കോണ്‍ഗ്രസ്സി(ഐ)ന്റെ കേരള ഘടകം പ്രവര്‍ത്തനത്തില്‍ സെമി കേഡര്‍ രീതിയിലേക്ക് മാറുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പിലെയും നിയമസഭാ തിരഞ്ഞെടുപ്പിലെയും തോല്‍വിക്ക് ശേഷം പാര്‍ട്ടിയിലുണ്ടായെന്ന് പറയപ്പെടുന്ന തലമുറ മാറ്റത്തോടെയാണ് ആര്‍ക്കും എന്തും പറയാവുന്ന വിശാല ജനാധിപത്യമെന്ന് അവര്‍ തന്നെ വിശേഷിപ്പിച്ച സമ്പ്രദായം തുടരാനാകില്ലെന്ന തീരുമാനത്തിലേക്ക് കെ പി സി സിയുടെ പ്രസിഡന്റ് കെ സുധാകരന്‍ എത്തിയത്. പ്രസിഡന്റായി ചുമതലയേറ്റയുടന്‍ പാര്‍ട്ടിയില്‍ അച്ചടക്കമുണ്ടാകേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാണിക്കുകയും അതിനായി ജില്ലാ – സംസ്ഥാന തലങ്ങളില്‍ സമിതികളുണ്ടാകുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പ്രസിഡന്റ് പദത്തില്‍ പുതുതായി എത്തുന്നവരൊക്കെ പറയാറുള്ളത്, സുധാകരനും ആവര്‍ത്തിക്കുന്നുവെന്ന തോന്നലേ അന്നുണ്ടായിരുന്നുള്ളൂ. വലിയ തര്‍ക്കത്തിന് വഴിവെച്ച ഡി സി സി പ്രസിഡന്റുമാരുടെ നിയമനത്തിന് തൊട്ടുപിറകെ, ടെലിവിഷന്‍ ചാനല്‍ ചര്‍ച്ചകളിലെത്തി വിമര്‍ശനമുന്നയിച്ച ജനറല്‍ സെക്രട്ടറി കെ പി അനില്‍ കുമാറിനെയും മുതിര്‍ന്ന നേതാവ് ശിവദാസന്‍ നായരെയും അവര്‍ പറഞ്ഞ വാക്കുകളുടെ മാറ്റൊലി തീരും മുമ്പ് സസ്‌പെന്‍ഡ് ചെയ്ത്, പറഞ്ഞത് പ്രവര്‍ത്തിക്കാന്‍ തന്നെയാണ് ഉദ്ദേശ്യമെന്ന് സുധാകരന്‍ വ്യക്തമാക്കി. കോണ്‍ഗ്രസ്സില്‍ ഒരു കാലത്തും സംഭവിക്കാത്ത ഒന്ന്, സംഭവിച്ചതിന്റെ ആഘാതം തുടര്‍ന്നുള്ള ദിനങ്ങളില്‍ കണ്ടു. ഡി സി സി അധ്യക്ഷ നിയമനത്തില്‍ രോഷം പൂണ്ടിരുന്നവരൊക്കെ പരസ്യ പ്രതികരണത്തില്‍ നിന്ന് പിന്‍വലിഞ്ഞു. ഗ്രൂപ്പിനേക്കാള്‍ വലുത് പാര്‍ട്ടിയാണെന്ന സംഘഗാനത്തിന്റെ ഭാഗമാകാന്‍ നേതാക്കളില്‍ പലരും മത്സരിക്കുകയും ചെയ്തു. എന്തായാലും പാര്‍ട്ടിക്ക് ചില ചിട്ടവട്ടങ്ങളൊക്കെയുണ്ടെന്ന തോന്നല്‍ അടിമുതല്‍ മുടി വരെ സൃഷ്ടിക്കാന്‍ സുധാകരന് കഴിഞ്ഞിരിക്കുന്നു.
ദേശീയ പാര്‍ട്ടിയായ കോണ്‍ഗ്രസ്സിന്റെ കേരള ഘടകം മാത്രം എങ്ങനെ സെമി കേഡര്‍ സംവിധാനത്തിലേക്ക് മാറുമെന്ന ചോദ്യം ശേഷിക്കുന്നുണ്ട്? അതിനൊരു യുക്തിസഹമായ ഉത്തരമുണ്ടായാലേ സുധാകരന്‍ തുടങ്ങിവെച്ച പ്രവൃത്തികള്‍ക്ക് അര്‍ഥമുണ്ടാകൂ. അതുണ്ടാകണമെങ്കില്‍ ദേശീയതലത്തിലൊരു നേതൃത്വമുണ്ടാകണം, ബി ജെ പി സര്‍ക്കാറിന്റേതില്‍ നിന്ന് ഭിന്നമായ നയവുമുണ്ടാകണം. ഇത് രണ്ടുമുണ്ടായില്ലെങ്കില്‍ സുധാകരന്റെ സെമി കേഡര്‍ സ്വപ്നം മാത്രമായി ശേഷിക്കും.
