പശ്ചിമ ബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പ് തൃണമൂല്‍ കോണ്‍ഗ്രസ്സില്‍ നിന്ന് ബി ജെ പിയിലേക്കായിരുന്നു നേതാക്കളുടെ ഒഴുക്കെങ്കില്‍ ഇപ്പോള്‍ തിരിച്ച് ബി ജെ പിയില്‍ നിന്ന് തൃണമൂലിലേക്കാണ്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ രണ്ട് ബി ജെ പി. എം എല്‍ എമാരാണ് തൃണമൂലില്‍ ചേര്‍ന്നത്. ബിഷ്ണുപുര്‍ എം എല്‍ എ തന്‍മയ് ഘോഷും ബോണ്‍ഗോവന്‍ നോര്‍ത്ത് എം എല്‍ എ ബിശ്വജിത് ദാസും. നേരത്തേ തൃണമൂല്‍ കോണ്‍ഗ്രസ്സിലായിരുന്ന ഇരുവരും നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ബി ജെ പിയിലെത്തിയത്. ജൂണില്‍ മുന്‍ കേന്ദ്ര മന്ത്രി മുകുള്‍ റോയി കൂടുമാറിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ 77 സീറ്റ് നേടിയ ബി ജെ പിയുടെ അംഗസംഖ്യ ഏറ്റവുമൊടുവില്‍ 72 ആയി ചുരുങ്ങിയിട്ടുണ്ട്. 213 ആണ് തൃണമൂലിന്റെ അംഗസംഖ്യ. മുകുള്‍ റോയിയുമായി അടുത്തു നില്‍ക്കുന്ന ചില ബി ജെ പി. എം എല്‍ എമാരും നേതാക്കളും വരും ദിവസങ്ങളില്‍ തൃണമൂലിലേക്ക് എത്തുമെന്നാണ് വിവരം.
നേതാക്കള്‍ മാത്രമല്ല, അണികളും ബി ജെ പിയെ കൈയൊഴിഞ്ഞു കൊണ്ടിരിക്കുന്നു സംസ്ഥാനത്ത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ വീണ്ടും മികച്ച വിജയത്തോടെ അധികാരത്തിലേറിയതിനു പിന്നാലെ ബിര്‍ഭും, ഹൂഗ്ലി ജില്ലകളില്‍ ഇലക്ട്രിക് ഓട്ടോറിക്ഷകളില്‍ സ്പീക്കറും മൈക്കും ഘടിപ്പിച്ച് ബി ജെ പിക്ക് വോട്ട് ചെയ്തതില്‍ പശ്ചാത്തപിക്കുന്നുവെന്ന് ബി ജെ പി പ്രവര്‍ത്തകര്‍ അനൗണ്‍സ്മെന്റ് നടത്തിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. “ബി ജെ പി ഞങ്ങളെ തെറ്റിദ്ധരിപ്പിച്ചു. തട്ടിപ്പുകാരാണവര്‍. ഞങ്ങള്‍ മമതാ ബാനര്‍ജിക്ക് പകരക്കാരായി ആരെയും കാണുന്നില്ല. വികസനത്തിനൊപ്പം നില്‍ക്കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്’ അനൗണ്‍സ്മെന്റില്‍ പറയുന്നു. സൈന്ധ്യയില്‍ നിന്ന് യുവമോര്‍ച്ചാ മുന്‍ മണ്ഡലം പ്രസിഡന്റ് തപന്‍ സഹ ഉള്‍പ്പെടെ 300ഓളം ബി ജെ പി പ്രവര്‍ത്തകരാണ് മമതയുടെ സത്യപ്രതിജ്ഞക്ക് ശേഷം തൃണമൂലിലെത്തിയത്. കേന്ദ്ര മന്ത്രിസഭാ അഴിച്ചുപണിയില്‍ പശ്ചിമ ബംഗാളിലെ ചില ബി ജെ പി നേതാക്കള്‍ക്ക് മതിയായ പരിഗണന ലഭിക്കാതെ വന്നതും പാര്‍ട്ടി നേതാക്കളില്‍ അതൃപ്തി വളരാനിടയാക്കി. യുവമോര്‍ച്ചാ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് എം പി സൗമിത്ര ഖാന്‍ രാജിവെച്ചത് ഇതേ തുടര്‍ന്നാണ്.
