നവനാസികളോട് നോ പറഞ്ഞ് ജര്‍മനി

ജര്‍മന്‍ പാര്‍ലിമെന്റായ ബുന്‍ഡസ്റ്റാഗിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം ലോകത്താകെയുള്ള ജനാധിപത്യവാദികള്‍ക്ക് ആശ്വാസം പകരുന്നതാണ്. നവനാസി പാര്‍ട്ടികളുടെ വോട്ട് ശതമാനം കുറഞ്ഞുവെന്നതും പാര്‍ലിമെന്റിലെ അവരുടെ സാന്നിധ്യം ഇടിഞ്ഞുവെന്നതും നിസ്സാര കാര്യമല്ല. ലോകത്താകെ തീവ്ര വലതുപക്ഷ രാഷ്ട്രീയം ശക്തമാകുകയും എല്ലാ ജനകീയ പ്രശ്‌നങ്ങളെയും അപ്രസക്തമാക്കി വൈകാരിക വിഷയങ്ങള്‍ തിരഞ്ഞെടുപ്പ് അജന്‍ഡകളെ അട്ടിമറിക്കുകയും ചെയ്യുമ്പോള്‍ ജര്‍മനി ആ വഴിയില്‍ നിന്ന് മാറിനടക്കുന്നുവെന്നത് ആവേശകരമാണല്ലോ. ഹിറ്റ്‌ലര്‍ ജര്‍മന്‍ ജനതക്ക് മാതൃകയോ പിന്തുടരേണ്ട ഓര്‍മയോ അല്ലാതിരിക്കുമ്പോള്‍ ഇന്ത്യയെപ്പോലെ മഹത്തായ ജനാധിപത്യ രാജ്യത്തിന്റെ ഭരണം കൈയാളുന്ന പാര്‍ട്ടിക്ക് ആശയ അടിത്തറ പാകുന്നവര്‍ ഹിറ്റ്‌ലര്‍ ആരാധകരാകുന്നുവെന്നതാണ് വിരോധാഭാസം.

അതിര്‍ത്തി അടച്ച് ഭദ്രമാക്കി, കാറ്റുകടക്കാത്ത തീവ്ര ദേശീയതയില്‍ അഭിരമിക്കുന്നതാണ് ഏറ്റവും സുരക്ഷിതമായ രാഷ്ട്രീയ കൗശലമെന്ന് വിശ്വസിക്കുന്നവര്‍ യൂറോപ്പിലും ലോകത്താകെയും ഉയര്‍ന്നു വരുമ്പോള്‍ അഭയാര്‍ഥികള്‍ക്ക് അതിര്‍ത്തി തുറന്ന് കൊടുക്കാന്‍ ഹൃദയ വിശാലത കാണിച്ച ഭരണാധികാരിയാണ് സ്ഥാനമൊഴിയുന്ന ജര്‍മന്‍ ചാന്‍സിലര്‍ ആഞ്ചല മെര്‍ക്കല്‍. വീണ്ടും അധികാരത്തില്‍ വരാമായിരുന്നിട്ടും 16 വര്‍ഷം നീണ്ട സാരഥ്യം അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു അവര്‍. മെര്‍ക്കലിന്റെ പിന്‍ഗാമിയായി അവരുടെ തന്നെ പാര്‍ട്ടിയില്‍ നിന്നോ അല്ലെങ്കില്‍ അവരുമായി സഖ്യത്തിലായിരുന്ന പാര്‍ട്ടിയില്‍ നിന്നോ ഉള്ള നേതാവ് തന്നെ വരുമെന്നുള്ളതും ആശ്വാസകരമാണ്. കലുഷിതമായ അന്തരീക്ഷത്തില്‍ നിന്ന് യൂറോപ്പിലേക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്ന ആയിരക്കണക്കായ മനുഷ്യര്‍ക്ക് പ്രതീക്ഷ പകരുന്നതുമാണ് ജര്‍മന്‍ തിരഞ്ഞെടുപ്പ് ഫലം.