ഡി സി സിയുടെയും കെ പി സി സിയുടെയും ഭാരവാഹികളെ നിശ്ചയിക്കുക എന്നത് മാത്രമല്ലല്ലോ പാര്‍ട്ടി പ്രവര്‍ത്തനം. അങ്ങനെ നിശ്ചയിച്ച ഭാരവാഹികള്‍ക്ക് താഴേത്തട്ടില്‍ പ്രവര്‍ത്തിക്കണമെങ്കില്‍ ഓരോ വിഷയത്തിലും പാര്‍ട്ടി സ്വീകരിക്കുന്ന നിലപാട് എന്താണ് എന്നതിലൊരു വ്യക്തത വേണം. അതുണ്ടാകണമെങ്കില്‍ പാര്‍ട്ടിക്കൊരു നയം വേണം. പൊതു സ്വത്തുക്കള്‍ പാട്ടത്തിന് നല്‍കി ആറ് ലക്ഷം കോടി രൂപ ഖജനാവിലേക്ക് സ്വരൂപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കുകയാണ്. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കലിന്റെ വേഗം കൂട്ടുന്നതിന് പുറമെയാണ് ഈ “വില്‍പ്പന’. രാജ്യം വിറ്റഴിക്കാനാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത് എന്ന് കുറ്റപ്പെടുത്തുന്നുണ്ട്, രാഹുല്‍ ഗാന്ധി. അതിന്റെ ചുവടുപിടിച്ച് സംസാരിക്കുന്നുണ്ട് താഴേത്തട്ടിലുള്ള നേതാക്കള്‍. അപ്പോഴുയരുന്ന ചോദ്യം ഓഹരി വിറ്റഴിക്കല്‍, സ്വകാര്യവത്കരണം എന്നിവയിലൊക്കെ കോണ്‍ഗ്രസ്സിന്റെ നയമെന്താണ് എന്നതാണ്. പൊതു മേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍ക്കലും സ്വകാര്യവത്കരണവും തുടങ്ങിവെച്ചത് കോണ്‍ഗ്രസ്സാണ്. ആ നയം പാര്‍ട്ടി മാറ്റിയിട്ടുണ്ടോ? മാറ്റാതെ എങ്ങനെയാണ് ഈ വിറ്റഴിക്കല്‍ വില്‍പ്പനയെ എതിര്‍ക്കുക?
സെമി കേഡര്‍ സംവിധാനത്തിലേക്ക് മാറിയ കേരള ഘടകത്തെ സംബന്ധിച്ച് പാര്‍ട്ടി നിലപാട് വിശദീകരിക്കേണ്ടത് കെ പി സി സിയുടെ പ്രസിഡന്റാണ്. അതിനെ ആസ്പദമാക്കിയാണ് ഇതര നേതാക്കള്‍ സംസാരിക്കേണ്ടത്. കെ പി സി സിക്ക് നിലപാടെടുക്കണമെങ്കില്‍ ദേശീയ നേതൃത്വം വ്യക്തത വരുത്തണം. അങ്ങനെ വ്യക്തത വരുത്താതിരിക്കെ എങ്ങനെയാണ് സെമി കേഡര്‍ സംവിധാനം പ്രായോഗികമാകുക? പെട്രോളിന്റെയും ഡീസലിന്റെയും വില വന്‍തോതില്‍ കൂട്ടുന്നതിനെയും പാചക വാതകത്തിന്റെ സബ്‌സിഡി ഇല്ലാതാക്കിയതിനെയും കോണ്‍ഗ്രസ്സ് വിമര്‍ശിക്കുന്നുണ്ട്. പെട്രോളിന്റെയും ഡീസലിന്റെയും വിലയിന്‍മേല്‍ സര്‍ക്കാറിനുണ്ടായിരുന്ന നിയന്ത്രണം ഇല്ലാതാക്കുക എന്ന നയപരമായ തീരുമാനം കോണ്‍ഗ്രസ്സിന്റേതായിരുന്നു. ആ തീരുമാനം തെറ്റായിരുന്നുവെന്ന് കോണ്‍ഗ്രസ്സ് നേതൃത്വം ഇതുവരെ പറഞ്ഞിട്ടില്ല. അതിലൊരു വ്യക്തത വരുത്താതിരിക്കെ, വിലനിയന്ത്രണാധികാരം എണ്ണ വിതരണ കമ്പനികള്‍ക്ക് കൈമാറുക എന്നത് പാര്‍ട്ടി നയമാണെന്ന് നേതാക്കളിലാരെങ്കിലും പറഞ്ഞാല്‍ തെറ്റുപറയാനാകില്ല. പാര്‍ട്ടി നിലപാടിന് വിരുദ്ധമായി സംസാരിച്ചുവെന്ന് കുറ്റപ്പെടുത്താനുമാകില്ല.
