പോലീസും ആനി രാജയുടെ വിമര്‍ശവും

പിണറായി സര്‍ക്കാറിനും ഇടതുപക്ഷത്തിനും തലവേദനയായിരിക്കുകയാണ് സംസ്ഥാന പോലീസിനെ കുറിച്ച് സി പി ഐ നേതാവും നാഷനല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ വിമണ്‍ ജനറല്‍ സെക്രട്ടറിയുമായ ആനി രാജയുടെ പ്രസ്താവന. കേരള പോലീസില്‍ ആര്‍ എസ് എസ് ഗ്യാംഗ് പ്രവര്‍ത്തിക്കുന്നതായി ബലമായി സംശയിക്കുന്നു. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ടതുള്‍പ്പെടെ സംസ്ഥാന സര്‍ക്കാര്‍ നയത്തിന് നിരക്കാത്തതും സര്‍ക്കാറിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കുന്നതുമാണ് പല പോലീസ് നടപടികളുമെന്നും ആനി രാജ പറയുന്നു. ആനി രാജയുടെ ഈ പ്രസ്താവനയില്‍ സി പി ഐ സംസ്ഥാന നേതൃത്വം കടുത്ത അതൃപ്തി പ്രകടിപ്പിക്കുകയും പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറിക്ക് പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. പ്രതിപക്ഷം ഏറെനാളായി ഉന്നയിക്കുന്ന ആരോപണം ഭരണപക്ഷത്തെ മുതിര്‍ന്ന വനിതാ നേതാവ് തന്നെ ഉന്നയിക്കുന്നത് സര്‍ക്കാറിനെ പ്രതിരോധത്തിലാക്കിയ സാഹചര്യത്തിലാണ് സി പി ഐ സംസ്ഥാന നേതൃത്വത്തിന്റെ ഈ നടപടി.

കേരള പോലീസില്‍ ആര്‍ എസ് എസ് സഹയാത്രികരുണ്ടെന്നും അവര്‍ സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നും 2016 ജൂലൈയില്‍ ശബരിമല പ്രശ്‌നത്തില്‍ ആഭ്യന്തര വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ വെട്ടിത്തുറന്നു പറഞ്ഞതാണ്. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ എടുത്ത പല തീരുമാനങ്ങളും പോലീസ് ആര്‍ എസ് എസിന് ചോര്‍ത്തിക്കൊടുത്തു, മനീതി സംഘം എത്തിയപ്പോള്‍ നാറാണത്തു ഭ്രാന്തനെ പോലെയായിരുന്നു പോലീസ്. ഉന്നത ഉദ്യോഗസ്ഥര്‍ ആ ഘട്ടത്തില്‍ ഡ്യൂട്ടിയില്‍ നിന്ന് ഒഴിഞ്ഞു മാറി. പോലീസ് ആസ്ഥാനത്തു നിന്ന് പോലും വിവരങ്ങള്‍ ചോരുന്നു. ആസ്ഥാനത്ത് നിന്ന് ഫയലുകള്‍ ആഭ്യന്തര വകുപ്പിലെത്തുന്നതിനു മുമ്പേ അതിന്റെ പകര്‍പ്പ് പുറത്ത് പലരുടെയും കൈകളിലെത്തുന്നു. ശബരിമലയില്‍ സര്‍ക്കാര്‍ തീരുമാനങ്ങള്‍ നടപ്പാക്കുന്നതിലുപരി ആര്‍ എസ് എസ് നേതാവിന് മൈക്ക് പിടിച്ചു കൊടുക്കുന്നതിലായിരുന്നു പോലീസിന് താത്പര്യം എന്നിങ്ങനെ രൂക്ഷവിമര്‍ശനമാണ് അന്ന് മുഖ്യമന്ത്രി ഉന്നയിച്ചത്.

