കര്‍ഷകരുടെ കടബാധ്യതയും പ്രക്ഷോഭവും

രാജ്യ തലസ്ഥാനത്തും സമീപ സംസ്ഥാനങ്ങളിലും കര്‍ഷക സമരം ശക്തമായി തുടരുന്നതിനിടെയാണ് കര്‍ഷകരുടെ കടബാധ്യത സംബന്ധിച്ച ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്തുവന്നിരിക്കുന്നത്. കര്‍ഷകര്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് സമരം ചെയ്യുന്നതെന്നും അവരുടെ പ്രശ്‌നങ്ങളില്‍ ഗുണപരമായി ഇടപെടാന്‍ സാധിച്ചിട്ടുണ്ടെന്നും നിരന്തരം അവകാശപ്പെടുന്ന കേന്ദ്ര സര്‍ക്കാറിനെതിരെയുള്ള കുറ്റപത്രം കൂടിയാണ് ഈ കണക്കുകള്‍. കഴുത്തറ്റം മുങ്ങി നില്‍ക്കുന്ന കര്‍ഷക സമൂഹത്തെ സമ്പൂര്‍ണമായി മുക്കിക്കൊല്ലാനുള്ള കരിനിയമങ്ങളുണ്ടാക്കുകയല്ല, അവര്‍ക്ക് കൂടുതല്‍ താങ്ങായിരിക്കുകയാണ് ഭരിക്കുന്നവര്‍ ചെയ്യേണ്ടത്.

രാജ്യത്തെ അമ്പത് ശതമാനത്തിലധികം കര്‍ഷകരും കടക്കെണിയിലാണെന്ന് വ്യക്തമാക്കുന്ന സര്‍വേ ഫലം പുറത്തുവിട്ടത് നാഷനല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസാണ്. 2018ലെ കണക്കാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അതുകഴിഞ്ഞുള്ള വര്‍ഷങ്ങള്‍ കൂടി ചേര്‍ക്കുമ്പോള്‍ സ്ഥിതി ഇതിനേക്കാള്‍ ഗുരുതരമാകും. 2013 മുതലുള്ള അഞ്ച് വര്‍ഷത്തിനിടെ ഓരോ കര്‍ഷക കുടുംബത്തിന്റെയും കടം 57.7 ശതമാനം വര്‍ധിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. കര്‍ഷക കുടുംബത്തിന്റെ ശരാശരി കടബാധ്യത 2018ല്‍ 74,121 രൂപയായി ഉയര്‍ന്നു. 2013ല്‍ ഇത് 47,000 രൂപയായിരുന്നു. ആന്ധ്രാപ്രദേശിലാണ് കടപ്പെരുപ്പം ഏറ്റവും രൂക്ഷമായിരിക്കുന്നത്. ബേങ്കുകള്‍, സഹകരണ സംഘങ്ങള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്ന് 69.6 ശതമാനം മാത്രമേ വായ്പ എടുത്തിട്ടുള്ളൂവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. സ്വകാര്യ കൊള്ളപ്പലിശ സംഘങ്ങളെ തന്നെയാണ് കര്‍ഷകര്‍ ഇപ്പോഴും ആശ്രയിക്കുന്നത് എന്ന് ഇത് തെളിയിക്കുന്നു. ഇത്തരം സംഘങ്ങള്‍ കര്‍ഷകന്റെ വിളയ്ക്കും വിയര്‍പ്പിനുമാണ് സത്യത്തില്‍ വിലയിടുന്നത്. കര്‍ഷകനെ ചൂഷണം ചെയ്യാന്‍ കാത്തിരിക്കുന്ന കോര്‍പറേറ്റുകള്‍ക്ക് സമാനമാണ് ഈ പലിശ സംഘങ്ങളുടെയും തന്ത്രങ്ങള്‍.