കേരളത്തില്‍ കോണ്‍ഗ്രസ്സിന്റെ തുടര്‍ തോല്‍വികള്‍ക്ക് കാരണമായ സംഗതികളിലൊന്ന് വര്‍ഗീയ ശക്തികളോട് അവരെടുക്കുന്ന നിലപാടില്‍ ന്യൂനപക്ഷങ്ങള്‍ക്കുണ്ടായ അവിശ്വാസമാണ്. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ മുതലിങ്ങോട്ടുള്ളവര്‍ പലപ്പോഴും സ്വീകരിച്ച മൃദു ഹിന്ദുത്വ നിലപാടാണ് ഈ അവിശ്വാസമുണ്ടാക്കിയത്. ബാബരി മസ്ജിദ് നിലനിന്ന ഭൂമിയില്‍ രാമക്ഷേത്ര നിര്‍മാണത്തിന് തറക്കല്ലിട്ടപ്പോള്‍ അതിനെ സര്‍വാത്മനാ സ്വാഗതം ചെയ്യുന്നതായിരുന്നു പ്രിയങ്കാ ഗാന്ധി മുതലിങ്ങോട്ടുള്ള നേതാക്കളുടെ പ്രതികരണം. ശ്രീരാമന്‍ വനയാത്രക്ക് പുറപ്പെട്ടതെന്ന് വിശ്വസിക്കുന്ന പാത പുനര്‍ നിര്‍മിക്കുമെന്നതായിരുന്നു മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന്റെ വാഗ്ദാനങ്ങളിലൊന്ന്. ഇത്തരം നിലപാടുകള്‍ സംഘ്പരിവാര അജന്‍ഡകളെ അരക്കിട്ടുറപ്പിക്കാനും കോണ്‍ഗ്രസ്സിന്റെ അണികളെ ആ പാളയത്തിലേക്ക് എത്തിക്കാനും മാത്രമേ സഹായിച്ചിട്ടുള്ളൂ. ഇതൊക്കെ അവസാനിപ്പിച്ച്, ജവഹര്‍ലാല്‍ നെഹ്‌റു മുന്നോട്ടുവെച്ച മതനിരപേക്ഷതയിലേക്ക് മടങ്ങാന്‍ കോണ്‍ഗ്രസ്സ് തയ്യാറാകുമോ? അങ്ങനെ തയ്യാറാകാത്ത പക്ഷം, കോണ്‍ഗ്രസ്സിന്റെ കേരള ഘടകത്തിലെ ഏതെങ്കിലും നേതാക്കള്‍, തത്കാല തിരഞ്ഞെടുപ്പ് ലാഭം മുന്‍ നിര്‍ത്തി മൃദു ഹിന്ദുത്വ നിലപാടുകള്‍ സ്വീകരിച്ചാല്‍ അതിനെതിരെ നടപടിയെടുക്കാന്‍ പ്രദേശ് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ അധ്യക്ഷന് സാധിക്കുമോ?
എന്‍ ഐ എ നിയമം ഭേദഗതി ചെയ്തപ്പോഴും ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞപ്പോഴും കോണ്‍ഗ്രസ്സ് നേതാക്കള്‍ പാര്‍ലിമെന്റില്‍ പോലും വ്യത്യസ്ത നിലപാടുകള്‍ സ്വീകരിച്ചിരുന്നു. മോദി സര്‍ക്കാറിന്റെ നിലപാടുകളോട് ഏത് വിധത്തില്‍ പ്രതികരിക്കണമെന്ന് പോലും ധാരണയില്ലാത്ത ആള്‍ക്കൂട്ടമായി കോണ്‍ഗ്രസ്സ് നേതൃത്വം മാറിയെന്ന പ്രതീതിയാണ് അന്ന് സൃഷ്ടിക്കപ്പെട്ടത്. അത്തരം സാഹചര്യം ആവര്‍ത്തിക്കപ്പെടാതിരിക്കുക എന്നത് കൂടി ഇവിടെ അവതരിപ്പിക്കപ്പെടുന്ന സെമി കേഡര്‍ എന്ന സങ്കല്‍പ്പത്തിന്റെ നിലനില്‍പ്പിന് അനിവാര്യമാണ്.
