കാസർകോട് | മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ ഇന്ന് ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും. കാസർകോട് ക്രൈം ബ്രാഞ്ച് ഓഫീസിൽ രാവിലെ പത്തിന് ഹാജരാകാൻ സുരേന്ദ്രന് കഴിഞ്ഞ ദിവസം നോട്ടീസ് നൽകിയിരുന്നു.
സുരേന്ദ്രൻ ഹാജരാകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. മഞ്ചേശ്വരത്തെ സ്ഥാനാർഥിത്വം പിൻവലിക്കാൻ ബി എസ് പി സ്ഥാനാർഥിയായിരുന്ന കെ സുന്ദരക്ക് കോഴ നൽകിയെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള പരാതിയിലാണ് കേസ്.
മണ്ഡലത്തിലെ ഇടത് സ്ഥാനാർഥിയായിരുന്ന വി വി രമേശനാണ് ഇതു സംബന്ധിച്ച് പരാതി നൽകിയത്. നാമനിർദേശപത്രിക പിൻവലിക്കാൻ സുന്ദരക്ക് നേരിട്ട് പണം നൽകിയ ആളുകളുടെ മൊഴിയും സുന്ദരയുടെ കുടുംബാംഗങ്ങളുടെ മൊഴിയും അന്വേഷണ സംഘം നേരത്തേ രേഖപ്പെടുത്തിയിരുന്നു.
സുന്ദരയിൽ നിന്ന് രണ്ട് ലക്ഷം രൂപ പോലീസ് കണ്ടെടുക്കുകയും അദ്ദേഹത്തിന് ലഭിച്ച മൊബൈൽ ഫോൺ അന്വേഷണ സംഘം കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായാണ് സുരേന്ദ്രന് ക്രൈം ബ്രാഞ്ച് നോട്ടീസ് നൽകിയത്.
source https://www.sirajlive.com/manjeswaram-election-bribery-k-surendran-will-be-questioned-today.html
Post a Comment