കൈനാത്മ ഷുർബ

മ്യൂസിയത്തിൽ നിന്നും ഇറങ്ങി നടന്ന നമ്മൾ എത്തിച്ചേരുന്നത് കൈയിൽ പുസ്തകം ചുമന്നുനിൽക്കുന്ന ഇബ്‌നു സീനയുടെ വലിയൊരു പ്രതിമക്ക് മുന്നിലാണ്. അതിന്റെ പിറകിലാണ് അഫ്‌ഷോന മെഡിക്കൽ കോളജ്. ഇബ്‌നു സീനയുടെ ജന്മനാട്ടിൽ വൈദ്യശാസ്ത്രത്തിനും ഒട്ടനവധി വൈജ്ഞാനിക ശാഖകൾക്കും വിദ്യാഭ്യാസ സംരംഭങ്ങൾ ഉയർത്തിക്കൊണ്ടുവരാൻ ഇപ്പോഴത്തെ സർക്കാർ ശ്രമിക്കുന്നുണ്ടെന്ന് മ്യൂസിയം ക്യുറേറ്റർ പറഞ്ഞു. അദ്ദേഹം കോളജിനുള്ളിലേക്ക് ഞങ്ങളെ പ്രവേശിപ്പിച്ചു. പ്രവിശാലമായ വലിയ കോളജ് കെട്ടിടം. ഈ സ്ഥാപനം കൊണ്ട് രാജ്യത്തിന് എന്ത് നേട്ടവും ലക്ഷ്യവുമാണ് ഉദ്ദേശിക്കുന്നത് എന്നുള്ള ഉസ്ബക് പ്രസിഡന്റിന്റെ വാചകം പ്രധാന ചുമരിലായി എഴുതിവെച്ചിട്ടുണ്ട്. അത് അഫ്‌ഷോനയിലെ മ്യൂസിയത്തിലും സമർഖന്ദിലെ ഉലുഗ് ബേഗ് ഒബ്‌സർവേറ്ററിയിലുമൊക്കെ കാണാൻ കഴിഞ്ഞിട്ടുണ്ട്. ഞങ്ങൾ സന്ദർശിക്കുന്ന ദിവസം കോളജ് അവധിയായിരുന്നു. എങ്കിലും കോളജിന്റെ ചില ഭാഗങ്ങളിലൂടെ ചുറ്റി നടന്നതിന് ശേഷം കെട്ടിടത്തിന്റെ പിൻഭാഗത്ത് ഒരു കാഴ്ചയുണ്ടെന്നും പറഞ്ഞു അദ്ദേഹം ഞങ്ങളെ അങ്ങോട്ടേക്ക് വഴി നടത്തിച്ചു. അവധി ദിനമായതിനാൽ തന്നെ കുറച്ച് വിദ്യാർഥികൾ ഒരു വിശിഷ്ട വിഭവം പാചകം ചെയ്യുന്നത് കാണിക്കാൻ വേണ്ടിയാണ് ഞങ്ങളെ അവിടേക്ക് കൂട്ടിക്കൊണ്ടുപോകുന്നത്.

