കൽപ്പറ്റ | പേവിഷബാധക്കെതിരായ കരുതലിന് വിട്ടുവീഴ്ചയരുതെന്ന് ഓർമിപ്പിച്ചുകൊണ്ട് വീണ്ടുമൊരു ലോക പേവിഷബാധ ദിനം. മനുഷ്യരെയും മൃഗങ്ങളെയും ബാധിക്കുന്ന രോഗങ്ങളിൽ ഏറ്റവും മാരകം പേവിഷബാധയാണ്. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഒരു ജന്തുജന്യ രോഗമാണ് പേവിഷബാധ അഥവാ റാബീസ്. പേവിഷബാധ ഉണ്ടാക്കുന്നത് ആർ എൻ എ വൈറസായ ലിസ വൈറസാണ്. ഉഷ്ണ രക്തമുള്ള എല്ലാ ജീവജാലങ്ങളെയും പേവിഷം ബാധിക്കും. പ്രകടമായ ലക്ഷണങ്ങൾ കണ്ടുകഴിഞ്ഞാൽ ഒരു വൈദ്യശാസ്ത്രത്തിനും രോഗിയെ രക്ഷിക്കാൻ കഴിയില്ല. നായകളിലും പൂച്ചകളിലുമാണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നത്. പന്നി, കഴുത, കുതിര, കുറുക്കൻ, ചെന്നായ, കുരങ്ങൻ, അണ്ണാൻ എന്നീ മൃഗങ്ങളെയും പേവിഷം ബാധിക്കാറുണ്ട്. വളർത്തുമൃഗങ്ങളെയും വന്യമൃഗങ്ങളെയും ഒരുപോലെ രോഗം ബാധിക്കും.
രോഗപ്പകർച്ച
രോഗം ബാധിച്ച മൃഗങ്ങൾ നക്കുമ്പോഴും മാന്തുമ്പോഴും കടിക്കുമ്പോഴും ഉമിനീരിലുള്ള രോഗാണുക്കൾ മുറിവുകൾ വഴി മൃഗങ്ങളുടെയും മനുഷ്യരുടെയും ശരീരത്തിൽ പ്രവേശിക്കുന്നു. ഈ അണുക്കൾ നാഡികളിലൂടെ സഞ്ചരിച്ച് തലച്ചോറിലെത്തി രോഗമുണ്ടാക്കുന്നു. തലച്ചോറിലെത്തുന്ന വൈറസുകൾ അവിടെ പെരുകി ഉമിനീരിലൂടെ വിസർജിക്കപ്പെടുന്നു.
നായ, പൂച്ച, കുറുക്കൻ എന്നിവയിലൂടെയാണ് മനുഷ്യർക്ക് പ്രധാനമായും പേവിഷബാധയേൽക്കുന്നത്. ഇവയിലൂടെ കന്നുകാലികളിലേക്കും രോഗം പകരാറുണ്ട്. കേരളത്തിൽ 95 ശതമാനവും നായകളിലൂടെയാണ് രോഗം പകരുന്നത്. മനുഷ്യരിലും മൃഗങ്ങളിലും പേയുണ്ടാക്കുന്ന രോഗാണുക്കൾ ഒന്നുതന്നെയാണ്.
മനുഷ്യ ശരീരത്തിൽ രോഗാണു പ്രവേശിച്ചു കഴിഞ്ഞാൽ രോഗലക്ഷണം നാലാം ദിവസം മുതൽ പ്രകടമായേക്കാം. ചിലപ്പോൾ വർഷങ്ങൾ കഴിഞ്ഞും രോഗലക്ഷണങ്ങൾ പ്രകടമാകാറുണ്ട്. എങ്കിലും 30 ദിവസം മുതൽ 90 ദിവസം വരെയാണ് ശരാശരി. നായകളിൽ ഇത് 10 ദിവസത്തിനും രണ്ട് മാസത്തിനുമിടയിലാകാം. കടിക്കുന്ന മൃഗത്തിന്റെ ഉമിനീരിലുള്ള വൈറസിന്റെ അളവ്, കടിയേൽക്കുന്ന ശരീരഭാഗം, കടിയുടെ രൂക്ഷത എന്നിവയെ ആശ്രയിച്ച് കാലാവധിയിൽ മാറ്റമുണ്ടാകാം. തലച്ചോറിനടുത്ത ഭാഗത്തെ കടിയും മാന്തലുമാണ് ഏറെ അപകടകരം. അതുകൊണ്ടുതന്നെ തലയിലും മുഖത്തും കഴുത്തിലും കൺപോളകളിലും ചെവികളിലും കടിയേൽക്കുന്നത് കൂടുതൽ അപകടകരമാണ്.
