ന്യൂഡൽഹി | കേന്ദ്ര സർക്കാർ കൊണ്ടുവന്ന മൂന്ന് കർഷക വിരുദ്ധ നിയമങ്ങൾക്കെതിരെയുള്ള കർഷക പ്രക്ഷോഭത്തിന് നാളെ പത്ത് മാസം തികയുന്നു. നിയമങ്ങൾ പിൻവലിക്കുന്നതിന് കർഷക സംഘടനകൾ കേന്ദ്രത്തിന് നൽകിയ സമയം അവസാനിച്ചതോടെ, കഴിഞ്ഞ വർഷം നവംബർ അവസാനത്തിലാണ് സമര പരിപാടികൾ ആരംഭിച്ചത്. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകർ ഡൽഹി നഗരത്തിലേക്ക് നടത്തിയ മാർച്ചോടെ രാജ്യത്തെ സ്തംഭിപ്പിച്ച കർഷക പ്രക്ഷോഭത്തിന് തുടക്കം കുറിക്കുകയായിരുന്നു.
കർഷക മഹാ പ്രവാഹത്തെ ഹരിയാന സർക്കാറും പോലീസും ബാരിക്കേഡുകൾ കെട്ടി തടയാൻ ശ്രമിച്ചെങ്കിലും പ്രക്ഷോഭം ഡൽഹി അതിർത്തിയിലേക്ക് ഒഴുകിയെത്തി. അതിർത്തിയിൽ കമ്പിവേലികൾ തീർത്ത് ഡൽഹി പോലീസും അർധസൈനിക വിഭാഗവും തടഞ്ഞതോടെ കർഷക മഹാജനം അധികാര നഗരത്തെ വളഞ്ഞു. പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഉത്തർ പ്രദേശ് സംസ്ഥാനങ്ങളിൽ നിന്നുള്ള സ്ത്രീകളും കുട്ടികളും പ്രായം ചെന്നവരും ഉൾപ്പെടെയുള്ള കർഷക പോരാളികൾ ഡൽഹി അതിർത്തി പ്രദേശങ്ങളിലെ റോഡുകളിൽ ടെന്റുകൾ കെട്ടി സമരം ആരംഭിച്ചു.
തിക്രി, സിംഘു, ഗാസിയാബാദ് ഉൾപ്പെടെയുള്ള ഡൽഹി അതിർത്തികളിൽ കർഷകർ തടിച്ചുകൂടിയതോടെ നഗരം വീർപ്പുമുട്ടി. ഇതോടെ കർഷകരുമായി ചർച്ച ചെയ്യാൻ കേന്ദ്ര സർക്കാർ തയ്യാറായി. നിയമങ്ങളിൽ ഭേദഗതികളാകാമെന്ന് സർക്കാർ സമ്മതിച്ചെങ്കിലും കർഷക നിയമങ്ങൾ പിൻവലിക്കുക, താങ്ങുവിലക്ക് നിയമം എന്നീ ആവശ്യങ്ങളിൽ കർഷകർ ഉറച്ചുനിന്നു. ഇതോടെ ചർച്ചകൾ വഴിമുട്ടി. പ്രക്ഷോഭം തുടർന്ന് കർഷകർ വീണ്ടും ഡൽഹിയുടെ അതിർത്തികളിൽ തമ്പടിച്ചു. കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിലേക്ക് നടത്തിയ ട്രാക്ടർ റാലി പോലീസും കർഷകരും തമ്മിലുള്ള വൻ സംഘർഷത്തിൽ കലാശിച്ചിരുന്നു.
ഇതിനിടെ, കൊവിഡ് രണ്ടാം തരംഗം കാരണം പ്രക്ഷോഭ വീര്യം മെല്ലെ കുറഞ്ഞെങ്കിലും കഴിഞ്ഞ പാർലിമെന്റ് സമ്മേളനത്തോടെ കർഷക സംഘടനകൾ സമരം വീണ്ടും ശക്തമാക്കി. ഡൽഹി അതിർത്തികളിലും ജന്തർമന്ദറിലും പ്രക്ഷോഭം പുനരാരംഭിച്ചു. ഇതിന്റെ തുടർച്ചയായാണ് പ്രക്ഷോഭത്തിന്റെ പത്ത് മാസം തികയുന്ന നാളെ കർഷകർ ഭാരത് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഭാരത് ബന്ദിന്റെ ഭാഗമായി രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ കർഷകർ തെരുവ് കീഴടക്കും. കേരളത്തിൽ ഇത് ഹർത്താലാകും. വിവിധ രാഷ്ട്രീയ പാർട്ടികളും സംഘടനകളും ബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. ഇടതു പാർട്ടികളും വിവിധ ട്രേഡ് യൂനികളും ബന്ദിന് പിന്തുണ അറിയിച്ചിട്ടുണ്ട്. ആന്ധ്രാ പ്രദേശിൽ ബന്ദ് വിജയിപ്പിക്കാൻ വിവിധ പ്രതിപക്ഷ പാർട്ടികൾ തീരുമാനിച്ചു. ബിഹാറിൽ ആർ ജെ ഡി പൂർണ പിന്തുണയുമായി
രംഗത്തുണ്ട്.
source https://www.sirajlive.com/ten-months-after-the-peasant-uprising-farmers-without-losing-their-vigor.html
Post a Comment