ആരോഗ്യ മേഖലയുടെ വികസനത്തിനായി ആവിഷ്‌കരിച്ച ആത്മനിര്‍ഭര്‍ സ്വസ്ഥ് ഭാരത് പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയിരിക്കുകയാണ്. അടിസ്ഥാന ആരോഗ്യ സൗകര്യങ്ങള്‍ മുതല്‍ പരിശോധന, ചികിത്സ, മരുന്ന്, ഗവേഷണം തുടങ്ങി ആറ് വര്‍ഷം കൊണ്ട് ആരോഗ്യ രംഗത്തെ എല്ലാ മേഖലയിലും സമ്പൂര്‍ണ വികസനം ലക്ഷ്യമിടുന്നതാണ് 64,000 കോടി രൂപയുടെ ഈ പദ്ധതിയെന്നാണ് സര്‍ക്കാര്‍ പറയുന്നത്. രാജ്യത്തെ എല്ലാ ജില്ലകളിലും 3,382 ബ്ലോക്കുകളിലും സംയോജിത പരിശോധനാ ലാബുകള്‍ സജ്ജീകരിക്കാനും പദ്ധതി ലക്ഷ്യമിടുന്നു.
ഒരു മികച്ച രാഷ്ട്രത്തിന്റെ സൃഷ്ടിപ്പില്‍ സുപ്രധാന ഘടകമാണ് ആരോഗ്യമുള്ള ജനത. താങ്ങാവുന്നതും നിലവാരമുള്ളതുമായ ആരോഗ്യ പരിപാലനം ഉറപ്പാക്കുന്നതിലൂടെ മാത്രമേ ഇത് സാധ്യമാക്കാനാകൂ. ഈ കാര്യത്തില്‍ വളരെ പിന്നിലാണ് ഇന്ത്യ. രാജ്യം പല രംഗത്തും വന്‍ പുരോഗതി നേടിയെങ്കിലും ആരോഗ്യ മേഖല വിശേഷിച്ചും ഗ്രാമപ്രദേശങ്ങളില്‍ ഇന്നും ശുഷ്‌കമാണ്. ഒരു മഹാമാരി കടന്നുവന്നാല്‍ നേരിടാനുള്ള സംവിധാനങ്ങളും സജ്ജീകരണങ്ങളും ഇന്നും രാജ്യത്തില്ല. കൊവിഡ് മഹാമാരി ഇക്കാര്യം നന്നായി ബോധ്യപ്പെടുത്തി. പല സംസ്ഥാനങ്ങളിലും രോഗികളെ പ്രവേശിപ്പിക്കാനാകാതെ ആശുപത്രി അധികൃതര്‍ പ്രയാസപ്പെടുകയും രോഗികളെ തിരിച്ചയക്കേണ്ടി വരികയോ, ആശുപത്രിക്കു പുറത്ത് മരത്തണലിലും മറ്റും കിടത്തേണ്ട അവസ്ഥ സംജാതമാകുകയോ ചെയ്തു. കൊവിഡ് ബാധയുടെ തുടക്കത്തില്‍ നടന്ന ഒരു സര്‍വേ പ്രകാരം 11,600 ഇന്ത്യക്കാര്‍ക്ക് ഒരു ഡോക്ടറും 1,826 പേര്‍ക്ക് ഒരു ആശുപത്രി കിടക്കയുമാണുള്ളത്. ഐസൊലേഷന്‍ കിടക്ക 84,000 പേര്‍ക്ക് ഒന്ന് മാത്രം. സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഹെല്‍ത്ത് ഇന്റലിജന്‍സിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്തെ സര്‍ക്കാര്‍ ആശുപത്രികളിലെയും കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളിലെയും കിടക്കകളുടെ എണ്ണം ആറ് ലക്ഷത്തില്‍പരം മാത്രമാണ്. “സെന്റര്‍ ഫോര്‍ ഡിസീസ് ഡൈനാമിക്‌സിന്റെ’ ഡയറക്ടര്‍ രമണന്‍ ലക്ഷ്മി നാരായണന്റെ സഹകരണത്തോടെ റഷ്യന്‍ ടി വി ഇന്ത്യയിലെ ആരോഗ്യ രംഗത്തെക്കുറിച്ച് ഒരു അപഗ്രഥനം നടത്തിയിരുന്നു. ഇതനുസരിച്ച് രാജ്യത്തെ ആകെ വെന്റിലേറ്ററുകളുടെ എണ്ണം 20,000 മാത്രമായിരുന്നു കൊവിഡ് ബാധയുടെ തുടക്കത്തില്‍.