ശബരിമല വിഷയത്തിലുള്ള പോലീസ് നിലപാടില്‍ സി പി ഐ സംസ്ഥാന നേതൃത്വവും ആശങ്ക പ്രകടിപ്പിച്ചിരുന്നു അന്ന്. പോലീസിലെ ഐ പി എസ് ഉദ്യോഗസ്ഥ തലത്തില്‍ സംഘ്പരിവാര്‍ പ്രത്യയശാസ്ത്രത്തോട് അനുകൂല നിലപാടുള്ളവര്‍ വര്‍ധിച്ചു വരുന്നതായും പാര്‍ട്ടി നേതൃത്വം ചൂണ്ടിക്കാട്ടുകയുണ്ടായി. പല സ്‌റ്റേഷനുകളിലെയും ക്രമസമാധാന ചുമതലയിലുള്ള സി ഐമാരും എസ് ഐമാരും കടുത്ത സംഘ്പരിവാര്‍ അനുകൂലികളാണെന്ന് 2016ല്‍ സി പി എം സെക്രട്ടേറിയറ്റും വിമര്‍ശനമുന്നയിച്ചിരുന്നു. അടിക്കടി പോലീസിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന സര്‍ക്കാര്‍വിരുദ്ധ നിലപാട് സര്‍ക്കാറിന്റെ പ്രതിച്ഛായയെ ബാധിക്കുന്നതായും സെക്രട്ടേറിയറ്റ് വിലയിരുത്തിയിരുന്നു.

പോലീസിന്റെ പ്രതിച്ഛായ തകര്‍ക്കുന്നതില്‍ സേനക്കുള്ളിലെ സംഘ്പരിവാര്‍ അനുകൂലികളായ പോലീസുകാര്‍ക്ക് മുഖ്യ പങ്കുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് ഈ വിഭാഗത്തിന് കൃത്യമായ ആസൂത്രണവും ഗൂഢാലോചനയുമുണ്ടെന്നും 2016ല്‍ ഇന്റലിജന്‍സ് വിഭാഗം ആഭ്യന്തര വകപ്പിന് റിപ്പോര്‍ട്ട് നല്‍കിയതാണ്. അതീവ രഹസ്യ സ്വഭാവമുള്ള ഫയലുകളടക്കം പോലീസ് സേനയിലെ ഒട്ടേറെ രഹസ്യങ്ങള്‍ പോലീസിലെ ആര്‍ എസ് എസ് വിംഗ് സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയതായും ഇന്റലിജന്‍സ് കണ്ടെത്തി. ഡി ജി പിയുടെ ഓഫീസിലെ ഉദ്യോഗസ്ഥനും ഇന്റലിജന്‍സിലെ ചില ഉദ്യോഗസ്ഥരുമാണ് ആര്‍ എസ് എസ് സെല്ലിനു പ്രവര്‍ത്തിക്കാനുള്ള പരിസരം ഒരുക്കി നല്‍കുന്നതെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതടിസ്ഥാനത്തില്‍ സംഘ്പരിവാര്‍ അനുഭാവികളായ പോലീസുകാരുടെ വിവരങ്ങള്‍ നല്‍കാന്‍ പോലീസ് മേധാവികളോട് ആഭ്യന്തര വകുപ്പ് നിര്‍ദേശം നല്‍കുകയുമുണ്ടായി.

