കെപിസിസി പുന:സംഘടന; താരിഖ് അന്‍വര്‍ ഇന്ന് കേരളത്തില്‍

തിരുവനന്തപുരം | കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി സംസ്ഥാനത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഇന്ന് കേരളത്തിലെത്തും. ഉച്ചയോടെ കൊച്ചിയിലെത്തുന്ന അദ്ദേഹം കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തും. പുനഃസംഘടന ഈ മാസം 30ന് അകം പൂര്‍ത്തിയാക്കാനാണ് തീരുമാനം

കെപിസിസി ,ഡിസിസി പുനഃസംഘടനയുടെ ഭാഗമായുള്ള നേതൃതല ചര്‍ച്ചകള്‍ക്കായാണ് താരിഖ് അന്‍വറിന്റെ കേരള സന്ദര്‍ശനം. ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക പുറത്തുവന്നതിന് പിന്നാലെയുണ്ടായ ആഭ്യന്തര തര്‍ക്കങ്ങളില്‍ നേതാക്കളെ അനുനയിപ്പിച്ചെങ്കിലും സ്ഥിതിഗതികള്‍ അദ്ദേഹം അവലോകനം ചെയ്യും.

ഇന്ന് കൊച്ചിയില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനടക്കമുള്ള നേതാക്കളുമായി ചര്‍ച്ച നടത്തുന്ന താരിഖ് അന്‍വര്‍, നാളെയും മറ്റന്നാളും മുതിര്‍ന്ന നേതാക്കളെ ഉള്‍പ്പെടെ കാണും. എ, ഐ ഗ്രൂപ്പുകള്‍ കെപിസിസി ഭാരവാഹി പട്ടികയിലേയ്ക്ക് പരിഗണിക്കേണ്ടവരുടെ പേരുകള്‍ കെ സുധാകരന് കൈമാറിയിട്ടുണ്ട്. താഴേത്തട്ടില്‍ കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റികള്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട നടപടികളും പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി നെയ്യാര്‍ ഡാമില്‍ നടക്കുന്ന പ്രവര്‍ത്തക ശില്പശാലയുടെ സമാപനച്ചടങ്ങില്‍ താരിഖ് അന്‍വര്‍ പങ്കെടുക്കും.



source https://www.sirajlive.com/kpcc-reorganization-tariq-anwar-is-in-kerala-today.html

Post a Comment

Previous Post Next Post