ചുമട്ടു തൊഴിലാളികളുടെ നോക്കുകൂലി സമ്പ്രദായത്തിനെതിരെ കടുത്ത വിമർശമാണ് കഴിഞ്ഞ ദിവസം കേരള ഹൈക്കോടതിയിൽ നിന്നുണ്ടായത്. കേരളത്തെക്കുറിച്ചു തെറ്റായ ധാരണകൾ പരത്തുകയും സംസ്ഥാനത്തിന്റെ പ്രതിച്ഛായ തകർക്കുകയും ചെയ്യുന്ന നോക്കുകൂലി സമ്പ്രദായം സംസ്ഥാനത്ത് നിന്ന് തുടച്ചു നീക്കണമെന്ന് കോടതി നിർദേശിച്ചു. ചുമട്ടു തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. അതുപക്ഷേ നിയമപരമായ മാർഗങ്ങളിലൂടെയാകണം. അതിനുള്ള നിയമവ്യവസ്ഥ രാജ്യത്ത് നിലവിലുണ്ടെന്നും നോക്കുകൂലിക്കെതിരെ പോലീസ് സംരക്ഷണം ആവശ്യപ്പെട്ടുള്ള ഹരജി പരിഗണിക്കവേ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചൂണ്ടിക്കാട്ടി. നോക്കുകൂലിയുമായി ബന്ധപ്പെട്ട പോലീസ് സംരക്ഷണ ഹരജികൾ സംസ്ഥാനത്ത് കൂടി വരികയാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
കേരളത്തിൽ മാത്രം കാണുന്നതാണ് ചെയ്യാത്ത ജോലിക്ക് കൂലി വാങ്ങുന്ന ഈ സമ്പ്രദായം. സംസ്ഥാന സർക്കാർ ഇത് നിരോധിച്ചതാണ്. 2018 മെയ് ഒന്നിന് തൊഴിലാളി ദിനത്തിൽ അന്നത്തെ തൊഴിൽ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ടോം ജോസ് ഇറക്കിയ ഉത്തരവിൽ നോക്കുകൂലി അനുവദിക്കുകയില്ലെന്നും ആരെങ്കിലും ഇത് വാങ്ങുകയോ ആവശ്യപ്പെടുകയോ ചെയ്താൽ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്നും വ്യക്തമാക്കുന്നുണ്ട്. 2018 ഏപ്രിലിൽ നടൻ സുധീർ കരമനയെ ഭീഷണിപ്പെടുത്തി തൊഴിലാളി യൂനിയനുകൾ വൻതുക നോക്കുകൂലി വാങ്ങിയതിന് പിന്നാലെയായിരുന്നു ഈ വിജ്ഞാപനം. സുധീർ കരമന തിരുവനന്തപുരം ചാക്കയിൽ വീട് നിർമാണത്തിനുള്ള സാധനങ്ങൾ ഇറക്കിയപ്പോഴായിരുന്നു സംഭവം. വീടുപണിക്കുള്ള മാർബിളും ഗ്രാനൈറ്റും ഇറക്കാൻ പതിനാറായിരം രൂപക്ക് മാർബിൾ കമ്പനിയുമായി കരാറുണ്ടാക്കിയ ശേഷമാണ് സാധനങ്ങൾ കൊണ്ടുവന്നത്. ഇതനുസരിച്ച് ലോറിയിൽ നിന്ന് സാധനങ്ങൾ ഇറക്കുന്നതിന് കമ്പനി വക തൊഴിലാളികളെത്തിയപ്പോൾ, സ്ഥലത്തെ തൊഴിലാളികൾ സംഘടിച്ചെത്തുകയും തങ്ങൾക്ക് നോക്കുകൂലി തന്നെങ്കിലേ ഇറക്കാൻ അനുവദിക്കുകയുള്ളൂവെന്ന് ശഠിക്കുകയും ചെയ്തു.