സംസ്ഥാന പോലീസിനുള്ളില്‍ ആര്‍ എസ് എസ് അനുഭാവികളുടെ “സ്ലീപ്പര്‍’ സെല്‍ പ്രവര്‍ത്തിക്കുന്നതായും 2017 ആഗസ്റ്റ് 17ന് കന്യാകുമാരി വിവേകാനന്ദ കേന്ദ്രത്തില്‍ നടന്ന ഇവരുടെ പഠന ശിബിരത്തില്‍ വെച്ച് പോലീസിനുള്ളിലെ സംഘ്പരിവാര്‍ പ്രവര്‍ത്തനം ശക്തമാക്കാന്‍ തീരുമാനിച്ചതായും ഇടതുപക്ഷ ചാനലായ കൈരളി പീപ്പിള്‍സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. പോലീസ് സേനയിലെ 27 ഉദ്യോഗസ്ഥര്‍ പങ്കെടുത്ത ഈ യോഗത്തില്‍ “തത്വമസി’ എന്ന വാട്‌സ്ആപ്‌ ഗ്രൂപ്പ് രൂപവത്കരിച്ച് എല്ലാ മാസവും യോഗങ്ങള്‍ ചേരാന്‍ തീരുമാനിച്ചതായും ക്രൈം ബ്രാഞ്ചില്‍ പ്രവര്‍ത്തിക്കുന്ന യോഗാചാര്യന്മാരായ രണ്ട് പോലീസ് ഉദ്യോഗസ്ഥരെ ഇതിനുത്തരവാദപ്പെടുത്തിയതായും ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്തെ ചില മുതിര്‍ന്ന ബി ജെ പി നേതാക്കള്‍ക്കൊപ്പം പേഴ്‌സനല്‍ സെക്യൂരിറ്റി ഓഫീസറായി പ്രവര്‍ത്തിക്കുന്നവരും കൂടി ഉള്‍പ്പെടുന്നതാണ് ആര്‍ എസ് എസ് അനുഭാവികളുടെ ഈ “സ്ലീപ്പര്‍’ സെല്‍.

സമീപ കാലത്തൊന്നും തുടങ്ങിയതല്ല, പോലീസിലെ ആര്‍ എസ് എസ് സ്വാധീനവും പ്രത്യേക ഗ്യാംഗ് രൂപവത്കരിച്ചുള്ള പ്രവര്‍ത്തനവും. ദശാബ്ദങ്ങളുടെ പഴക്കമുണ്ട് സേനയിലെ ഹിന്ദുത്വ വര്‍ഗീയതയുടെ രഹസ്യ നീക്കങ്ങള്‍ക്ക്. ബി ജെ പിയും ആര്‍ എസ് എസും പ്രതിസ്ഥാനത്ത് വരുന്ന സംഭവങ്ങളില്‍ പരാതി ഉയര്‍ന്നാല്‍ പോലും കേസെടുക്കാന്‍ പോലീസ് മുന്നോട്ടു വരാത്തതും അതേസമയം, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും എഴുത്തുകാര്‍ക്കും മുസ്‌ലിംകള്‍ക്കും ഇടതുപക്ഷ പ്രവര്‍ത്തകര്‍ക്കുമെതിരെ ബി ജെ പി നല്‍കുന്ന പരാതികളില്‍ കൃത്യമായ നടപടി ഉണ്ടാകുന്നതുമെല്ലാം ഇതിന്റെ വ്യക്തമായ തെളിവാണ്. പിണറായി സര്‍ക്കാറിനെ രാഷ്ട്രീയമായി പ്രതിക്കൂട്ടിലാക്കുന്ന നടപടികളും നിരന്തരമായി പോലീസില്‍ നിന്നുണ്ടാകുന്നു.

ഇതടിസ്ഥാനത്തില്‍ വിലയിരുത്തുമ്പോള്‍ ആനി രാജയുടെ പ്രസ്താവനയില്‍ തെറ്റായ ഒന്നുമില്ല. മാത്രമല്ല, ഇതിനേക്കാള്‍ രൂക്ഷമാണ് ശബരിമല പ്രശ്‌നത്തില്‍ പോലീസിനെതിരെ പിണറായിയുടെ പ്രസ്താവന. ദേശീയ നേതാക്കള്‍ സംസ്ഥാന പ്രശ്‌നങ്ങളില്‍ പ്രസ്താവന നടത്തുമ്പോള്‍, സംസ്ഥാന നേതൃത്വവുമായി ആലോചിക്കണമെന്നതാണ് കീഴ് വഴക്കം. അത് പാലിച്ചില്ലെന്നതു മാത്രമാണ് ആനി രാജയുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച. ഈ ഒരു സാങ്കേതിക പ്രശ്‌നത്തിന്റെ പേരില്‍ അവര്‍ക്കെതിരെ വാളോങ്ങേണ്ടതുണ്ടോ സി പി ഐ നേതൃത്വം?



source https://www.sirajlive.com/495967.html

Post a Comment

Previous Post Next Post