മതം മാറാന്‍ പ്രേരിപ്പിക്കുന്ന പ്രഭാഷണം നടത്തിയെന്ന ആരോപണം; ഐ എ എസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം

ലക്‌നോ | മതപരിവര്‍ത്തനത്തിന് പ്രേരിപ്പിക്കുന്ന പ്രഭാഷണം നടത്തിയെന്ന് ആരോപിച്ച് യു പിയില്‍ ഉന്നത ഐ എ എസ് ഉദ്യോഗസ്ഥന്‍ മുഹമ്മദ് ഇഫ്തിഖറുദ്ദീനെതിരെ അന്വേഷണം. ഔദ്യോഗിക വസതിയിൽ വെച്ച് പ്രഭാഷണം നടത്തിയെന്നാണ് ആരോപണം.

വീഡിയോ വൈറലായതിനെ തുടര്‍ന്നാണ് കാണ്‍പൂര്‍ പോലീസ് അന്വേഷണം പ്രഖ്യാപിച്ചത്. നിലവില്‍ സംസ്ഥാന റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ മേധാവിയാണ് ഇഫ്തിഖറുദ്ദീന്‍. രാജസ്ഥാനിലെ അജ്മീര്‍ മുനിസിപ്പല്‍ കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ നീരജ് ജെയിന്‍ തുടങ്ങിയവരാണ് വീഡിയോ ആദ്യം പങ്കുവെച്ചത്. മഠ- മന്ദിര്‍ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ഭൂപേഷ് അസ്വതിയാണ് ആദ്യം ആരോപണവുമായി രംഗത്തുവന്നത്.

വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്ന് അന്വേഷണം നടത്താന്‍ പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഡി ജി പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തി ഏഴ് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തരവ് നല്‍കിയിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. സംഭവം ഗൗരവമായാണ് സംസ്ഥാന സര്‍ക്കാര്‍ കാണുന്നതെന്ന് ഉപമുഖ്യമന്ത്രി കേശവ് മൗര്യ പറഞ്ഞു. അന്വേഷണ റിപ്പോര്‍ട്ടിന് ശേഷം നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.



source https://www.sirajlive.com/accused-of-preaching-proselytizing-investigation-against-ias-officer.html

Post a Comment

أحدث أقدم