കൊവിഡ് വെറും ജലദോഷമായി മാറും

ലണ്ടൻ | കൊവിഡ്19 മഹാമാരിക്കെതിരെ പോരാട്ടം നടത്തിക്കൊണ്ടിരിക്കുന്ന ലോകത്തിന് ആശ്വാസമായി ആരോഗ്യ വിദഗ്ധരുടെ പുതിയ കണ്ടെത്തൽ. വൈറസിനെതിരായ വാക്‌സീനിലൂടെയും മറ്റും ജനങ്ങളുടെ പ്രതിരോധം ശക്തിപ്പെട്ടിട്ടുണ്ടെന്നും അടുത്ത
വർഷത്തോടെ കൊവിഡ് കേവലം ജലദോഷമായി മാറുമെന്നും ഓക്‌സ്ഫഡ് യൂനിവേഴ്‌സിറ്റി മെഡിസിൻ വിഭാഗം മേധാവി പ്രൊഫ. സർ ജോൺ ബെൽ വ്യക്തമാക്കി.

ബ്രിട്ടനിൽ കൊവിഡിന്റെ മാരകാവസ്ഥ അവസാനിച്ചുവെന്നും എല്ലാ കാര്യങ്ങളും അടുത്ത ശൈത്യകാലത്തോടെ ശുഭകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊവിഡിന്റെ വ്യാപനശേഷി വർധിച്ചതോടെ തീവ്രത കുറഞ്ഞുവെന്ന് യൂനിവേഴ്‌സിറ്റിയിലെ പ്രമുഖ വാക്‌സീനോളജിസ്റ്റ് ഡേമി സാറ ഗിൽബർട്ട് വ്യക്തമാക്കിയതിന് പിന്നാലെയാണ് ജോൺ ബെല്ലിന്റെ പ്രസ്താവന.

ബ്രിട്ടനിലെ സമകാലിക സാഹചര്യം വിലയിരുത്തിയാണ് ഇരുവരും ഇത്തരമൊരു പ്രസ്താവന ഇറക്കിയതെങ്കിലും ഒട്ടുമിക്ക രാജ്യങ്ങളിലെയും കൊവിഡിന്റെ തീവ്രഘട്ടം അവസാനിച്ചിട്ടുണ്ടെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. ലോകം സാധാരണഗതിയിലേക്ക് വളരെ പെട്ടെന്ന് തന്നെ എത്തുമെന്നും കുട്ടികളിൽ വൈറസ് ഗുരുതരമായ ആഘാതമുണ്ടാക്കില്ലെന്നതിനാൽ ഭയപ്പെടേണ്ട ആവശ്യമില്ലെന്നും ജോൺ ബെൽ കൂട്ടിച്ചേർത്തു.

ഡെൽറ്റയും അശക്തയാകും
കൊവിഡിന്റെ മാരക വകഭേദമായി കണക്കാക്കുന്ന ഡെൽറ്റ വൈറസിന്റെയും ശക്തി കുറയുമെന്ന് തന്നെയാണ് വിദഗ്ധർ ഉറപ്പിച്ചുപറയുന്നത്. രണ്ട് വാക്‌സീൻ എടുത്തവരിൽ ഡെൽറ്റ വകഭേദം ബാധിക്കുന്നത് താരതമ്യേന കുറവാണെന്നും ബാധിക്കുന്നവർ തന്നെ പെട്ടെന്ന് സുഖം പ്രാപിക്കുന്നുണ്ടെന്നും ജോൺ ബെൽ വിശദീകരിക്കുന്നുണ്ട്.



source https://www.sirajlive.com/covid-will-just-turn-into-a-cold.html

Post a Comment

Previous Post Next Post