നഗരങ്ങളെയും ഗ്രാമങ്ങളെയും ഉള്‍പ്പെടുത്തിയുള്ളതാണ് ഈ കണക്കുകളെല്ലാം. ഗ്രാമങ്ങളുടെ മാത്രം കണക്കെടുത്താല്‍ കാര്യം കൂടുതല്‍ പരിതാപകരമാണെന്നു കാണാം. ഇന്ത്യന്‍ ജനസംഖ്യയുടെ ഭൂരിഭാഗവും അധിവസിക്കുന്നത് ഗ്രാമങ്ങളിലാണ്. 2011ലെ സെന്‍സസ് പ്രകാരം ജനസംഖ്യയുടെ 69 ശതമാനവും ഗ്രാമീണരാണ്. അതേസമയം ചികിത്സാ കേന്ദ്രങ്ങള്‍ കൂടുതലും നഗരങ്ങള്‍ കേന്ദ്രീകരിച്ചാണുള്ളത്. അമ്പതാം വേള്‍ഡ് ഇക്കോണമിക് ഫോറത്തിന്റെ (ഡബ്ല്യു ഇ എഫ്) മുന്നോടിയായി മനുഷ്യാവകാശ സംഘടനയായ ഓക്‌സ്ഫാം കഴിഞ്ഞ ജൂണില്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ഇന്ത്യയിലെ നഗര, ഗ്രാമ പ്രദേശങ്ങള്‍ക്കിടയിലെ ആരോഗ്യ അസമത്വം എടുത്തു പറയുന്നുണ്ട്. ഗ്രാമങ്ങളിലേക്ക് ആരോഗ്യ സൗകര്യങ്ങളുടെ 30 ശതമാനം പോലും എത്തുന്നില്ല. 1,000 പേര്‍ക്ക് ഒരു ഡോക്ടര്‍ എന്നതാണ് ദേശീയ ശരാശരിയായി ഡബ്ല്യു എച്ച് ഒ നിര്‍ദേശിക്കുന്നതെങ്കിലും രാജ്യത്തെ ഗ്രാമീണ മേഖലയില്‍ 26,000 പേര്‍ക്ക് ഒരു ഡോക്ടര്‍ മാത്രമാണുള്ളത്. ചേരി പ്രദേശങ്ങളിലെ സ്ഥിതി കൂടുതല്‍ കഷ്ടമാണ്. 2001ലെ സെന്‍സസ് കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ 42.6 മില്യന്‍ ചേരി നിവാസികളാണ് ഉണ്ടായിരുന്നതെങ്കില്‍ 2019 ആയപ്പോള്‍ അത് 104 മില്യനില്‍ എത്തി. അടിസ്ഥാന സൗകര്യങ്ങളും ചികിത്സാ സംവിധാനങ്ങളും അതീവ ശുഷ്‌കമാണ് ഈ മേഖലയില്‍. രാജ്യത്ത് കൊവിഡ് തീവ്രമായത് ഇത്തരം മേഖലകളിലാണെന്നത് ശ്രദ്ധേയമാണ്.
