ഗുലാബ് ചുഴലിക്കാറ്റ് ആന്ധ്രയില്‍ കാണാതായവരില്‍ രണ്ട് പേര്‍ മരിച്ചു

വിശാഖപട്ടണം | ഗുലാബ് ചുഴലിക്കാറ്റില്‍ ആന്ധ്രയില്‍ കാണാതായ മത്സ്യത്തൊഴിലാളികളില്‍ രണ്ട് പേര്‍ മരിച്ചു. മൂന്ന് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്താനായി. ഇനി ഒരാള്‍ക്ക് കൂടി തിരച്ചില്‍ തുടരുകയാണെന്ന് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. ആന്ധ്രയിലെ ശ്രീകാകുളത്തുനിന്ന് മത്സ്യ ബന്ധനത്തിന് പോയവരാണ് അപകടത്തില്‍പ്പെട്ടത്.

അതേസമയം ഗുലാബ് ചുഴലിക്കാറ്റിന്റെ പ്രഭാത്തില്‍ കേരളത്തിലും ശക്തമായ മഴ തുടരുകയാണ്. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകരുത്.

അതിനിടെ, ഗുലാബ് ചുഴലിക്കാറ്റ് ഒഡീഷ, ആന്ധ്രാ പ്രദേശ് തീരം തൊട്ടു. ഇരു സംസ്ഥാനങ്ങളിലെയും തീരപ്രദേശങ്ങളില്‍ കനത്ത മഴയാണ്. ആന്ധ്രയിലെ കലിംഗപട്ടണത്തിനും ഒഡീഷയിലെ ഗോപാല്‍പൂരിനും ഇടയില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ ചുഴലിക്കാറ്റ് കടന്നുപോകും.

ആന്ധ്രയുടെ വടക്കന്‍ തീരങ്ങളിലും ഒഡീഷയിലെ തെക്കന്‍ തീരങ്ങളിലുമാണ് മഴ പെയ്യുന്നത്. ചുഴലിക്കാറ്റ് തീരം തൊട്ടതിനെ തുടര്‍ന്നാണ് ശക്തമായ മഴ പെയ്യുന്നത്. അടുത്ത മൂന്ന് മണിക്കൂറില്‍ കലിംഗപട്ടണത്തിന്റെ 25 കിലോമീറ്റര്‍ വടക്കുഭാഗത്തേക്കാണ് കാറ്റ് നീങ്ങുക.

നാല് മാസത്തിനിടെ ഒഡീഷയിലെത്തുന്ന രണ്ടാം ചുഴലിക്കാറ്റാണ് ഗുലാബ്. നേരത്തേ യാസ് ചുഴലിക്കാറ്റ് ഒഡീഷയില്‍ നാശം വിതച്ചിരുന്നു.



source https://www.sirajlive.com/two-killed-in-andhra-pradesh-cyclone-gulab.html

Post a Comment

Previous Post Next Post