“കൈനാത്മ ഷുർബ’ എന്ന സൂപ്പാണ് വിദ്യാർഥികൾ ഉണ്ടാക്കുന്നത്. രണ്ട് വലിയ ചെമ്പ് പാത്രത്തിൽ നിർമിച്ചു സഹപാഠികൾക്ക് കൂടെ നൽകാനുള്ള ഒരുക്കത്തിലാണ് അവർ. സമയമേറെ എടുത്താണ് ഇതുണ്ടാക്കുന്നത്. മണ്ണിൽ തന്നെ ഒരു പ്രത്യേകം കുഴി കുത്തി തീ കൂട്ടി അതിന്റെ മേലെയാണ് ചെമ്പ് വെച്ചിട്ടുള്ളത്. 500 ഗ്രാം മട്ടനോ, ബീഫോ എടുത്താൽ അത്രയും തൂക്കം ഉരുളക്കിഴങ്ങ്, 400 ഗ്രാം ക്യാരറ്റ്, ആറ് വലിയ ഉള്ളി, അഞ്ച് തക്കാളി, രണ്ട് ചുവന്ന മുളക്, ഒരു ടീസ്പൂൺ കുരുമുളക് പൊടി, കറുവപ്പട്ടയില, അര ഔൺസ് മല്ലിയില, ആവശ്യത്തിന് ഉപ്പ് ഇത്രയും ചേരുവകൾ കൊണ്ടാണ് സാധാരണയിൽ പാചകം ചെയ്യുന്നത്. വിഭവത്തിന്റെ ആകർഷിക്കുന്ന ഗന്ധം നാസാദ്വാരങ്ങളെ മദിപ്പിക്കുന്നുണ്ട്. ആമാശയത്തിലെവിടെയോ വിശപ്പിന്റെ ഗ്രെലിൻ ഹോർമോണുകൾ ഉത്പാദിപ്പിക്കപ്പെടുന്നതായി അനുഭവപ്പെട്ടു. തയ്യാറാക്കിയ വിഭവമാണേൽ ഉറപ്പായും അതിൽ നിന്നും അൽപ്പമെങ്കിലും ഞാൻ ചോദിച്ചു കുടിക്കുമായിരുന്നു. അല്ലെങ്കിലും ഉസ്‌ബെക്കുകാരുടെ ആതിഥ്യ മര്യാദയനുസരിച്ചു അവർ ചോദിക്കാതെ തന്നെ ഞങ്ങളെ സത്കരിച്ചിട്ടുണ്ടാകുമെന്നുള്ളത് തീർച്ച. ഷെഫ് ഏപ്രണൊക്കെ ധരിച്ച് അവർ പാചകം ചെയ്യുന്നത് കണ്ടപ്പോൾ ഏതൊരു ചെറിയപ്രവൃത്തിയിലും വിദ്യാർഥികൾ പുലർത്തിയ നിഷ്ഠയും പ്രൊഫഷണലിസവും എനിക്കേറെ ഇഷ്ടമായി. യാത്രികരിൽ പലരും അവരുടെ ചെമ്പിൽ വലിയ തവി ഇട്ടു ഇളക്കിക്കൊടുത്ത് സഹായം നൽകി. ആ ഷുർബയുടെ മുകളിലുണ്ടായ പാട ഇളക്കുന്നതിനനുസരിച്ചു നീങ്ങുകയും അതിലുണ്ടായ വലിയ മാംസക്കഷ്ണങ്ങൾ പൊന്തിവരുന്നതും കാണാൻ കൗതുകകരം തന്നെയായിരുന്നു. അവരോടൊപ്പം അൽപ്പ നേരം ചെലവഴിച്ചു ഞങ്ങൾ പുറത്തേക്കിറങ്ങി.

കോളജിന് ചുറ്റുപാടും വിശാലമായ ഭൂമിയിൽ ഇടവിട്ട് വലിയ തണൽമരങ്ങൾ ഇലകൾ പൊഴിച്ചുനിൽക്കുന്നുണ്ട്. ചില മരങ്ങളിലെങ്കിലും ഇളം പിങ്ക് നിറത്തിലുള്ള പൂക്കൾ വിരിഞ്ഞിട്ടുണ്ട്. ഞാനും ഹിബത്തുല്ലയും അതിനിടയിലേക്ക് നടന്നു. മനോഹരമായിരുന്നു ആ നടത്തം. ചില മരങ്ങൾക്കിടയിൽ വരമ്പുകൾ ഉണ്ടാക്കിയിട്ടുണ്ട്. അത് ചാടിക്കടന്നും പയ്യെ നടന്നും ആ ഭൂമിയുടെ മറ്റൊരു ഭാഗം വരെ നമ്മുടെ നടപ്പ് എത്തിച്ചേർന്നു. സന്ധ്യ മയങ്ങാനിരിക്കുമ്പോൾ വരുന്ന അതിതീക്ഷ്ണമായ വെയിലിനെ സാക്ഷിയാക്കി ഞങ്ങൾ ഇബ്‌നു സീനയുടെ അതികായ പ്രതിമയുടെ മുന്നിൽ നിന്നും ചിത്രങ്ങൾ പകർത്തി.

