മലപ്പുറം | “നല്ല ഷവർമ ഉണ്ടാക്കണം കേട്ടോ’, മലപ്പുറത്ത് നടന്ന മീറ്റ് ദ മിനിസ്റ്റർ പരിപാടിയിൽ പുതിയ സംരംഭ ആശയവുമായി തന്നെ കാണാനെത്തിയ മഞ്ചേരി വട്ടപ്പാറ സ്വദേശി സുജയിയോട് മന്ത്രി പി രാജീവ് നൽകിയ ഉപദേശമാണിത്.
കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടമുള്ള വിഭവമായ ഷവർമയിലൂടെ സംരംഭക രംഗത്തേക്ക് പ്രവേശിക്കാനെത്തിയ സുജയിക്ക് സാധ്യമായ എല്ലാ പിന്തുണയും ഉറപ്പ് നൽകിയിരിക്കുകയാണ് മന്ത്രി. പഠിച്ചത് ഓട്ടോമൊബൈൽ എന്‍ജിയറിംഗ് ആണെങ്കിലും വൈവിധ്യമുള്ള ഭക്ഷണങ്ങൾ ഒരുക്കാനായിരുന്നു മഞ്ചേരി വട്ടപ്പാറ സ്വദേശി സുജയിക്ക് എന്നും ഇഷ്ടം. അത് ഒരു സംരംഭമായി മാറ്റാനാകുമോ എന്നായി പിന്നീട് സുജയിയുടെ അന്വേഷണം.
ആ അന്വേഷണമാണ് ഒരു ഷവർമ സംരംഭകൻ എന്ന നിലയിലേക്ക് വഴിയൊരുക്കിയതും.
സംസ്ഥാന സർക്കാരിന്റെ മാർജിൻ മണി ഗ്രാൻഡ് വഴി തുക ലഭ്യമാകുന്നറിഞ്ഞ് അപേക്ഷ നൽകിയെങ്കിലും പുതിയ ആശയമായതിനാൽ ഉദ്യോഗസ്ഥർക്കിടയിലും തുക അനുവദിക്കുന്നതിൽ ഒരു ആശയക്കുഴപ്പം നേരിടുകയായിരുന്നു.
ഇതാണ് സുജയിയെ മീറ്റ് ദ മിനിസ്റ്റർ പരിപാടിയിലെത്തിച്ചത്. സുജയിയുടെ ഷവർമ ഫ്യൂഷൻ മന്ത്രിക്കും നന്നേ ബോധിച്ചു.
മാർജിൻ മണി ഗ്രാന്റ് വഴി തുക അനുവദിക്കാനും മന്ത്രി ഉത്തരവിട്ടു. പാനിപൂരി ഷവർമ മുതൽ 10 വിവിധ തരം ഷവർമകളാണ് സുജയിയുടെ പട്ടികയിലുള്ളത്. നിലവിൽ വീട്ടിൽ തന്നെയാണ് ഷവർമ തയ്യാറാക്കുന്നത്.
ഗ്രാൻഡ് ലഭ്യമാകുന്നതോടെ മഞ്ചേരി വാഴപ്പാറപ്പടിയിൽ ഷവർമ ഔട്ട്‌ലെറ്റ് തുടങ്ങാനാണ് പദ്ധതി. ഒപ്പം സ്വന്തമായി ഷവർമ യൂണിറ്റ് ആരംഭിക്കാൻ സാമ്പത്തികമായി ബുദ്ധിമുട്ടുള്ള മറ്റ് കടക്കാർക്ക് ചെറിയ മുതൽ മുടക്കിൽ ഷവർമ വിതരണം ചെയ്യുന്നതിനും പദ്ധതിയുണ്ട്.
source https://www.sirajlive.com/sujayi-with-venture-in-shawarma-minister-wants-to-make-good-shawarma.html
Post a Comment