മൊത്തം വായ്പയില്‍ 57.5 ശതമാനം മാത്രമാണ് കാര്‍ഷിക ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചതെന്ന കണ്ടെത്തലും റിപ്പോര്‍ട്ടിലുണ്ട്. നേരത്തേയുള്ള കടബാധ്യത തീര്‍ക്കാന്‍ ഈ പണം ഉപയോഗിക്കുന്നുവെന്നാണ് ഇതില്‍ നിന്ന് മനസ്സിലാക്കേണ്ടത്. കാര്‍ഷികേതര ആവശ്യങ്ങള്‍ക്കായി വായ്പകള്‍ വിനിയോഗിക്കുന്നുവെന്നതും വസ്തുതയാണ്. ഇതും കര്‍ഷകരുടെ സാമ്പത്തിക പ്രതിസന്ധിയെയാണ് കാണിക്കുന്നത്. കേരളമടക്കമുള്ള 11 സംസ്ഥാനങ്ങളില്‍ കടം ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ്. കേരളത്തില്‍ 2.42 ലക്ഷമാണ് ശരാശരി കടം. 2018-19ല്‍ കര്‍ഷകരുടെ ശരാശരി പ്രതിമാസ വരുമാനം 10,218 രൂപയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന കരിനിയമങ്ങള്‍ക്കെതിരെയാണ് ഇപ്പോള്‍ സമരം നടക്കുന്നതെങ്കിലും ആ പ്രക്ഷോഭത്തിന്റെ അജന്‍ഡ വിശാലമാക്കേണ്ടതുണ്ട്. കര്‍ഷകരുടെ ജീവിത പ്രശ്‌നങ്ങളിലേക്ക് രാജ്യത്തിന്റെ ശ്രദ്ധ തിരിക്കാനുള്ള പോരാട്ടമായി ഇത് മാറണം. കടബാധ്യതയില്‍ നിന്ന് കര്‍ഷകര്‍ക്ക് രക്ഷപ്പെടാന്‍ സാധിക്കാത്തത് എന്തുകൊണ്ടാണ്? കര്‍ഷകര്‍ക്ക് മതിയായ വില കിട്ടാന്‍ കോര്‍പറേറ്റുകളെ കടത്തിവിടുകയാണോ ചെയ്യേണ്ടത് തുടങ്ങിയ ചോദ്യങ്ങളുയരണം. സമരത്തിന് രാഷ്ട്രീയ ഉള്ളടക്കമുണ്ടെന്ന് ഭാരതീയ കിസാന്‍ യൂനിയന്‍ നേതാവ് രാകേഷ് ടിക്കായത്ത് നിര്‍ഭയം വ്യക്തമാക്കിയിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രാഷ്ട്രീയ പ്രചാരണം നടത്തുമെന്ന് മുസാഫര്‍ നഗറില്‍ നടന്ന കിസാന്‍ മഹാപഞ്ചായത്തിന് മുന്നോടിയായി അദ്ദേഹം പ്രഖ്യാപിച്ചു. പ്രധാനമന്ത്രിക്ക് ‘പബ്ലിസിറ്റി’ നല്‍കാനാണ് ഞങ്ങളുടെ തീരുമാനം. നരേന്ദ്ര മോദി എല്ലാം വിറ്റുതുലക്കുകയാണ്. ഇത് ഞങ്ങള്‍ പൊതുജനത്തിന് മുമ്പാകെ തുറന്നുപറയും. വൈദ്യുതി, വെള്ളം തുടങ്ങി എല്ലാം അവര്‍ വില്‍ക്കുന്നു. ഇത് പൊതുജനത്തോട് പറയുന്നത് തെറ്റാണോ?- രാകേഷ് ടിക്കായത്ത് ചോദിക്കുന്നു. രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കുന്ന സമരമായി മാറാനുള്ള ഉള്‍ക്കരുത്ത് ഈ കര്‍ഷക കൂട്ടായ്മക്കുണ്ട്. പുതുതായി കൊണ്ടുവന്ന കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്ന പ്രശ്‌നമില്ലെന്ന് ധാര്‍ഷ്ട്യത്തോടെ ആവര്‍ത്തിക്കുന്ന കേന്ദ്ര സര്‍ക്കാറിന് നേരേ അതിന്റെ ജനവിരുദ്ധ നയങ്ങളുടെ ഇരകളാകുന്ന മുഴുവന്‍ പേരെയും അണിനിരത്തുകയാണ് വേണ്ടത്. അടുത്ത് നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്കെതിരെ പ്രചാരണത്തിനിറങ്ങുമെന്ന കര്‍ഷകരുടെ തീരുമാനത്തിനും വലിയ പ്രാധാന്യമുണ്ട്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ് കര്‍ഷകര്‍ എന്നൊക്കെ പാഠപുസ്തകങ്ങളില്‍ വായിക്കാന്‍ കൊള്ളാം. ആ നട്ടെല്ല് കടക്കാര്‍ക്ക് മുന്നില്‍ വളഞ്ഞു തകരാന്‍ പോകുകയാണെന്ന യാഥാര്‍ഥ്യത്തെ അഭിമുഖീകരിക്കാന്‍ രാജ്യത്താകെയുള്ള ജനാധിപത്യവാദികള്‍ തയ്യാറാകേണ്ടതുണ്ട്.