പൊതു ആരോഗ്യ മേഖലക്ക് നീക്കിവെക്കുന്ന വിഹിതം, ജി ഡി പി അടിസ്ഥാനപ്പെടുത്തി വിലയിരുത്തുമ്പോള്‍, അയല്‍ രാജ്യങ്ങളേക്കാള്‍ പിന്നിലാണ് ഇന്ത്യ. ഭൂട്ടാന്‍ ആരോഗ്യ മേഖലക്ക് ജി ഡി പിയുടെ 2.5 ശതമാനവും ശ്രീലങ്ക 1.6 ശതമാനവും നേപ്പാള്‍ 1.1 ശതമാനവും ചെലവിടുമ്പോള്‍ 1.02 ശതമാനം മാത്രമാണ് ഇന്ത്യ നീക്കിവെക്കുന്നതെന്ന് ലോകാരോഗ്യ സംഘടനയുടെ 2018ലെ നാഷനല്‍ ഹെല്‍ത്ത് പ്രൊഫൈലില്‍ വ്യക്തമാക്കുന്നു. ജനസംഖ്യാ വളര്‍ച്ചക്കനുസരിച്ച് ഗ്രാമീണ മേഖലകളിലെ ആരോഗ്യ സംവിധാനങ്ങളില്‍ വളര്‍ച്ചയുണ്ടായില്ലെന്നതാണ് ഇന്ത്യയിലെ ആരോഗ്യ മേഖല നേരിടുന്ന പ്രധാന പ്രതിസന്ധിയെന്നും പ്രൊഫൈല്‍ ചൂണ്ടിക്കാട്ടുന്നു. ആരോഗ്യ പദ്ധതികളില്‍ ഗ്രാമീണ പ്രദേശങ്ങള്‍ക്ക് മുന്‍ഗണന നല്‍കേണ്ടതിന്റെ അനിവാര്യതയിലേക്കാണ് ഇതെല്ലാം വിരല്‍ചൂണ്ടുന്നത്.
പകര്‍ച്ചവ്യാധികളും അണുബാധയുമാണ് ആരോഗ്യ രംഗത്ത് രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളി. ഇവയെ നേരിടാന്‍ സജ്ജമല്ല രാജ്യത്തെ ആരോഗ്യ മേഖല. കാര്‍ഡിയോളജി, ഓങ്കോളജി, നെഫ്രോളജി മേഖലകളിലെ പോലെ പകര്‍ച്ച വ്യാധികളുടെ വിദഗ്ധ ചികിത്സകള്‍ക്കുള്ള പ്രാഥമിക പരിശീലനം പോലും ഇന്ത്യയിലെ പല മെഡിക്കല്‍ കേളജുകളിലും നിലവിലില്ലെന്ന് കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരളാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് സീനിയര്‍ അഡ്വൈസര്‍ ഡോ. സി സി കര്‍ത്തായും ഇന്റര്‍നാഷനല്‍ മെഡിസിന്‍ സ്‌പെഷ്യലിസ്റ്റ് ഡോ. എം ഐ സഅദുല്ലയും ചേര്‍ന്നു നടത്തിയ വിശകലന റിപ്പോര്‍ട്ടില്‍ പറയുന്നു. നേരത്തേ മലേറിയ, പ്ലേഗ്, കുഷ്ടം, കോളറ തുടങ്ങിയ മഹാമാരികളെ നിയന്ത്രിക്കുന്നതില്‍ രാജ്യത്തിനു വിജയം കൈവരിക്കാന്‍ സാധിച്ചെങ്കിലും സമീപ കാലത്ത് കടന്നുവന്ന വിവിധതരം പകര്‍ച്ചവ്യാധികളുടെ വ്യാപനം വലിയ വെല്ലുവിളി ഉയര്‍ത്തുകയുണ്ടായി. കൊവിഡ് നല്‍കിയ പാഠത്തിന്റെ അടിസ്ഥാനത്തില്‍ അണുബാധകള്‍ ഉയര്‍ത്തുന്ന രോഗവ്യാപനം മുന്നില്‍ കണ്ടുള്ള വികസനവും പദ്ധതികളുമായിരിക്കണം ആരോഗ്യ മേഖലയില്‍ ഇനി നടപ്പാക്കേണ്ടതെന്നും മെഡിക്കല്‍ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ പകര്‍ച്ചവ്യാധിരോഗ മേഖലയിലെ പഠനങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കേണ്ടതുണ്ടെന്നുമാണ് വിദഗ്ധരുടെ പക്ഷം.
source https://www.sirajlive.com/healthy-people-are-the-best-wealth-of-the-country.html
إرسال تعليق