ഭാരവാഹിപ്പട്ടികയുടെ കാര്യത്തില്‍ പ്രദേശ് കോണ്‍ഗ്രസ്സ് കമ്മിറ്റി നല്‍കിയ നിര്‍ദേശങ്ങളനുസരിച്ച് ഹൈക്കമാന്‍ഡെടുക്കുന്ന തീരുമാനത്തെ വിമര്‍ശിക്കുന്നവരെ നിശ്ശബ്ദരാക്കി നിര്‍ത്തുന്നത് മാത്രമല്ല പാര്‍ട്ടി അച്ചടക്കം. അതില്‍ മാത്രമൊതുങ്ങുന്ന അച്ചടക്ക നടപടി കൊണ്ട് സൃഷ്ടിച്ചെടുക്കാവുന്നതുമല്ല സെമി കേഡര്‍ സംവിധാനം. അത് മാത്രമായാല്‍, “തലമുറമാറ്റ’ത്തിലൂടെ നേതൃത്വത്തിലേക്ക് വന്നവരുടെ അധികാരം സ്ഥാപിച്ചെടുക്കല്‍ മാത്രമായി പരിമിതപ്പെടുകയാകും ചെയ്യുക. അതങ്ങനെ പരിമിതപ്പെടുന്നതു കൊണ്ടാണ് ഉമ്മന്‍ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയുമൊക്കെ വലിയ എതിര്‍പ്പ് ഉയര്‍ന്നുവരുന്നത്, അത് ശമിപ്പിക്കാന്‍ കെ സുധാകരനും വി ഡി സതീശനും വലിയ ഊര്‍ജവ്യയം വേണ്ടിവരുന്നതും.
പാര്‍ട്ടിയില്‍ അധികാരമുറപ്പിക്കുക എന്ന പരിമിതമായ ലക്ഷ്യത്തോടെയാണെങ്കിലും കെ സുധാകരന്‍ പറയുന്ന സെമി കേഡര്‍ സംവിധാനവും അച്ചടക്കവുമൊക്കെ ആദ്യം മനസ്സിലാക്കേണ്ടത്, ഉമ്മന്‍ ചാണ്ടിയോ രമേശ് ചെന്നിത്തലയോ അവര്‍ക്കൊപ്പം ഇപ്പോഴും തുടരുന്ന ഗ്രൂപ്പ് മാനേജര്‍മാരോ അല്ല. “കാണാനില്ലെ’ന്ന് കോണ്‍ഗ്രസ്സിലെ മുതിര്‍ന്ന 23 നേതാക്കള്‍ കത്തിലൂടെ ഓര്‍മിപ്പിച്ച ദേശീയ നേതൃത്വമാണ്. സുധാകരന്റെ മാതൃക അവിടെ പകര്‍ത്താനും വിവിധ വിഷയങ്ങളില്‍ പാര്‍ട്ടി സ്വീകരിക്കേണ്ട നയമെന്ത് എന്ന് തീരുമാനിക്കാനും അവര്‍ തയ്യാറായില്ലെങ്കില്‍ ഇവിടെ സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന സെമി കേഡര്‍ സംവിധാനത്തിന് വലിയ ആയുസ്സൊന്നുമുണ്ടാകില്ല. കെ പി സി സി പ്രസിഡന്റിന്റെയും പ്രതിപക്ഷ നേതാവിന്റെയും ഉപഗ്രഹങ്ങളായവര്‍ ചേരുന്ന പുതിയ ഗ്രൂപ്പുകളായി കെ പി സി സി വൈകാതെ മാറുകയും ചെയ്യും. ആകയാല്‍ സുധാകരനൊരു തുടക്കമാകണം, കേരളത്തില്‍ മാത്രമല്ല, കോണ്‍ഗ്രസ്സിനെ സംബന്ധിച്ച് രാജ്യത്തെമ്പാടും.
source https://www.sirajlive.com/so-sudhakaran-should-be-a-start-across-the-country.html
Post a Comment