ന്യൂഡൽഹി | അമേരിക്കൻ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യാത്ര തിരിക്കും. യു എസ് പ്രസിഡന്റ് ജോ ബൈഡനുമായുള്ള കൂടിക്കാഴ്ചയും യു എൻ പൊതുസഭയിൽ സംസാരിക്കുന്നതുമാണ് നരേന്ദ്ര മോദിയുടെ ഈ മാസം 26 വരെ നീളുന്ന സന്ദർശനത്തിലെ പ്രധാന പരിപാടികൾ.
ഇന്ന് വൈകിട്ട് വാഷിംഗ്ടണിലെത്തുന്ന പ്രധാനമന്ത്രി നാളെ വിവിധ കമ്പനികളുടെ സി ഇ ഒമാരുമായി കൂടിക്കാഴ്ച നടത്തും. തുടർന്ന് അമേരിക്കൻ വൈസ് പ്രസിഡന്റ് ഇന്ത്യൻ വംശജയായ കമല ഹാരിസിനേയും പ്രധാനമന്ത്രി കാണും. യു എൻ പൊതുസഭക്കെത്തുന്ന ജപ്പാൻ, ആസ്‌ത്രേലിയൻ പ്രധാനമന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തും. 24നാണ് അമേരിക്കൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. അതേ ദിവസം തന്നെ യു എസ്, ആസ്‌ത്രേലിയൻ, ജപ്പാൻ പ്രതിനിധികൾ പങ്കെടുക്കുന്ന ക്വാഡ് സമ്മിറ്റിലും പ്രധാനമന്ത്രി പങ്കെടുക്കും. തുടർന്ന് യു എൻ പൊതുസഭയിൽ പങ്കെടുക്കാനായി ന്യൂയോർക്കിലേക്ക് തിരിക്കും.
ബൈഡൻ സർക്കാർ അധികാരത്തിലെത്തിയതിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ യു എസ് സന്ദർശനമാണിത്. വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലും പ്രധാനമന്ത്രിയോടൊപ്പം വിവിധ കൂടിക്കാഴ്ചകളിൽ പങ്കെടുക്കും. കൂടിക്കാഴ്ചകളിൽ നിലവിലെ പ്രാദേശിക സുരക്ഷാ സാഹചര്യം, അഫ്ഗാനിസ്ഥാനിലെ സംഭവ വികാസങ്ങൾ, തീവ്രവാദം, അതിർത്തി കടന്നുള്ള തീവ്രവാദം, ആഗോള ഭീകരത സംബന്ധിച്ച വിഷയങ്ങളും ചർച്ച ചെയ്യും.
source https://www.sirajlive.com/modi-to-leave-for-us-today.html
إرسال تعليق