വിസിലടിയിലെ ‘കേരള കൊളിന’

മലപ്പുറം | വാശിയുടെയും പോരാട്ടവീര്യത്തിന്റെയും വിളനിലമായ സെവന്‍സിന്റെ തട്ടകത്തിലൂടെ നിരവധി ദേശീയ- അന്തര്‍ദേശീയ താരങ്ങള്‍ കടന്നുപോയിട്ടുണ്ടെങ്കിലും ആലിക്കോയ എന്ന റഫറിയെ പോലെ ജനകീയനായ ഒരു താരവും പിറവിയെടുത്തിട്ടില്ലെന്ന് പറയാം. സെവന്‍സെന്നാല്‍ ആലിക്കോയയായിരുന്നു. ഒരേസമയം കളിക്കാരുടെയും കാണികളുടെയും സംഘാടകരുടെയും ഇഷ്ടതാരം. ആദ്യകാലത്ത് ഏറ്റവും കൂടുതല്‍ ഇഷ്ടക്കാരുള്ള ബ്ലാക്ക് ആന്‍ഡ് വൈറ്റ് കോഴിക്കോടിനും സൂപ്പര്‍ സ്റ്റുഡിയോ മലപ്പുറത്തിനുമൊപ്പം സെവന്‍സ് ചരിത്രത്തില്‍ എഴുതിച്ചേര്‍ക്കേണ്ട നാമം.

30 വര്‍ഷത്തോളം കളിക്കളത്തില്‍ റഫറിയായിരിക്കുകയെന്ന അപൂര്‍വതക്കുടമയായിരുന്നു ‘കേരള കൊളിന’ എന്നറിയപ്പെട്ട ആലിക്കോയ. കുമ്മായ വരക്കുള്ളിലെ അംഗവിക്ഷേപങ്ങളും ശരീരഭാഷയുമായിരുന്നു അദ്ദേഹത്തെ പിയര്‍ലൂയിജി കൊളീനയുമായി ഉപമിക്കാന്‍ കാരണം. തിരുവണ്ണൂര്‍ കോട്ടണ്‍ മില്‍ ഗ്രൗണ്ടില്‍ കളിച്ചു വളര്‍ന്ന ആലിക്ക മലപ്പുറം അലനല്ലൂര്‍ സെവന്‍സ് ടൂര്‍ണമെന്റിലൂടെയാണ് ആദ്യമായി റഫറിയിംഗിലേക്കെത്തുന്നത്.

സംഘര്‍ഷങ്ങള്‍ക്ക് പേരുകേട്ട സെവന്‍സ് ടൂര്‍ണമെന്റുകളില്‍ 60 മിനുട്ടും തന്റേതായ ചലനങ്ങളിലൂടെ കളിക്കാരേയും കാണികളെയും ഒരുപോലെ വരച്ചവരയില്‍ നിര്‍ത്താനുള്ള മിടുക്കാണ് അദ്ദേഹത്തെ സെവന്‍സിന്റെ സ്വന്തം റഫറിയാക്കി മാറ്റിയത്. പല ടൂര്‍ണമെന്റുകളുടെയും ‘വിജയം’ ആലിക്കോയയുടെ ‘വിദഗ്ധ’ റഫറിയിംഗിലൂടെയായിരുന്നുവെന്നത് കളിനിയന്ത്രണ മികവ് വെളിപ്പെടുത്തുന്നതാണ്. പല ടൂര്‍ണമെന്റുകളുടെയും നിലനില്‍പ്പ് തന്നെ സാധ്യമാക്കിയത് അദ്ദേഹത്തിന്റെ ഇടപെടലുകളായിരുന്നുവെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു. സെവന്‍സില്‍ മാത്രമല്ല ഫാദര്‍ വട്ടംകുളം ട്രോഫിക്ക് വേണ്ടിയുള്ള കല്ലാനോട് ഇലവന്‍സും ആലിക്കോയ നിയന്ത്രിച്ചിട്ടുണ്ട്.

കളിയില്‍ മാത്രമായിരുന്നില്ല, ഒഴിവ് സമയങ്ങളില്‍ പൊതുപ്രവര്‍ത്തനവും സാംസ്‌കാരിക പ്രവര്‍ത്തനവും നടത്തിയിരുന്ന ആലിക്കോയയുടെ ജീവിതത്തിനിപ്പോള്‍ നീണ്ട വിസില്‍ മുഴങ്ങിയിരിക്കുകയാണ്.



source https://www.sirajlive.com/39-kerala-colina-39-in-whistleblower.html

Post a Comment

Previous Post Next Post