ചെറിയൊരു ശീതക്കാറ്റിൻ മർമരവും പക്ഷികളുടെ കളകൂജനവുമായി സന്ധ്യയെ സ്വീകരിക്കാൻ പ്രകൃതി ഒരുങ്ങുകയാണ്. ഇന്നത്തെ ദിവസം ഞങ്ങൾക്ക് യാത്ര അവസാനിപ്പിക്കേണ്ടത് ഖ്വാജ ബഹാഉദ്ദീൻ നഖ്ശബന്ദി ബുഖാരി(റ)ന്റെ അരികിലാണ്. അവിടേക്കുള്ള യാത്രയിൽ ബസിൽ വെച്ച് ബ്രദർ അബ്ദുൽ അസം ഒരുപാട് സംസാരിച്ചു. ആളൊരു നിഷ്‌കളങ്കനായ വ്യക്തിയാണ്. ഇംഗ്ലീഷ് അധ്യാപനം നടത്തുന്നു. ഫാർ ഈസ്റ്റിലേക്കും മിഡിൽ ഈസ്റ്റിലേക്കും മുസഫറിന്റെ ഭാഷാ സഹായിയായി യാത്ര ചെയ്തിട്ടുണ്ട്. സോവിയറ്റ് യൂനിയൻ രാജ്യങ്ങളിൽ സഞ്ചരിക്കുമ്പോൾ നേരിടുന്ന വെല്ലുവിളി നമുക്കറിയാവുന്ന ഇംഗ്ലീഷുമായി പോയത് കൊണ്ട് ആ നാട്ടുകാർക്കിടയിൽ ഒരു ഉപകാരവുമുണ്ടാകില്ലായെന്നുള്ളതാണ്. എഴുത്ത് ലാറ്റിൻ ലിപിയാണെങ്കിലും ആശയ വിനിമയത്തിന് അവർ ഇംഗ്ലീഷ് ഉപയോഗിക്കുന്നതേയില്ല. കാലം ഇത്ര വളർന്നിട്ടും അവർ അവരുടെ ഭാഷക്ക് പ്രാമുഖ്യം നൽകിയാണ് ജീവിതവും സകല വ്യവഹാരങ്ങളും ചിട്ടപ്പെടുത്തിയത്. എന്തിനധികം അമേരിക്കൻ സോഫ്റ്റ്്വെയറായ വാട്‌സാപ്പ് സാർവത്രികമായ ഈ കാലത്തും മധ്യേഷ്യൻ ജനതക്ക് പഥ്യം റഷ്യൻ നിർമിതമായ ടെലിഗ്രാം സോഫ്റ്റ് വെയറാണ്. ആയതിനാൽ തന്നെ ഇംഗ്ലീഷ് ഭാഷ അറിയുന്നവർക്ക് ഇപ്പോൾ അവിടങ്ങളിൽ അധികം ആവശ്യമേറിയിട്ടുണ്ട്. അന്തരീക്ഷം കറുത്തിരുളാൻ തുടങ്ങി. നമ്മളെയും വഹിച്ചു ബസ് മഗ്‌രിബ് ബാങ്കിന് അൽപ്പം നേരം മുന്നേയായി ഖ്വാജ ബഹാഉദ്ദീൻ നഖ്ശബന്ദി ബുഖാരി(റ)ന്റെ അടുക്കൽ എത്തിച്ചേർന്നു.



source https://www.sirajlive.com/kainatma-shurba.html

Post a Comment

Previous Post Next Post