കോഴിക്കോട് | ഇന്ത്യയില്‍ കാണപ്പെടുന്ന 129 തരം വവ്വാലുകളില്‍ 48 എണ്ണം സംസ്ഥാനത്ത് ഉള്ളതായി ഗവേഷകര്‍. ഇതില്‍ പകുതിയിലധികം എണ്ണത്തിന്റെയും താവളം കാട്ടിലാണ്. ബാക്കിയുള്ളവ കാട്ടിലും മലമ്പ്രദേശങ്ങളിലും നാട്ടിലുമായി കഴിഞ്ഞു കൂടുന്നു. ചുരുക്കം എണ്ണം മാത്രമാണ് നാട്ടില്‍ മാത്രമായി ജീവിക്കുന്നത്. വവ്വാലുകള്‍ പ്രധാനമായും രണ്ട് തരത്തിലാണുള്ളത്. പഴംതീനി വവ്വാലുകളും പ്രാണികളെ ഭക്ഷിക്കുന്ന ഷഡ്പദ ഭോജികളും.
പഴംതീനി വവ്വാലുകളെ തന്നെ പഴങ്ങള്‍ മാത്രമായി ഭക്ഷിക്കുന്നവയും തേന്‍ നുകരുന്നവയുമായി രണ്ടായി തരം തിരിക്കാം. ഭക്ഷണം തേടി 25 മുതല്‍ 50 കിലോമീറ്റര്‍ വരെ ദിനേന പഴംതീനി വവ്വാലുകള്‍ സഞ്ചരിക്കും. പിന്നീട് തിരിച്ച് പഴയ താവളത്തില്‍ തന്നെ എത്തും. പഴംതീനി വവ്വാലുകളാണ് ഈ തരത്തില്‍ കൂടുതലായി സഞ്ചരിക്കുന്നത്.
വവ്വാലുകളില്‍ നിപ്പായുടെ സാന്നിധ്യം കൂടുതലായി കാണപ്പെടാറുണ്ട്. താരതമ്യേന പ്രതിരോധ ശേഷി കൂടുതലുള്ള വവ്വാലുകള്‍ക്ക് നിപ്പാ പോലുള്ള വൈറസുകളുടെ സാന്നിധ്യം പ്രശ്നമാകാറില്ല. എബോള, റാബിസ്, സാര്‍ക് കൊറോണ അടക്കമുള്ള വൈറസുകളും വവ്വാലിന്റെ ശരീരത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
കൂട്ടത്തോടെ ജീവിക്കുന്ന സസ്തനിയായതുകൊണ്ട് വൈറസ് വ്യാപനത്തിനും സാധ്യത ഏറെയാണ്. ഈയടുത്ത് നിപ്പാ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ വവ്വാലുകളെ ആട്ടിയോടിക്കാന്‍ വേണ്ടി ആളുകള്‍ പടക്കം പൊട്ടിക്കുകയും മരം മുറിക്കുകയും പുകയിടുകയും മറ്റും ചെയ്തുവരുന്നുണ്ട്. അതുകൊണ്ട് തന്നെ വൈറസ് സാന്നിധ്യമുള്ള വവ്വാലുകള്‍ മറ്റിടങ്ങളിലേക്ക് ചേക്കേറാന്‍ സാധ്യതയേറെയാണ്. വിവിധ ഭാഗങ്ങളില്‍ നിന്ന് നിപ്പാ റിപ്പോര്‍ട്ട് ചെയ്യപ്പെടാന്‍ ഇതും ഒരു കാരണമായേക്കാം. മരങ്ങളും മറ്റും കുറഞ്ഞു വരുന്ന സാഹചര്യത്തില്‍ ആവാസ വ്യവസ്ഥക്ക് വവ്വാലുകള്‍ വലിയ പ്രയാസമാണ് നേരിടുന്നത്. അതിനാല്‍ അധികം യാത്ര ചെയ്യേണ്ട സാഹചര്യവും ഭക്ഷണം വേണ്ടത്ര ലഭിക്കാത്ത അവസ്ഥയും ഉണ്ടാകുന്നു. ഇത് ഇവയുടെ ശരീര പ്രതിരോധ ശേഷിയെ ബാധിക്കും. അങ്ങനെ വരുമ്പോള്‍ വവ്വാലുകളുടെ കാഷ്ഠത്തിലൂടെയും മൂത്രത്തിലൂടെയുമെല്ലാം വൈറസ് വ്യാപനമുണ്ടാകുമെന്ന് ചില ലേഖനങ്ങളില്‍ പരാമര്‍ശിക്കുന്നുണ്ട്.
കേരളത്തില്‍ ഏതാനും നാട്ടു വൈദ്യന്‍മാര്‍ ചിലതരം അസുഖങ്ങള്‍ക്ക് മരുന്നായി വവ്വാലുകളുടെ മാംസം നിര്‍ദേശിക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ മതാചാര പ്രകാരം വവ്വാലുകളെ ബലി കഴിക്കുന്നുമുണ്ട്. എന്നാല്‍, നിപ്പാ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ശേഷം ഈ പ്രവണത കുറവാണ്.
വിവരങ്ങള്‍ക്ക് കടപ്പാട്: ശ്രീഹരി രാമന്‍ (അസി. പ്രൊഫസര്‍), കാര്‍ഷിക സര്‍വകലാശാല വന്യജീവി വിഭാഗം, മണ്ണുത്തി, തൃശൂര്‍.
source https://www.sirajlive.com/48-species-of-bats-in-the-state-driving-can-be-dangerous.html
Post a Comment