വളാഞ്ചേരി | അന്താരാഷ്ട്ര മോട്ടോർ ബൈക്ക് റൈസിംഗിൽ ആതവനാട് കരിപ്പോളിലെ പറമ്പൻ മുഹ്സിന് രണ്ടാംസ്ഥാനം ലഭിച്ചു. ചെന്നൈ കാഞ്ചിപുരത്ത് നടന്ന ഹോണ്ട 2021 എൻ എസ് എഫ് 250 ആർ ആർ വിഭാഗത്തിലാണ് മത്സരം നടന്നത്. 11 പേർ പങ്കെടുത്ത റൈസിംഗില്‍ അഞ്ചാമനായി മത്സരം തുടങ്ങിയ മുഹ്സിൻ ട്രാക്കിൽ കുതിച്ച് മറ്റുള്ളവരെ പിന്തള്ളി രണ്ടാംസ്ഥാനത്തേക്ക് കുതിച്ച് കയറുകയായിരുന്നു.
കേരളത്തിൽ നിന്ന് മുഹ്സിൻ മാത്രമാണ് മത്സരരംഗത്തുണ്ടായിരുന്നത്. ചെറുപ്പം മുതൽ റൈസിംഗിനോട് കമ്പം തോന്നിയ മുഹ്സിൻ ഗുഗിൾ വഴിയാണ് ബാലപാഠങ്ങൾ മനസ്സിലാക്കിയത്. സുഹൃത്തുക്കളുടെ പിന്തുണയാണ് കർഷക കുടുംബത്തിൽ ജനിച്ച് വളർന്ന മുഹ്സിന് വിജയം നേടാനായത്. നിരവധി പ്രതിസന്ധികളെ മറികടന്ന് 2018ലാണ് സെലക്ഷൻ ലഭിച്ചത്. സ്വന്തമായി ഒരു ബൈക്ക് പോലുമില്ലാത്ത മുഹ്സിൻ ഹോണ്ട എന്ന കമ്പനിയുടെ റൈഡറായി മാറുകയായിരുന്നു.
കിരീടം നേടുകയെന്നതാണ് മുഹ്സിന്റെ പ്രധാന ലക്ഷ്യം. മറ്റ് താരങ്ങളെല്ലാം സ്വകാര്യമായി പരിശീലനം നടത്തുന്നുണ്ട്. നാല് ദിവസത്തെ പരിശീലനത്തിന് ഏതാണ്ട് 25,000 രൂപയോളം ചെലവ് വരും. ഇത്രയും വലിയ തുക സമാഹരിക്കാൻ ഇടത്തരം കുടുംബത്തിലുള്ള മുഹ്സിന് സാധിക്കുന്നില്ല.
ഇതിനാല്‍ ഒരു സ്പോൺസറെ തേടുകയാണ് മുഹ്സിൻ. ആകെ അഞ്ച് റൗണ്ടും പത്ത് റേസുകളുമാണ് ചാമ്പ്യൻഷിപ്പിലുള്ളത്. നിലവിൽ രണ്ട് റൗണ്ടുകളാണ് മുഹ്സിൻ പൂർത്തീകരിച്ചത്.
അതിനായുള്ള തയ്യാറെടുപ്പിലാണ് ഒന്നാം വർഷ ബി സി എ വിദ്യാർഥിയും കരിപ്പോൾ പറമ്പൻ മുസ്തഫ -സക്കീന ദമ്പതികളുടെ മകനായ മുഹ്സിൻ. മുബീന, മുർശിദും മിൻഹയും സഹോദരങ്ങളാണ്.
source https://www.sirajlive.com/second-nationally-muhsin-jumps-on-the-rising-track.html
إرسال تعليق