കം കുറിക്കുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കളായ ബല്‍ബീര്‍ സിംഗ് രജേവാള്‍, ഗുര്‍ണാം സിംഗ് ചാദുനി, ഹനന്‍മൊള്ള, ജോഗീന്ദര്‍ ഉഗ്രഹാന്‍ തുടങ്ങിയവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. പശ്ചിമ ബംഗാള്‍ തിരഞ്ഞെടുപ്പിലും കര്‍ഷക നേതാക്കള്‍ വ്യാപകമായി പ്രചാരണം നടത്തിയിരുന്നു. പഞ്ചാബിലും ഹരിയാനയിലും നടന്നുവരുന്നതു പോലെ ബി ജെ പി നേതാക്കള്‍ക്കെതിരായ ബഹിഷ്‌കരണവും ടോള്‍ പ്ലാസകള്‍ തുറന്നു കൊടുക്കുന്നതടക്കമുള്ള സമരങ്ങളും മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കാനും അംബാനിയുടെയും അദാനിയുടെയും സ്ഥാപനങ്ങള്‍ക്കു മുന്നില്‍ പ്രതിഷേധിക്കാനും കര്‍ഷക സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്. ഡല്‍ഹി അതിര്‍ത്തികളിലെ കര്‍ഷക സമരം ഒമ്പത് മാസം പിന്നിട്ട സാഹചര്യത്തില്‍ അടുത്ത മാസം അഞ്ചിന് മുസഫര്‍ നഗറില്‍ രാകേഷ് ടികായത്ത്, ദര്‍ഷന്‍ പാല്‍ അടക്കമുള്ള എല്ലാ നേതാക്കളെയും ഉള്‍ക്കൊള്ളിച്ച് മഹാ പഞ്ചായത്തും 25ന് ഭാരത് ബന്ദും നടത്തും.
2020 ജൂണ്‍ അഞ്ചിന് ഓര്‍ഡിനന്‍സുകളായാണ് കാര്‍ഷിക നിയമങ്ങള്‍ ആദ്യം കൊണ്ടുവന്നത്. പിന്നീട് സെപ്തംബര്‍ 14ന് പാര്‍ലിമെന്റില്‍ അവതരിപ്പിക്കുകയും 20ന് തന്നെ ധൃതി പിടിച്ച് പാസ്സാക്കുകയുമായിരുന്നു. 2020 നവംബര്‍ മുതലാണ് ഇതിനെതിരെ ഡല്‍ഹി അതിര്‍ത്തിയില്‍ കര്‍ഷകര്‍ സമരം ആരംഭിച്ചത്. അതിന്നും ഇടമുറിയാതെ തുടര്‍ന്നു വരികയാണ്. നിയമങ്ങള്‍ 18 മാസത്തേക്ക് നടപ്പാക്കാതിരിക്കാം, ഭേദഗതികളാകാം തുടങ്ങി സമരം അവസാനിപ്പിക്കാന്‍ കേന്ദ്രം പല നിര്‍ദേശങ്ങളും മുന്നോട്ടു വെച്ചെങ്കിലും നിയമങ്ങള്‍ പിന്‍വലിക്കുകയല്ലാതെ മറ്റൊരു ഒത്തുതീര്‍പ്പിനും സന്നദ്ധമല്ലെന്നാണ് കര്‍ഷകരുടെ നിലപാട്. വന്‍കിട കോര്‍പറേറ്റുകളുടെ അധികാര വ്യാപ്തി വര്‍ധിപ്പിച്ച് അവര്‍ക്ക് കൃഷിയുടെയും കര്‍ഷകരുടെയും മേല്‍ വലിയ അധികാരം നല്‍കുന്ന പുതിയ നിയമങ്ങള്‍ തങ്ങളുടെ ഉപജീവന മാര്‍ഗം മുട്ടിക്കുമെന്നാണ് കര്‍ഷകര്‍ കരുതുന്നത്. ഇതൊരു കേവല സമരമല്ല, പ്രത്യയശാസ്ത്ര പോരാട്ടമാണ്. വേണ്ടിവന്നാല്‍ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ പ്രക്ഷോഭം തുടരുമെന്നും കര്‍ഷക നേതാവ് രാകേഷ് ടികായത്ത് വ്യക്തമാക്കുകയുണ്ടായി. ബംഗാള്‍ തിരഞ്ഞെടുപ്പിലെന്ന പോലെ യു പി, ഉത്തരാഖണ്ഡ് തിരഞ്ഞെടുപ്പുകളിലും ബി ജെ പിയുടെ വിജയത്തെ ഇത് സാരമായി ബാധിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
source https://www.sirajlive.com/the-peasant-agitation-gained-strength-again.html
Post a Comment