സമകാലീന രാഷ്ട്രീയത്തില്‍ മോദിയുടെയും അമിത് ഷായുടെയും ഏറ്റവും വലിയ ശത്രുവാണ് മമതാ ബാനര്‍ജി. മറ്റേതൊരു ദേശീയ നേതാവിനേക്കാളും ബി ജെ പി ഇപ്പോള്‍ ഭയപ്പെടുന്നത് എന്‍ ഡി എയുടെ ഒരു കാലത്തെ പ്രധാന സഖ്യമായിരുന്ന തൃണമൂലിന്റെ ഈ നേതാവിനെയാണ്. ഏതുവിധേനയും തൃണമൂലിനെ തറപറ്റിക്കണമെന്ന നിര്‍ബന്ധ ബുദ്ധിയോടെയാണ് ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി രംഗത്തിറങ്ങിയതും കരുക്കള്‍ നീക്കിയതും. ബി ജെ പിയുടെ ആദ്യ പതിപ്പായ ജനസംഘത്തിന്റെ സ്ഥാപക നേതാവ് ശ്യാമപ്രസാദ് മുഖര്‍ജിയുടെ ജന്മപ്രദേശം അധീനപ്പെടുത്തുക, ന്യൂനപക്ഷ വോട്ടുകള്‍ നിര്‍ണായകമായ ഒരു സംസ്ഥാനത്തിന്റെ രാഷ്ട്രീയ ഭൂമിശാസ്ത്രം തിരുത്തുക, വടക്കുകിഴക്കന്‍ മേഖലകളിലെ പാര്‍ട്ടിയുടെ അടിത്തറ ശക്തിപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളും ബംഗാളിന്റെ കാര്യത്തില്‍ പ്രത്യേക താത്പര്യമെടുക്കാന്‍ ബി ജെ പിയെ പ്രേരിപ്പിച്ചു. ഇതിനായി അമിത് ഷാ നേരിട്ടാണ് തിരഞ്ഞെടുപ്പിനു മുമ്പുള്ള മൂന്ന് വര്‍ഷങ്ങളില്‍ ബംഗാളിലെ ബി ജെ പി പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. ഡല്‍ഹിയില്‍ നിന്ന് പാര്‍ട്ടി ദേശീയ സെക്രട്ടറി കൈലാഷ് വിജയ് വർഗിയയുടെ നേതൃത്വത്തില്‍ വലിയൊരു സംഘം ബംഗാളില്‍ തമ്പടിച്ചു പ്രവര്‍ത്തനം നടത്തുകയും മറ്റു പാര്‍ട്ടികളില്‍ നിന്ന് വന്‍ ഓഫറുകള്‍ നല്‍കി നേതാക്കളെ ചാക്കിട്ടു പിടിക്കുകയും ചെയ്തു. 33 എം എല്‍ എമാര്‍ ഉള്‍പ്പെടെ 200ഓളം നേതാക്കളെയാണ് തൃണമൂല്‍, കോണ്‍ഗ്രസ്സ്, ഇടത് പാര്‍ട്ടികളില്‍ നിന്ന് ബി ജെ പി വലവീശിപ്പിടിച്ചത്. ഇവരില്‍ ഭൂരിഭാഗവും തൃണമൂലുകാരായിരുന്നു. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രണ്ട് സീറ്റുകള്‍ നേടിയ ബി ജെ പി 2019ല്‍ 18 സീറ്റുകളിലേക്ക് ചാടിക്കടന്നത് ഈ പ്രവര്‍ത്തന ഫലമാണ്. ബംഗാള്‍ പിടിക്കാനായി ഒരുക്കിയതു പോലുള്ള സന്നാഹങ്ങള്‍ ബി ജെ പി സമീപ കാലത്ത് മറ്റൊരു സംസ്ഥാനത്തും നടത്തിയിട്ടില്ല. എന്നിട്ടും നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ മുന്നേറ്റത്തെ തടഞ്ഞു നിര്‍ത്താന്‍ മമതക്കായത് രാഷ്ട്രീയ നിരീക്ഷകര്‍ അത്ഭുതത്തോടെയാണ് നോക്കിക്കണ്ടത്. നാല് ദശകങ്ങള്‍ നീണ്ട ജനബന്ധം, ന്യൂനപക്ഷ, മതേതര വോട്ടുകളുടെ കേന്ദ്രീകരണം, മോദിക്കെതിരെ നടത്തിയ ഒറ്റയാന്‍ പോരാട്ടം തുടങ്ങി നിരവധി ഘടകങ്ങളുണ്ട് ഈ വിജയത്തിനു പിന്നില്‍.