ലക്ഷണങ്ങൾ
പേവിഷബാധയുള്ളവർ വെള്ളം, വെളിച്ചം, കാറ്റ് എന്നിവയെ ഭയപ്പെടും. വിഭ്രാന്തിയും അസ്വസ്ഥതയും മറ്റ് ലക്ഷണങ്ങളാണ്. മനുഷ്യന് വെള്ളത്തോടുള്ള ഈ പേടിയിൽ നിന്നാണ് മനുഷ്യരിലെ പേവിഷബാധക്ക് ഹൈഡ്രോഫോബിയ എന്ന പേര് വന്നത്.
നായകളിൽ രണ്ട് തരത്തിൽ രോഗം പ്രകടമാകാം. ക്രൂദ്ധ രൂപവും ശാന്തരൂപവും. ഉടമസ്ഥനെയും കണ്ണിൽ കാണുന്ന മൃഗങ്ങളെയും മനുഷ്യരെയും കല്ലും തടിക്കഷ്ണങ്ങളെയും കടിച്ചെന്നിരിക്കും. തൊണ്ടയും നാവും മരവിക്കുന്നതിനാൽ കുരക്കുമ്പോഴുള്ള ശബ്ദത്തിന് വ്യത്യാസമുണ്ടാകും. ഉമിനീർ ഇറക്കാൻ കഴിയാതെ പുറത്തേക്ക് ഒഴുകും. ശാന്തരൂപത്തിൽ അനുസരണക്കേട് കാട്ടാറില്ല. ഉടമസ്ഥനോട് കൂടുതൽ സ്‌നേഹം കാണിക്കുകയും നക്കുകയും ചെയ്‌തെന്നിരിക്കും. ഇരുണ്ട മൂലകളിലും കട്ടിലിനടിയിലും ഒതുങ്ങിക്കഴിയാൻ ഇഷ്ടപ്പെടും.
രണ്ട് രൂപത്തിലായാലും രോഗലക്ഷണങ്ങൾ കണ്ടുകഴിഞ്ഞാൽ മൂന്ന്, നാല് ദിവസങ്ങൾക്കുള്ളിൽ ചത്തുപോകും.
പേപ്പട്ടിയേക്കാൾ ഉപദ്രവകാരിയാണ് പേവിഷബാധയേറ്റ പൂച്ച. പൂച്ചകൾ അപ്രതീക്ഷിതമായി ആക്രമിക്കുകയും മാരകമായ മുറിവുകൾ ഉണ്ടാക്കുകയും ചെയ്യും. കന്നുകാലികളിൽ അകാരണമായ അസ്വസ്ഥത, വെപ്രാളം, വിഭ്രാന്തി, വിശപ്പില്ലായ്മ, അക്രമവാസന, ഇടവിട്ട് മുക്രയിടുക, തുള്ളി തുള്ളിയായി മൂത്രം പോവുക എന്നീ ലക്ഷണങ്ങൾ കാണാറുണ്ട്. കാളകളിൽ അമിതമായ ലൈംഗികാസക്തിയും കാണാം.
മൃഗം കടിച്ചാൽ
കടിയോ മാന്തലോ ഏറ്റ ഭാഗം സോപ്പ് ഉപയോഗിച്ച് പച്ചവെള്ളത്തിൽ 15 മുതൽ 20 മിനുട്ട് വരെ നന്നായി കഴുകുക. ടാപ്പിനു ചുവടെ വെച്ച് കഴുകലാണ് നല്ലത്. മുറിവ് പൊതിഞ്ഞുകെട്ടാനോ തുന്നലിടാനോ പാടില്ല. എത്രയും വേഗം അടുത്തുള്ള ആരോഗ്യസ്ഥാപനത്തിൽ ചികിത്സ തേടുക
source https://www.sirajlive.com/today-is-world-pest-day-be-careful-the-poison-is-deadly.html
Post a Comment