ഈ സമരം തോല്‍ക്കാനുള്ളതല്ലെന്ന് കര്‍ണാലിലെ കര്‍ഷകര്‍ കഴിഞ്ഞ ദിവസം തെളിയിച്ചിട്ടുണ്ട്. കര്‍ണാലിലെ ഉപരോധ സമരം കര്‍ഷകര്‍ അവസാനിപ്പിച്ചത് മുഴുവന്‍ ഡിമാന്റുകളും നേടിയെടുത്തുകൊണ്ടാണ്. കര്‍ഷക പ്രതിഷേധത്തിനിടെയുണ്ടായ പോലീസ് അതിക്രമത്തില്‍ ഹരിയാന സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. കര്‍ഷകരുടെ തല തല്ലിപ്പൊളിക്കാന്‍ ആഹ്വാനം നല്‍കിയ മുന്‍ സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ് ആയുഷ് സിന്‍ഹയെ അവധിയില്‍ വിട്ടു. കര്‍ഷക പ്രതിഷേധത്തിന് നേരേ നടന്ന പോലീസ് ലാത്തിച്ചാര്‍ജില്‍ മരിച്ച കര്‍ഷകന്‍ സുശീല്‍ കാജലിന്റെ കുടുംബത്തിലെ രണ്ട് പേര്‍ക്ക് ജോലി നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. എന്നുവെച്ചാല്‍ ഹരിയാന സര്‍ക്കാര്‍ അക്ഷരാര്‍ഥത്തില്‍ മുട്ടുമടക്കി. ഇതൊരു സന്ദേശമാണ്. കര്‍ഷക രോഷത്തില്‍ പിടിച്ചുനില്‍ക്കാന്‍ സര്‍ക്കാറുകള്‍ക്ക് സാധിക്കില്ലെന്ന സന്ദേശം. സംയുക്ത കിസാന്‍ മോര്‍ച്ച ഈ മാസം 27ന് ഭാരത് ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പ്രക്ഷോഭത്തെ പിന്തുണക്കാന്‍ ഇടതു പാര്‍ട്ടികളായ സി പി എം, സി പി ഐ, ഫോര്‍വേഡ് ബ്ലോക്ക്, ആര്‍ എസ് പി എന്നിവ ആഹ്വാനം ചെയ്തിരിക്കുകയാണ്. കൂടുതല്‍ പാര്‍ട്ടികളുടെയും പൗരസംഘടനകളുടെയും പിന്തുണ അര്‍ഹിക്കുന്ന സമരമാണിത്. അന്നം തരുന്നവരുടെ സമരം ഉയര്‍ത്തുന്ന രാഷ്ട്രീയം കൈയൊഴിയുന്നത് നമ്മുടെ ജനാധിപത്യ സംവിധാനത്തെ അനിവാര്യമായ തിരുത്തലിന് വിധേയമാക്കാനുള്ള അവസരം കളഞ്ഞുകുളിക്കലാകും.



source https://www.sirajlive.com/debt-and-agitation-of-farmers.html

Post a Comment

Previous Post Next Post