നിയമവിധേയമല്ലാത്ത നോക്ക് കൂലി വാങ്ങുന്നതിനെ സുധീർ ചോദ്യം ചെയ്തപ്പോൾ അദ്ദേഹത്തോട് അവർ കയർത്തു സംസാരിച്ചു. ഒരു ലക്ഷം രൂപയാണ് തൊഴിലാളികൾ ആദ്യം ആവശ്യപ്പെട്ടത്. തർക്കത്തിനൊടുവിൽ 25,000 രൂപയിൽ ഒതുങ്ങി. ഒരു നടന്റേതായത് കൊണ്ടായിരിക്കാം വിഷയം മാധ്യമങ്ങൾ ഏറ്റെടുക്കുകയും വൻ ചർച്ചയാകുകയും ചെയ്തപ്പോൾ സംഭവം തൊഴിലാളി സംഘടനകൾക്ക് തന്നെ നാണക്കേടായി. അവർ സുധീറിനോട് മാപ്പ് ചോദിക്കുകയും വാങ്ങിയ സംഖ്യ തിരിച്ചു നൽകുകയും ചെയ്തു. ഇതുകൊണ്ടൊന്നും പക്ഷേ ഈ പകൽക്കൊള്ള അവസാനിച്ചില്ല. കഴിഞ്ഞ മാർച്ചിൽ തിരുവനന്തപുരം ചാക്കയിലെ ഒരു ഫർണീച്ചർ കമ്പനി കെട്ടിട നിർമാണത്തിനെത്തിച്ച ഉരുക്ക് തൂണുകൾ തിരികെ ലോറിയിൽ കയറ്റാൻ മൂന്നരലക്ഷം രൂപയാണ് തൊഴിലാളികൾ നോക്കുകൂലി ആവശ്യപ്പെട്ടത്. അതീവ ഭാരമുള്ള ഉരുക്ക് തൂണുകൾ ലോറിയിൽ കയറ്റാൻ തൊഴിലാളികൾക്കാകില്ല. ക്രെയിനിന്റ സഹായത്തോടെ മാത്രമേ കയറ്റാനാകൂ. എന്നാലും തങ്ങൾക്കു നോക്കുകൂലി കിട്ടണമെന്നായിരുന്നു തൊഴിലാളികൾ ആവശ്യപ്പെട്ടത്.
ടണ്ണിന് 350 രൂപ നിരക്കു വെച്ചാണ് ചെയ്യാത്ത ജോലിക്ക് തൊഴിലാളികൾ മൂന്നര ലക്ഷം രൂപ കണക്കാക്കിയത്. ഗത്യന്തരമില്ലാതെ കെട്ടിട ഉടമ പോലീസിന്റെ സഹായം തേടി. എന്നാൽ തൊഴിലാളികൾക്ക് അനുകൂല നിലപാടാണ് നിയമപാലകരുടെ ഭാഗത്തു നിന്നുണ്ടായത്. തർക്കം തുടർന്നതോടെ ലേബർ ഓഫീസിൽ പരാതി നൽകി. യന്ത്രം ഉപയോഗിച്ചുള്ള ജോലിയായതിനാൽ തൊഴിലാളികൾക്ക് കൂലി നൽകേണ്ടതില്ലെന്നായിരുന്നു ലേബർ ഓഫീസറുടെ തീർപ്പ്. കഴിഞ്ഞ വർഷം ഏപ്രിലിൽ തിരുവല്ല സപ്ലൈകോ ഡിപ്പോയിൽ സൗജന്യ കിറ്റിനൊപ്പം നൽകേണ്ട ഭക്ഷ്യ എണ്ണ ഇറക്കുന്നതിനു തൊഴിലാളികൾ നോക്കുകൂലി ആവശ്യപ്പെടുകയും അവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഡി ജി പി, ജില്ലാ പോലീസ് മേധാവികൾക്ക് നിർദേശം നൽകുകയും ചെയ്തിരുന്നു. കോട്ടയത്തും ആവർത്തിക്കുകയുണ്ടായി സമാന സംഭവം.
