കൊച്ചി | സംസ്ഥാനത്തെ തൊഴിൽ പ്രതിസന്ധി പരിഹരിക്കുകയെന്ന ലക്ഷ്യം മുൻനിർത്തി അടുത്ത സാമ്പത്തിക വർഷം മുതൽ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലും പ്രത്യേകമായ പ്രാദേശിക സാമ്പത്തിക വികസന പദ്ധതിയുണ്ടാക്കാൻ സർക്കാർ ഒരുങ്ങുന്നു.
ഓരോ തദ്ദേശ സ്ഥാപന പരിധിയിലെയും പ്രകൃതി-മാനവശേഷി വിഭവങ്ങളും അടിസ്ഥാന സൗകര്യങ്ങളും കണ്ടെത്തി അതാതിടങ്ങളിൽ തന്നെ വിപുലമായ തൊഴിൽ മേഖല സൃഷ്ടിക്കാനും പ്രാദേശിക സാമ്പത്തിക വികസനം സാധ്യമാക്കുന്നതിനുമാണ് തീരുമാനം. കൊവിഡ് കാരണം പ്രവാസികൾക്കിടയിലുണ്ടാകുന്ന വ്യാപകമായ തൊഴിൽ നഷ്ടവും സംസ്ഥാനത്തിന്റെ വരുമാനത്തിൽ അതുണ്ടാക്കിയേക്കാവുന്ന ഭീമമായ ഇടിവും മുൻകൂട്ടി കണ്ടുകൊണ്ടാണ് പ്രവാസികൾക്ക് കൂടി ആശ്വാസമേകുന്ന വിവിധ തൊഴിൽ പദ്ധതികൾ അതാത് പഞ്ചായത്തുകളിൽ സൃഷ്ടിക്കപ്പെടുക.
തദ്ദേശ സ്ഥാപനങ്ങൾക്ക് കീഴിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പഞ്ചായത്ത് തല സെല്ലുകൾ രൂപവത്കരിച്ചാണ് പദ്ധതി നടപ്പാക്കുക. ഇതിന്റെ ഭാഗമായുള്ള 22 അംഗ സമിതിയുടെ സംസ്ഥാന കൂടിയാലോചനാ സമിതി യോഗം ഇന്നലെ നടന്നു.
ആദ്യപടിയെന്നോണം പ്രത്യേക സമിതികൾ രൂപവത്കരിച്ച് ഓരോ പഞ്ചായത്തിലെയും പ്രകൃതി വിഭവങ്ങൾ, കാർഷിക മേഖല, വന ഭൂമി, മൃഗസമ്പത്ത്, യുവജനങ്ങളുടെ ഔപചാരിക വിദ്യാഭ്യാസ യോഗ്യത, മറ്റു കഴിവുകൾ, നിലവിലെ തൊഴിൽ അവസ്ഥ, പരമ്പരാഗത തൊഴിൽ മേഖല തുടങ്ങിയ എല്ലാ കാര്യങ്ങളെക്കുറിച്ചും വിവര ശേഖരണം നടത്തും. തുടർന്ന് വിവരശേഖരണത്തിലൂടെ കണ്ടെത്തിയ കാര്യങ്ങൾ ഉൾപ്പെടുത്തി സാധ്യതാ പ്ലാനുകൾ പ്രസിദ്ധപ്പെടുത്തും. വിവിധ സാധ്യതകൾ കണ്ടെത്തുന്ന പ്രൊജക്ടുകൾ രൂപവത്കരിക്കുകയും സംരംഭകരെ കണ്ടെത്തുകയും അവർക്ക് പരിശീലനം നൽകുകയും ചെയ്യുന്നതാണ് അടുത്ത ഘട്ടങ്ങൾ. പരിശീലനം പൂർത്തിയാക്കിയവർക്ക് തൊഴിൽ ഉറപ്പാക്കും.
പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും ബേങ്ക്, വ്യാപാരി, കുടുംബശ്രീ പ്രതിനിധികളുമെല്ലാമടങ്ങിയ വിവിധ മേഖലകളിൽ നിന്നുള്ള 13 പേരടങ്ങിയ പ്രാദേശിക സാമ്പത്തിക വികസന സമിതിയാണ് ആവശ്യമായ എല്ലാ സഹായവും നൽകുക. തൊഴിലെടുക്കുന്നവരുടെ മേലുള്ള വർധിച്ച ആശ്രിതത്വം സംസ്ഥാനം നേരിടുന്ന പ്രധാന പ്രശ്‌നമാണെന്ന് സർക്കാർ കണ്ടെത്തിയിട്ടുണ്ട്.
തൊഴിലെടുക്കുന്നവരെ ആശ്രയിച്ച് ജീവിക്കുന്നവരുടെ എണ്ണം ഗണ്യമായി കൂടുന്ന സാഹചര്യത്തിൽ പ്രദേശിക തലത്തിലുള്ള തൊഴിൽ സാധ്യതകൾ വരും വർഷങ്ങളിൽ വലിയ തോതിൽ കൂട്ടണമെന്നാണ് സർക്കാർ തീരുമാനം. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചാണ് വരുന്ന സാമ്പത്തിക വർഷം മുതൽ ആയിരം പേരിൽ കുറഞ്ഞത് അഞ്ച് പേർക്കെങ്കിലും അതാത് പഞ്ചായത്തുകളിൽ സ്ഥിര വരുമാനത്തിനുള്ള വിപുലമായ പദ്ധതി ഒരുങ്ങുന്നത്.
source https://www.sirajlive.com/proposal-for-local-economic-development-plan.html
Post a Comment