തൂക്കുസഭയാണ് ജര്‍മനിയിലുണ്ടായിരിക്കുന്നതെന്ന് പറയാം. എന്നാല്‍ ഭരണ പ്രതിസന്ധിയുണ്ടാകാനുള്ള സാധ്യതയില്ല. മധ്യ ഇടത് പാര്‍ട്ടിയായ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (എസ് പി ഡി)യാണ് (206 സീറ്റ്) ഏറ്റവും വലിയ കക്ഷിയായി വന്നിരിക്കുന്നത്. സര്‍ക്കാറുണ്ടാക്കാന്‍ 368 സീറ്റ് വേണം. അതിനാല്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയെയല്ല അതിനേക്കാള്‍ അംഗബലമുള്ള സഖ്യത്തെയാകും സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിക്കുക. എസ് പി ഡിക്ക് അര്‍ഥവത്തായ സഖ്യമുണ്ടാക്കാന്‍ സാധിച്ചാല്‍ അതിന്റെ നേതാവ് ഒലാഫ് ഷോള്‍സ്, ആഞ്ചല മെര്‍ക്കലിന്റെ പിന്‍ഗാമിയാകും. ഭരണപക്ഷമായ സി ഡി യു, യു സി എസ് മുന്നണിക്ക് 196 സീറ്റുകളാണ് നേടാനായത്. ഇവര്‍ മുമ്പ് എസ് പി ഡിയുമായി സഖ്യം ചേര്‍ന്നവരാണ്. ഇത്തവണ പോസ്റ്റ് പോള്‍ സഖ്യമുണ്ടാകില്ലെന്നാണ് വിലയിരുത്തല്‍. അങ്ങനെയെങ്കില്‍ ഷോള്‍സിന്റെ പാര്‍ട്ടി മറ്റ് ചെറു പാര്‍ട്ടികളുമായി ചേര്‍ന്ന് സഖ്യ സര്‍ക്കാറുണ്ടാക്കും. മെര്‍ക്കലിന്റെ പാര്‍ട്ടിയും ഈ ദിശയില്‍ നീങ്ങിയേക്കാം. ആ ശ്രമം വിജയിച്ചാല്‍ ആര്‍മിന്‍ ലാഷെറ്റാകും ചാന്‍സിലര്‍.
മധ്യ ഇടതുപക്ഷ പരിസ്ഥിതിവാദികളുടെ പാര്‍ട്ടിയായ ഗ്രീന്‍ പാര്‍ട്ടി 118 സീറ്റുകള്‍ നേടി മൂന്നാം സ്ഥാനത്തെത്തി. കഴിഞ്ഞ തവണത്തേക്കാള്‍ 51 സീറ്റുകളാണ് ഗ്രീന്‍ പാര്‍ട്ടി അധികമായി നേടിയത്. ക്രിസ്ത്യന്‍ പാര്‍ട്ടിയായ എഫ് ഡി പി 12 സീറ്റുകള്‍ അധികം നേടി 92ലെത്തിയപ്പോള്‍ ഇടത്, തീവ്ര വലതുപക്ഷ പാര്‍ട്ടികള്‍ക്ക് കനത്ത തിരിച്ചടിയുണ്ടായി. തീവ്ര വലതുപക്ഷ പാര്‍ട്ടിയായ എ എഫ് ഡിയെ ജര്‍മന്‍ ജനത ചവറ്റുകൊട്ടയിലേക്ക് എറിഞ്ഞുവെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. കുടിയേറ്റവിരുദ്ധതയിലും കൊവിഡ് കാലത്തെ അപക്വമായ നിലപാടിലും കുപ്രസിദ്ധിയാര്‍ജിച്ച പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയാണ് ജനം നല്‍കിയത്. 10.3 ശതമാനം വോട്ട് മാത്രമാണ് പാര്‍ട്ടിക്ക് ലഭിച്ചത്. നേരത്തേയത് 13 ശതമാനമായിരുന്നു. നവനാസികളുമായുള്ള എ എഫ് ഡിയുടെ ബന്ധം പുറത്തായതാണ് തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് പ്രധാന കാരണമായത്.