ബംഗാളില്‍ മാത്രമല്ല, ഇതര സംസ്ഥാനങ്ങളിലും ക്ഷയിച്ചു വരികയാണ് ബി ജെ പി. മോദി കേന്ദ്രത്തില്‍ അധികാരത്തിലേറിയതിനു പിന്നാലെ ബി ജെ പി നേരിട്ടോ മറ്റു പാര്‍ട്ടികളുടെ സഹകരണത്തോടെയോ ഭരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം 2016ല്‍ 19 ആയും 2018ല്‍ 21 ആയും ഉയര്‍ന്നെങ്കില്‍ ഇന്നത് കുറഞ്ഞു വരികയാണ്. ഊതിപ്പെരുപ്പിച്ച മോദിയുടെ വ്യക്തിപ്രഭാവമായിരുന്നു നേരത്തേ ബി ജെ പിയുടെ വളര്‍ച്ചക്കു പിന്നിലെങ്കില്‍, മോദിയുടെ പ്രതിച്ഛായയും ജനപ്രീതിയും ഇപ്പോള്‍ അടിക്കടി കുറഞ്ഞു വരികയാണെന്ന് സര്‍വേകള്‍ വെളിപ്പെടുത്തുന്നു. രണ്ടാഴ്ച മുമ്പ് പ്രസിദ്ധീകരിച്ച ഇന്ത്യാ ടുഡേയുടെ മൂഡ് ഓഫ് ദി നാഷന്‍ സര്‍വേ വ്യക്തമാക്കുന്നത്, അടുത്ത പ്രധാനമന്ത്രിയായി ഇന്ത്യന്‍ ജനതയില്‍ നരേന്ദ്രമോദിയെ ആഗ്രഹിക്കുന്നവര്‍ 24 ശതമാനം പേര്‍ മാത്രമാണെന്നാണ്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ 66 ശതമാനം പേര്‍ മോദിയെ അനുകൂലിച്ചിരുന്നു. അതേസമയം മമതയുടെ ജനപ്രീതി വര്‍ധിച്ചു വരികയും ഒരു ദേശീയ നേതാവായി ഉയര്‍ന്നിരിക്കുകയുമാണ് അവര്‍. 2024ലെ തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി പ്രതിപക്ഷ നിരയില്‍ രൂപപ്പെട്ടു വരുന്ന വിശാല സഖ്യത്തിന്റെ നേതൃസ്ഥാനത്തേക്ക് പലരും നിര്‍ദേശിക്കുന്നത് മമതയെയാണെന്നത് ദേശീയ രാഷ്ട്രീയത്തില്‍ അവരുടെ സ്ഥാനം അടയാളപ്പെടുത്തുന്നുണ്ട്.
source https://www.sirajlive.com/as-the-return-to-trinamool-continues.html
إرسال تعليق