കുഴല്‍പ്പണ കേസും കോഴക്കേസും പ്രതിച്ഛായ തകര്‍ത്തു; കെ സുരേന്ദ്രനെ അധ്യക്ഷ സ്ഥാനത്തുനിന്നും മാറ്റാനൊരുങ്ങി ബിജെപി കേന്ദ്ര നേതൃത്വം

തിരുവനന്തപുരം | പശ്ചിമ ബംഗാളിന് പിറകെ കേരളത്തിലും ബിജെപി സംസ്ഥാന അധ്യക്ഷനെ മാറ്റാനൊരുങ്ങി ബി ജെ പി കേന്ദ്ര നേതൃത്വം. ഇത് സംബന്ധിച്ച് ബിജെപി കേന്ദ്രനേതൃത്വം തിരക്കിട്ട ചര്‍ച്ചയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കെ സുരേന്ദ്രനെ ഡല്‍ഹിക്ക് വിളിപ്പിച്ചതും പുന:സംഘടന സംബന്ധിച്ച് അഭിപ്രായം അറിയിക്കാനാണെന്നാണ് അറിയുന്നത്. കാലാവധി തികക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട സുരേന്ദ്രന്‍ .പ്രാദേശിക തലം മുതല്‍ അഴിച്ചുപണി നടത്തി പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള കര്‍മ്മ പദ്ധതി അവതരിപ്പിച്ചതായും അറിയുന്നു.

കൊടകര കുഴല്‍പണക്കേസും മഞ്ചേശ്വരം തിരഞ്ഞെടുപ്പ് പരാജയവും കോഴക്കേസും ഉള്‍പ്പെടെ പാര്‍ട്ടിയുടെ പ്രതിഛായ തകര്‍ത്ത സംഭവ വികാസങ്ങളാണ് സുരേന്ദ്രനെ അധ്യക്ഷ സ്ഥാനത്തുനിന്നും തിരക്കിട്ട് നീക്കാന്‍ കേന്ദ്രത്തെ പ്രേരിപ്പിച്ചിരിക്കുന്നത്. അതേ സമയം സുരേന്ദ്രന് പകരക്കാരനാരെന്ന കാര്യത്തില്‍ സമവായത്തിലെത്താന്‍ കേന്ദ്രത്തിന് സാധിച്ചിട്ടുമില്ല. ആര്‍എസ്എസിനും അഭിമതരായ സുരേഷ് ഗോപി എം പി, സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ്, വൈസ് പ്രസിഡന്റ് എഎന്‍ രാധാകൃഷ്ണന്‍ എന്നീ പേരുകളാണ് കൃഷ്ണദാസ് പക്ഷം മുന്നോട്ടുവെക്കുന്നത്. അതേ സമയം സുരേന്ദ്രന്‍ തുടരണമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് വി മുരളീധര പക്ഷം. പികെ കൃഷ്ണദാസിനെ വീണ്ടും അധ്യക്ഷ സ്ഥാനത്തേക്ക് വീണ്ടും കൊണ്ടുവരാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. സമവായ ശ്രമങ്ങള്‍ നീണ്ടുപോകുന്ന സാഹചര്യത്തില്‍ ഡിസംബര്‍ വരെ സുരേന്ദ്രന്‍ തുടരാനാണ് സാധ്യത



source https://www.sirajlive.com/money-laundering-and-bribery-cases-tarnish-image-the-bjp-central-leadership-is-preparing-to-remove-k-surendran-from-the-post-of-president.html

Post a Comment

أحدث أقدم