മോശം പ്രവണതയാണ് നോക്കുകൂലിയെന്ന് രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും തൊഴിലാളി യൂനിയൻ നേതൃത്വത്തിനും നന്നായറിയാം. ജോലി ചെയ്യാതെ വാങ്ങുന്ന നോക്കുകൂലി അതിക്രമമാണെന്നും ഇതിനെ ഒരു കാരണവശാലും അംഗീകരിക്കുന്നില്ലെന്നും 2011 ജനുവരിയിൽ തിരുവനന്തപുരത്തു നടന്ന സി ഐ ടി യു സംസ്ഥാന കൗൺസിൽ റിപ്പോർട്ടിൽ പറയുന്നുണ്ട്. 2014 ഏപ്രിലിൽ ചേർന്ന സി പി എം സംസ്ഥാന കമ്മിറ്റി, നോക്കുകൂലി സമ്പ്രദായത്തെ രൂക്ഷമായി വിമർശിക്കുകയും ഇത് തടയാൻ ശക്തമായി ഇടപെടണമെന്ന് സി ഐ ടി യു നേതൃത്വത്തോട് ആവശ്യപ്പെടുകയും ചെയ്തു. തൊഴിലാളി നേതാക്കൾ നോക്കുകൂലിയെ പ്രോത്സാഹിപ്പിക്കുന്നത് പാർട്ടിക്ക് ദോഷം ചെയ്യുമെന്നും മാറി വരുന്ന സാഹചര്യത്തിനനുസരിച്ച് തൊഴിലാളി യൂനിയനുകളുടെ പ്രവർത്തന ശൈലി മാറണമെന്നും സംസ്ഥാന കമ്മിറ്റിയിൽ അവതരിപ്പിച്ച ട്രേഡ് യൂനിയൻ രേഖയിൽ പറയുന്നുണ്ട്.
നോക്കുകൂലി സമ്പ്രദായം വികസന പ്രവർത്തനങ്ങൾ തടസ്സപ്പെടുത്താനും തൊഴിലാളികൾക്കെതിരെ സമൂഹത്തിന്റെ എതിർപ്പ് ക്ഷണിച്ചു വരുത്താനും കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി ആലപ്പുഴയിൽ കൺസ്ട്രക്ഷൻ വർക്കേഴ്‌സ് യൂനിയൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടന്നിരുന്നു. 2017 ജൂലൈയിൽ ആലപ്പുഴ കണിയാകുളത്ത് നോക്കുകൂലി നൽകാത്തതിന്റെ പേരിൽ തൊഴിലാളികൾ വീട്ടിൽക്കയറി സഹോദരങ്ങളെ മർദിച്ചത് കടുത്ത പ്രതിഷേധം ക്ഷണിച്ചുവരുത്തിയതിനെ തുടർന്നു ജില്ലാ ചുമട്ടുതൊഴിലാളി യൂനിയൻ (സി ഐ ടി യു) ജില്ലാ ജനറൽ സെക്രട്ടറി ഖേദം പ്രകടിപ്പിക്കുകയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നൽകുകയുമുണ്ടായി.
നേരത്തേ യൂനിയൻ നേതാക്കൾ തന്നെയാണ് ഈ കാടൻ സമ്പ്രദായം അനുയായികളെ ശീലിപ്പിച്ചത്. ഇപ്പോൾ യൂനിയൻ നേതൃത്വങ്ങൾ നിലപാട് മാറ്റിയെങ്കിലും വിയർപ്പൊഴുക്കാതെ കിട്ടുന്ന കാശ് ഉപേക്ഷിക്കാൻ അനുയായികൾ സന്നദ്ധമാകുന്നില്ല. കർശന നിയമ നടപടികളിലൂടെയും നിരന്തര ബോധവത്കരണത്തിലൂടെയും മാത്രമേ ഇത് തുടച്ചു മാറ്റാനാകൂ.
source https://www.sirajlive.com/the-snatch-of-no-look.html
Post a Comment