തിരുവനന്തപുരം | നിർദിഷ്ട സിൽവർ ലൈൻ സെമി ഹൈസ്പീഡ് റെയിൽ പദ്ധതിക്കെതിരെ യു ഡി എഫ് ഉപസമിതിയുടെ റിപ്പോർട്ട്. പദ്ധതി സംസ്ഥാനത്ത് അപ്രായോഗികമാണെന്നാണ് ഉപസമിതി കണ്ടെത്തിയിരിക്കുന്നത്. തുടക്കത്തിൽ തന്നെ പദ്ധതിക്കെതിരെ യു ഡി എഫ് എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. തുടർന്നാണ് പദ്ധതിയെ കുറിച്ച് പഠിക്കാൻ സമിതിയെ നിയോഗിച്ചത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പദ്ധതിക്കെതിരെ പ്രക്ഷോഭ നടപടികൾ ആലോചിക്കുകയാണ് യു ഡി എഫ് നേതൃത്വം.
പരിസ്ഥിതിക്ക് വൻ ദോഷം സൃഷ്ടിക്കുന്ന അതിവേഗ റെയിൽ പാത കേരളത്തെ നെടുകെ മുറിക്കുമെന്നും സംസ്ഥാനത്തിന് വൻ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നുമാണ് എം കെ മുനീർ അധ്യക്ഷനായ ഉപസമിതിയുടെ കണ്ടെത്തൽ.
ഒരു കാലത്തും ലാഭം നേടാൻ കഴിയാത്ത അശാസ്ത്രീയമായ പദ്ധതി സംസ്ഥാനത്തിന് വൻ ബാധ്യതയാകുന്നതോടൊപ്പം പരിസ്ഥിതിയെ തകർക്കുന്നതുമാണെന്ന് യു ഡി എഫ് ഉപസമിതി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
നിലവിലെ റെയിൽവേ പാതകളുടെ നവീകരണവും ചുരുങ്ങിയ ചെലവിൽ വിമാനത്താവളങ്ങൾ ബന്ധിപ്പിച്ചുള്ള വിമാന സർവീസുമാണ് പദ്ധതിക്ക് ബദൽ സംവിധാനമായി ഉപസമിതി റിപ്പോർട്ട് മുന്നോട്ടുവെക്കുന്നത്.
പദ്ധതിക്ക് വേണ്ടി പാളം നിർമിക്കാൻ നിരപ്പായ സ്ഥലത്ത് നാല് മീറ്ററും ചതുപ്പിൽ പത്ത് മീറ്റർ ഉയരത്തിലും മണ്ണിട്ട് നിരത്തുന്നത് കേരളത്തെ കീറിമുറിക്കുകയും നദികളുടെയും ജലാശയങ്ങളുടെയും ഒഴുക്ക് തടസ്സപ്പെടുത്തുകയും ചെയ്യും. പദ്ധതി സംസ്ഥാനത്തിന്റെ തെക്ക് വടക്ക് മേഖലകളെ രണ്ടായി വിഭജിക്കും.
പദ്ധതിയുമായി ബന്ധപ്പെട്ട് പാരിസ്ഥിതിക പഠനത്തിനായി സംസ്ഥാന സർക്കാർ അടുത്തിടെ ഏജൻസിയെ നിയോഗിച്ചിരുന്നു. എന്നാൽ പദ്ധതിയുടെ നടപടിക്രമങ്ങൾ ആരംഭിക്കുന്നതിന് പാരിസ്ഥിതിക പഠനം ആവശ്യമില്ലെന്ന് കേന്ദ്ര സർക്കാർ ഹരിത ട്രൈബ്യൂണലിൽ അറിയിച്ചിട്ടുണ്ട്. പദ്ധതിയുമായി മുന്നോട്ടുപോകുന്ന സംസ്ഥാന സർക്കാറിന് ഏറെ ആശ്വാസകരമായ നടപടിയായിരുന്നു ഇത്.
നാളെ ചേരുന്ന യു ഡി എഫ് നേതൃയോഗം റിപ്പോർട്ട് വിശദമായി ചർച്ച ചെയ്യും. റിപ്പോർട്ട് അംഗീകരിച്ചാൽ സംസ്ഥാന സർക്കാറിന്റെ സ്വപ്‌ന പദ്ധതിക്കെതിരെ യു ഡി എഫ് പ്രത്യക്ഷ സമര പരിപാടികളിലേക്ക് കടന്നേക്കും.
അതേസമയം, സംസ്ഥാനത്തിന്റെ സ്വപ്‌ന പദ്ധതിക്കെതിരെ പ്രത്യക്ഷ സമരത്തിനൊരുങ്ങുന്നത് വിമർശത്തിനിടയാക്കുെമന്ന ആശങ്ക കൂടി യോഗം ചർച്ച ചെയ്യും. ഉപസമിതി റിപ്പോർട്ട് അതേ പടി അംഗീകരിച്ച് എതിർക്കാനുള്ള രാഷ്ട്രീയ തീരുമാനമെടുത്താൽ വികസന വിരോധമെന്ന രീതിയിലുള്ള ആക്ഷേപമുയരാനുള്ള സാധ്യത കൂടി പരിശോധിച്ചായിരിക്കും പ്രത്യക്ഷ സമര പരിപാടികളിലേക്ക് കടക്കുക.
കെ റെയിൽ യാഥാർഥ്യമാക്കുന്നതിന് ഫലപ്രദമായ നടപടികളുമായി സംസ്ഥാന സർക്കാർ മുന്നോട്ടുപോകുന്നതിനിടെയാണ് പദ്ധതിക്കെതിരെ പ്രക്ഷോഭ നീക്കവുമായി പ്രതിപക്ഷം രംഗത്തെത്തിയിരിക്കുന്നത്.
പദ്ധതിക്കായി സ്ഥലമേറ്റെടുക്കാനുള്ള നീക്കത്തിനെതിരെ സംസ്ഥാനത്ത് പലയിടത്തും പ്രതിഷേധം നിലനിൽക്കെയാണ് യു ഡി എഫ് ഉപസമിതിയുടെ റിപ്പോർട്ട് എന്നത് ശ്രദ്ധേയമാണ്. 63,000 കോടി ചെലവാണ് പദ്ധതിക്ക് സംസ്ഥാന സർക്കാർ പ്രതീക്ഷിക്കുന്നതെങ്കിലും ഒന്നേകാൽ ലക്ഷം കോടിയിലേറെ വരുമെന്നാണ് നിതി ആയോഗ് കണക്കാക്കുന്നത്.
source https://www.sirajlive.com/udf-sub-committee-reports-that-k-rail-is-impractical.html
Post a Comment