ആഞ്ചല മെര്‍ക്കല്‍ ജര്‍മനിയെ മുസ്‌ലിംകള്‍ക്ക് തീറെഴുതിയെന്നൊക്കെ വിദ്വേഷ പ്രചാരണം നടത്തിയവരാണ് നവനാസികള്‍. സിറിയയില്‍ നിന്നടക്കമുള്ള അഭയാര്‍ഥികള്‍ക്കായി അതിര്‍ത്തി തുറന്ന് കൊടുത്തതിനാണ് മെര്‍ക്കല്‍ ഈ പഴി മുഴുവന്‍ കേട്ടത്. ഐ എസ് തീവ്രവാദികള്‍ എന്ന് അവകാശപ്പെട്ട് ചിലര്‍ നടത്തിയ ചാവേര്‍ ആക്രമണങ്ങള്‍ ഈ പ്രചാരണത്തെ ആളിക്കത്തിച്ചു. കുടിയേറ്റക്കാരാണ് ഈ ആക്രമണങ്ങള്‍ക്ക് പിന്നിലെന്ന് മുഖ്യധാരാ മാധ്യമങ്ങള്‍ എഴുതിവിട്ടു. നിരാലംബരായ മനുഷ്യര്‍ക്ക് അഭയം നല്‍കിയവരെ സമ്മര്‍ദത്തിലാക്കുന്ന മനുഷ്യത്വമില്ലായ്മയാണ് ഐ എസ് തീവ്രവാദികളുടെ ഭാഗത്ത് നിന്നുണ്ടായത്. ഒരു കുടിയേറ്റക്കാരനും ഐ എസിനെ പിന്തുണക്കുന്നില്ലെന്ന സത്യം പിന്നീട് തെളിഞ്ഞു. മെര്‍ക്കലിന്റെ പാര്‍ട്ടിയെ ക്ഷീണിപ്പിച്ചത് തങ്ങളാണെന്ന് മേനി പറയുകയാണ് എ എഫ് ഡിയും നവനാസികളുമിപ്പോള്‍. സത്യത്തില്‍ മെര്‍ക്കലിന്റെ പിന്‍മാറ്റവും അന്തഃഛിദ്രങ്ങളുമാണ് ആ പാര്‍ട്ടിയെ ക്ഷീണിപ്പിച്ചത്.

മെര്‍ക്കലിന്റെ പാര്‍ട്ടിക്ക് തിരിച്ചടിയുണ്ടായെങ്കിലും അവരില്‍ നിന്ന് നയപരമായ വ്യത്യാസമില്ലാത്ത പാര്‍ട്ടിക്ക് തന്നെയാണ് ജര്‍മന്‍ ജനത മാന്‍ഡേറ്റ് നല്‍കിയത്. സി ഡി യു / സി എസ് യു യൂനിയന്റെയും എസ് പി ഡിയുടെയും പ്രകടനപത്രിക പരിശോധിക്കുമ്പോള്‍ അവരുടെ രാഷ്ട്രീയ കാഴ്ചപ്പാടില്‍ കാര്യമായ വ്യത്യാസങ്ങള്‍ ഇല്ലെന്ന് മനസ്സിലാകും. യൂറോപ്യന്‍ യൂനിയന്‍ സംവിധാനം തുടരണമെന്ന് അവര്‍ വാദിക്കുന്നു. മാനവരാശിക്ക് ഭീഷണിയായ ആണവ നിലയങ്ങള്‍ ജര്‍മനിയില്‍ വേണ്ടെന്ന നിലപാടിലും മാറ്റമില്ല. അഭയാര്‍ഥികളോട് അനുഭാവപൂര്‍ണമായ സമീപനം വേണമെന്നതിലുമില്ല ഇടര്‍ച്ച. കാലാവസ്ഥാ വ്യതിയാനം തടയുന്നതിലുള്ള നടപടിയിലും ഈ പാര്‍ട്ടികള്‍ സമാനമനസ്‌കരാണ്. ചുരുക്കത്തില്‍ തീവ്രവാദികള്‍ തോല്‍ക്കുകയും മിതവാദികള്‍ ജയിക്കുകയുമാണ് ജര്‍മനിയില്‍ സംഭവിച്ചത്. അതില്‍ സന്തോഷിക്കേണ്ടതല്ലേ?



source https://www.sirajlive.com/germany-says-no-to-neo-nazis.html

Post a Comment

أحدث أقدم