കൊച്ചി | ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ സമൂഹത്തിന് ഗുണമേന്മയേറിയ ആരോഗ്യ പരിരക്ഷാ സേവനങ്ങൾ ലഭ്യമാക്കുന്നതിന് കേരള സ്റ്റാർട്ടപ്പ് മിഷനിൽ ഇൻകുബേറ്റ് ചെയ്ത് കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹെൽത്ത്‌കെയർ സ്റ്റാർട്ടപ്പ് ഷോപ്‌ഡോക് മൂന്ന് പ്രത്യേക സേവനങ്ങൾ ആരംഭിച്ചു.
രോഗികളുടെ ആവശ്യം മനസ്സിലാക്കി ഡോക്ടർമാരെ ലഭ്യമാക്കുന്ന സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റൽ ആപ്ലിക്കേഷനാണ് ഷോപ്‌ഡോക്. മധ്യപൂർവേഷ്യ, വടക്കേ ആഫ്രിക്ക, ദക്ഷിണേഷ്യൻ മേഖല എന്നിവിടങ്ങളിലെ സ്റ്റാർട്ടപ്പുകളുടെ ബൃഹദ് സമ്മേളനമായ ജിടെക്‌സ് ഫ്യൂച്ചർ സ്റ്റാർസ് 2021ലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചുരുക്കം ചില സ്റ്റാർട്ടപ്പുകളിലൊന്നാണിത്. ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ അടുത്ത മാസം 17 മുതൽ 20 വരെയാണ് സമ്മേളനം നടക്കുക. ഇന്ത്യയിലെ കുടുംബാംഗങ്ങൾക്കാവശ്യമായ ആശുപത്രി സേവനങ്ങൾ പൂർണമായി രോഗിയുടെ ആവശ്യത്തിനനുസൃതമായി ലഭ്യമാക്കുന്ന മൊബീഡ്‌കെയർ, ഫാമിലി കെയർ, ഇന്ത്യയിൽ നിന്നുള്ള തൊഴിൽവിഭാഗത്തിന് വ്യക്തിഗത മാനസികാരോഗ്യ പിന്തുണയേകുന്ന വെർച്വൽ മെന്റർ ഹെൽത്ത് സപ്പോർട്ട് ക്ലിനിക്ക് യു ഓകെ, ഇന്ത്യയിൽ നിന്നുള്ള ബിസിനസ്സ് സമൂഹത്തിന് അനുയോജ്യമായ ഡയറ്റും ഫിറ്റ്‌നസ് പരിപാടികളും വിഭാവനം ചെയ്യുന്ന എഫ് ഫൗണ്ടേഴ്‌സ് എന്നിവയാണ് ഷോപ്‌ഡോക് ആരംഭിച്ച മൂന്ന് വ്യത്യസ്ത ആരോഗ്യ പരിരക്ഷാ സേവനങ്ങൾ.
ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ പ്രവാസി സമൂഹത്തെ ലക്ഷ്യമിട്ട് ഓൺലൈൻ പരിരക്ഷാ സേവനങ്ങൾക്ക് ഷോപ്‌ഡോക് തുടക്കമിട്ടതിൽ സന്തോഷമുണ്ടെന്ന് കെ എസ്് യു എം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ശ്രീ ജോൺ എം തോമസ് പറഞ്ഞു. ദുബൈയിൽ നടക്കുന്ന ജിടെക്‌സ് ഫ്യൂച്ചർ സ്റ്റാർസിൽ കമ്പനി പങ്കെടുക്കുന്നതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യാന്തര തലത്തിലെ രോഗികളിൽ നിന്നുള്ള അന്വേഷണങ്ങളിൽ ഗൾഫ് മലയാളികളിൽ നിന്നാണ് കൂടുതൽ അന്വേഷണങ്ങളും ലഭിക്കുന്നതെന്ന് ഷോപ്‌ഡോക് സ്ഥാപകനും സി ഇ ഒയുമായ ശിഹാബ് മകനിയിൽ പറഞ്ഞു. നിലവിൽ ഇവിടുത്തെ സേവനം സ്വീകരിക്കുന്ന ചിലരുടെ ഗൾഫിലെ ബന്ധുക്കൾ ആരോഗ്യ കാര്യങ്ങളിൽ വളരെ ആശയക്കുഴപ്പത്തിലാണ്. ഈ നിഗമനത്തിലാണ് അത്തരക്കാർക്കായി സേവനങ്ങൾ വിപുലീകരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
source https://www.sirajlive.com/kerala-startup-mission-launches-special-services-in-gulf-countries.html
Post a Comment