അസമിലെ പോലീസ് വെടിവെപ്പ് ആസൂത്രിതം

സമിലെ ബി ജെ പി സർക്കാർ നടത്തി വരുന്ന ന്യൂനപക്ഷ വേട്ടയുടെ ഭാഗമാണ് രണ്ട് പേരുടെ മരണത്തിനും ഒട്ടേറെ പേർക്കു പരുക്കേൽക്കാനും ഇടയാക്കിയ വ്യാഴാഴ്ചത്തെ പോലീസ് വെടിവെപ്പ്. ദാരംഗ് ജില്ലയിലെ ധോൽപൂർ ഗ്രാമീണ മേഖലയിൽ, ഭൂമി കൈയേറ്റം ആരോപിച്ചാണ് പതിറ്റാണ്ടുകളായി മണ്ണിൽ പണിയെടുക്കുന്ന കർഷകരെ കുടിയൊഴിപ്പിക്കാൻ പോലീസ് എത്തിയതും വെടിയുതിർത്തതും. സദ്ദാം ഹുസൈൻ എന്ന യുവാവും ശേഖ് ഫരീദ് എന്ന 12 വയസ്സുകാരനുമാണ് വെടിയേറ്റു മരിച്ചത്. നിരവധി പേർക്ക് പരുക്കൽക്കുകയും ചെയ്തു. സിപാജാറിലെ നാല് ആരാധനാലയങ്ങളും പോലീസ് തകർത്തു. ആധാർ കാർഡ് വാങ്ങാനായി പോസ്റ്റ് ഓഫീസിൽ പോയി വീട്ടിലേക്ക് മടങ്ങവേയാണ് ശേഖ് ഫാരീദിന് വെടിയേറ്റത്. കുടിയൊഴിപ്പിക്കൽ വിരുദ്ധ പ്രതിഷേധവുമായി ഒരു ബന്ധവുമുണ്ടായിരുന്നില്ല ഈ കുട്ടിക്ക്. ശേഖ് ഫരീദിന്റെ നെഞ്ചിന്റെ വലതു ഭാഗത്താണ് വെടിയുണ്ട തുളച്ചുകയറിയത്.

ബംഗാളി സംസാരിക്കുന്ന മുസ്‌ലിംകളാണ് ധോൽപൂരിലെ 800ഓളം കുടുംബങ്ങളിൽ ഏറെയും. വർഗീയമായി തയ്യാറാക്കിയ പദ്ധതി പ്രകാരമാണ് പോലീസ് കുടിയൊഴിപ്പിക്കാനെത്തിയത്. സംസ്ഥാനത്തെ ബി ജെ പി ഭരണകൂടത്തിന്റെ ഒത്താശയോടെയുള്ള ആസൂത്രിത നീക്കമായിരുന്നു ഇത.്‌ സംസ്ഥാനത്തെ “അനധികൃത’ കൈയേറ്റങ്ങൾ ഒഴിപ്പിക്കുമെന്ന് ജൂൺ ഏഴിന് സ്ഥലം സന്ദർശിച്ച മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞിരുന്നു. ഇതേ തുടർന്നാണ് പോലീസ് ഒഴിപ്പിക്കൽ നടപടികൾ ആരംഭിച്ചത്. മുഖ്യമന്ത്രിയുടെ സഹോദരൻ സുശാന്ത ബിശ്വ ശർമയാണ് വെടിവെപ്പ് നടന്ന ധാരാംഗ് ജില്ലയുടെ പോലീസ് സൂപ്രണ്ടെന്നതും ശ്രദ്ധേയമാണ്.

കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ പുനരധിവാസത്തിനോ ജീവിതസുരക്ഷക്കോ മാർഗങ്ങളൊന്നും മുന്നോട്ടു വെക്കാതെ, ഏകപക്ഷീയമായി മുസ്‌ലിം കുടുംബങ്ങളെ തിരഞ്ഞുപിടിച്ചു കുടിയിറക്കിയതാണ് എതിർപ്പിനു വഴി സൃഷ്ടിച്ചത്. സമാധാനപരമായാണ് ഗ്രാമവാസികൾ പോലീസ് നീക്കത്തിനെതിരെ പ്രതിഷേധിച്ചത്. എന്നിട്ടും യാതൊരു പ്രകോപനവുമില്ലാതെ പോലീസ് ലാത്തി പ്രയോഗം നടത്തിയപ്പോൾ പ്രതിഷേധക്കാർ കല്ലേറ് നടത്തി. ഇതോടെ പോലീസ് വെടിയുതിർക്കുകയായിരുന്നു. ഇതുകൊണ്ടും അവസാനിപ്പിക്കാതെ കുടിയൊഴിപ്പിക്കൽ ചിത്രീകരിക്കാൻ ജില്ലാ ഭരണാധികാരികൾ നിയോഗിച്ച ബിജോയ് ശങ്കർ ബാനിയ എന്ന ഫോട്ടോഗ്രാഫർ വെടിയേറ്റു കിടക്കുന്നയാളുടെ നെഞ്ചിൽ ആഞ്ഞു ചവിട്ടുകയും ചെയ്തു. ഇതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. പോലീസ് നോക്കി നിൽക്കെയായിരുന്നു ഈ കൊടുംക്രൂരത. സംഭവം വൻ വിവാദമായതിനെ തുടർന്ന് പോലീസ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കടുത്ത സംഘ്പരിവാർ അനുഭാവിയാണ് ബിജോയ് ശങ്കറെന്നു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
മൂന്ന് മാസത്തിനിടെ അസം ഭരണകൂടം നടത്തുന്ന രണ്ടാമത്തെ കുടിയൊഴിപ്പിക്കലാണിത്. ജൂണിൽ 50 കുടുംബങ്ങളെ ഒഴിപ്പിച്ചിരുന്നു. ഇതിന് നേതൃത്വം നൽകിയ ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ അഭിനന്ദിക്കുകയുമുണ്ടായി. എണ്ണൂറോളം കുടുംബങ്ങളിലായി രണ്ടായിരത്തോളം പേരെയാണ് കഴിഞ്ഞ ദിവസം കുടിയൊഴിപ്പിച്ചത്. കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങൾ മഴയിൽ നിന്ന് രക്ഷനേടാൻ താത്കാലിക കൂരകളിൽ അഭയം തേടിയിരിക്കയാണ്.

കുടിയേറ്റ പ്രശ്‌നത്തെ ചൊല്ലി നേരത്തെ കടുത്ത അസ്വസ്ഥ ബാധിത പ്രദേശമായിരുന്ന അസം 1985ൽ അന്നത്തെ രാജീവ് ഗാന്ധിയുടെ ഭരണ കാലത്ത് ഒപ്പിട്ട “അസം കരാറി’ലൂടെയാണ് സമാധാനാന്തരീക്ഷത്തിലേക്കും സ്വാഭാവിക ജനാധിപത്യ പ്രക്രിയയിലേക്കും മടങ്ങിയത്. കുടിയേറ്റക്കാർക്കെതിരെ തദ്ദേശവാസികളുടെ പ്രക്ഷോഭമായിരുന്നു ഏറ്റവും വലിയ വടക്കുകിഴക്കൻ സംസ്ഥാനമായ അസമിൽ അന്ന് പ്രശ്‌നം സൃഷ്ടിച്ചത്. ഇന്നത്തെ അസം ഗണപരിഷത്ത് (എ ജി പി) നേതാവ് പ്രഫുല്ലകുമാർ മൊഹന്തയുടെ നേതൃത്വത്തിൽ ആൾ അസം സ്റ്റുഡന്റ്സ് യൂനിയനാണ് 1979ൽ തുടങ്ങി 1985ൽ അവസാനിച്ച കുടിയേറ്റവിരുദ്ധ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയിരുന്നത്. 1971 മാർച്ച് 24 അർധരാത്രിക്കു മുമ്പ് അസമിൽ കുടിയേറി പാർത്തവർക്ക് മാത്രമേ പൗരത്വം നൽകുകയുള്ളുവെന്ന സർക്കാറിന്റെ ഉറപ്പിന്മേലാണ് അന്ന് പ്രക്ഷോഭം കെട്ടടങ്ങിയത്. പൗരത്വത്തിന് അപേക്ഷിക്കണമെങ്കിൽ അപേക്ഷ നൽകുന്നതിന് തൊട്ടുമുമ്പുള്ള 12 മാസം തുടർച്ചയായി അസമിൽ താമസിച്ചിരിക്കുകയും വേണം. 1971 മാർച്ച് 25 മുതൽ അസമിലെത്തിയവരെ കണ്ടെത്തി പുറത്താക്കാനും ധാരണയായി. ബംഗാളി സംസാരിക്കുന്ന ഹിന്ദുക്കളും മുസ്്ലിംകളും വലിയതോതിൽ കുടിയേറുന്നുവെന്ന ആരോപണമായിരുന്നു അന്നു പ്രക്ഷോഭക്കാർ ഉയർത്തിയിരുന്നത്. അതിക്രൂരമായിരുന്നു ഈ പ്രതിഷേധക്കാരുടെ ചെയ്തികളെങ്കിലും അഭയാർഥികളെ മതത്തിന്റെ പേരിൽ വേർതിരിച്ചു കണ്ടിരുന്നില്ല അവർ.

