ദേശീയ നേതൃത്വത്തിന് അതൃപ്തി; കോൺഗ്രസ്സ് വിടുന്നവർക്ക് കേരളത്തിൽ ബി ജെ പിയെ വേണ്ട

കണ്ണൂർ| കോൺഗ്രസ്സിൽ നിന്ന് പുറത്തു വരുന്നവരെ ബി ജെ പിയിലേക്ക് ആകർഷിക്കാൻ കഴിയാത്തത് സംസ്ഥാന നേതൃത്വത്തിന്റെ പിടിപ്പുകേടാണെന്ന ആക്ഷേപമുയരുന്നു. അടുത്ത കാലത്ത് കോൺഗ്രസ്സിൽ നിന്ന് നിരവധി നേതാക്കളാണ് പാർട്ടി വിട്ടത്.

എന്നാൽ അവരിൽ ഒരാളെ പോലും ബി ജെ പിയിലെത്തിക്കാൻ നേതൃത്വത്തിനായിട്ടില്ല. കെ സുരേന്ദ്രൻവിരുദ്ധ വിഭാഗം ഇതൊരു ആയുധമാക്കി ദേശീയ നേതൃത്വത്തെ ധരിപ്പിക്കാനും പരിപാടിയുണ്ട്. കോൺഗ്രസ്സിൽ നിന്ന് രാജിവെച്ച പി സി ചാക്കോ, പി എം സുരേഷ് ബാബു, ലതികാ സുഭാഷ് എന്നിവർ എൻ സി പിയിൽ ചേർന്നപ്പോൾ കെ പി അനിൽ കുമാറും പി എസ് പ്രശാന്തും കെ സി റോസക്കുട്ടിയും സി പി എമ്മിലും കെ എസ് അനിൽ കോൺഗ്രസ്സ് എസിലുമാണ് ചേർന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ചാക്കോയും ലതികയും സുരേഷ് ബാബുവും റോസക്കുട്ടിയും പാർട്ടിയിൽ നിന്ന് പുറത്ത് കടന്നതെങ്കിൽ പ്രശാന്തും കെ എസ് അനിലും അനിൽ കുമാറും പുനഃസംഘടനയുമായുള്ള പൊട്ടിത്തെറിയെ തുടർന്നായിരുന്നു കോൺഗ്രസ്സ് വിട്ടത്.

മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോൺഗ്രസ്സ് വിടുന്നവർ സമീപിക്കുന്നത് ബി ജെ പിയെ ആണെങ്കിൽ കേരളത്തിൽ അവർ ബി ജെ പിയെ മാറ്റി നിർത്തുന്നത് എന്തുകൊണ്ടാണെന്ന പരിശോധന വേണമെന്നാണ് അഭിപ്രായമുയരുന്നത്. നേരത്തേ എ പി അബ്ദുല്ലക്കുട്ടിയാണ് കോൺഗ്രസ്സിൽ നിന്ന് രാജിവെച്ച് ബി ജെ പിയിൽ ചേർന്നത്. എന്നാൽ അതിനൊരു തുടർ ചലനവും സൃഷ്ടിക്കാനായില്ല. അബ്ദുല്ലക്കുട്ടിക്ക് ഒരാളെ പോലും കോൺഗ്രസ്സിൽ നിന്ന് അടർത്തിയെടുക്കാനും കഴിഞ്ഞില്ല.
എ പി അബ്ദുല്ലക്കുട്ടിയുടെ വിവാദ നിലപാടുകളും ഇതിന് കാരണമായതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ബി ജെ പി സംസ്ഥാന നേതൃത്വത്തിനെതിരെ ഉയർന്ന ആരോപണങ്ങളും ഗ്രൂപ്പ് പോരും മറ്റ് നേതാക്കളെ പാർട്ടിയിലേക്ക് ആകർഷിക്കുന്നതിന് വിഘാതമാകുന്നതായി വിമർശമുണ്ട്.

അടുത്ത കാലത്തായി ഉയർന്നുവന്ന അഴിമതി ആരോപണങ്ങൾ പാർട്ടിയുടെ പ്രതിഛായക്ക് കളങ്കമുണ്ടാക്കിയതായും ആക്ഷേപമുണ്ട്.
നേരത്തേ മുതിർന്ന നേതാക്കൾ പോലും സംസ്ഥാന നേതൃത്വത്തിനെതിരെ വിമർശവുമായി രംഗത്തു വന്നിരുന്നു.

ഡി സി സി പുനഃസംഘടനയുമായി ബന്ധപ്പെട്ട് കോൺഗ്രസ്സിൽ തർക്കമുടലെടുത്തപ്പോൾ ബി ജെ പിയുടെ സംസ്ഥാനത്തെ മുതിർന്ന നേതാക്കളെല്ലാം പാർട്ടി വിടുന്നവരെ ബി ജെ പിയിലേക്ക് പരസ്യമായി സ്വാഗതം ചെയ്തിരുന്നുവെങ്കിലും ഇത് ഒരു നേതാവും സ്വീകരിച്ചില്ല.
പ്രമുഖ നേതാക്കൾക്ക് പുറമെ കോൺഗ്രസ്സിൽ നിന്ന് പ്രാദേശിക തലത്തിലും നേതാക്കളും പ്രവർത്തകരും പാർട്ടി വിട്ട് പോകുന്നുണ്ട്. അവരും ബി ജെ പിയെ അകറ്റിനിർത്തുകയാണ്.

സംസ്ഥാനത്ത് ബി ജെ പി സ്വീകരിക്കുന്ന നയങ്ങളും സമീപനങ്ങളും ജനങ്ങളെ ആകർഷിക്കുന്നില്ലെന്നതാണ് ഇതിന് കാരണമെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു.
വർഗീയ സമീപനം ഒരു വിഭാഗം ആളുകളിൽ സ്വാധീനമുണ്ടാക്കുന്നുണ്ടെങ്കിലും കേരളം പോലുള്ള സംസ്ഥാനത്ത് വേരുറപ്പിക്കാൻ അത് പോരെന്നാണ് ബി ജെ പി നേതൃത്വത്തെ വിമർശകർ ഓർമിപ്പിക്കുന്നത്.



source https://www.sirajlive.com/dissatisfaction-with-national-leadership-those-who-leave-the-congress-do-not-want-the-bjp-in-kerala.html

Post a Comment

أحدث أقدم