കരാറിനെ തുടർന്ന് സമാധാനാന്തരീക്ഷം കൈവന്നിരുന്ന സംസ്ഥാനത്ത് വീണ്ടും പ്രശ്‌നങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്, മതത്തിന്റെ പേരിൽ അഭയാർഥികളെ വേർതിരിക്കുന്ന മോദി സർക്കാറിന്റെ പൗരത്വ നിയമ ഭേദഗതി നിയമമാണ്. അയൽ സംസ്ഥാനങ്ങളായ ബംഗ്ലാദേശിൽ നിന്നും അഫ്ഗാനിസ്ഥാനിൽ നിന്നും പാക്കിസ്ഥാനിൽ നിന്നുമുള്ള ഹിന്ദുക്കൾ, സിഖുകാർ, ബുദ്ധ- ജൈനർ, പാഴ്സികൾ, ക്രിസ്ത്യാനികൾ എന്നിവർക്ക് ഇന്ത്യൻ പൗരത്വം നൽകാൻ സർക്കാറിന് അധികാരം നൽകുന്നതാണ് സി എ എ.

12 വർഷമെങ്കിലും അസമിൽ താമസിച്ചിരിക്കണമെന്ന അസം കരാറിലെ നിബന്ധനയിൽ വെള്ളം ചേർത്ത് ആറ് വർഷം താമസിച്ചാൽ മതിയെന്നാക്കി. മറ്റുള്ള മതക്കാരേക്കാളുപരി അയൽ രാജ്യങ്ങളിൽ നിന്നുള്ള പ്രത്യേകിച്ചും ബംഗ്ലാദേശിൽ നിന്നുള്ള ഹിന്ദുക്കൾക്ക് പൗരത്വം നൽകുകയാണ് ഇതിലൂടെ ബി ജെ പി ഭരണകൂടം ലക്ഷ്യമാക്കുന്നത്. ഇസ്‌റാഈൽ ജൂതരെ സ്വന്തം നാട്ടിലേക്ക് ആകർഷിക്കുന്നതിനു സ്വീകരിച്ച നീക്കത്തിനു സമാനമാണിത്. ഇന്ത്യ ഹിന്ദുത്വ രാഷ്ട്രമാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഈ നടപടി. പൗരത്വഭേദഗതി നിയമം അനുസരിച്ചില്ലെങ്കിൽ ഇതാണുണ്ടാവുക എന്ന മുന്നറിയിപ്പ് കൂടിയാണ് പോലീസ് വേട്ടയിലൂടെ ബി ജെ പി ഭരണകൂടം അസമിലെയും രാജ്യത്തെ തന്നെയും മതന്യൂനപക്ഷങ്ങൾക്ക് കാണിച്ചു കൊടുക്കുന്നത്.



source https://www.sirajlive.com/police-firing-in-assam-planned.html

Post a Comment

أحدث أقدم