കോണ്‍ഗ്രസിലെ ഗ്രൂപ്പ് നേതാക്കള്‍ക്കെതിരെ വീണ്ടും കെ മുരളീധരന്‍

കോഴിക്കോട് | ഡി സി സി പുനഃസംഘടനയുമായി ബന്ധപ്പെട്ട കോണ്‍ഗ്രസിലെ തമ്മിലടി തുടരുന്നതിനിടെ ഗ്രൂപ്പ് നേതാക്കള്‍ക്കെതിരെ വീണ്ടും കടുത്ത വിമര്‍ശനവുമായി കെ മുരളീധരന്‍ എം പി. നേരത്തെ പദവികള്‍ ഗ്രൂപ്പ് അടിസ്ഥാനത്തില്‍ വീതംവെച്ചപ്പോള്‍ കോണ്‍ഗ്രസ് എന്താണെന്ന് അറിയാത്തവര്‍ പോലും നേതൃനിരയിലെത്തിയെന്ന് കെ മുരളീധരന്‍ പറഞ്ഞു. ഗ്രൂപ്പിന്റെ പേരില്‍ പദവികള്‍ വീതംവെക്കുന്നത് ഇനി അനുവദിക്കില്ലെന്നും മുരളീധരന്‍ പറഞ്ഞു. കോഴിക്കോട് ഡി സി സി പ്രസിഡന്റ് കെ പ്രവീണ്‍കുമാറിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ജംബോ കമ്മിറ്റികളിലൂടെ നേതൃനിരയിലേക്ക് വന്നവര്‍ക്ക് പരസ്പരം അറിയാത്ത സാഹചര്യമാണുള്ളത്. ഗ്രൂപ്പിന്റെ പേരില്‍ പദവികള്‍ നല്‍കിയതോടെ പാര്‍ട്ടി തോല്‍ക്കാന്‍ തുടങ്ങി. 2011ല്‍ തന്നെ ജനങ്ങള്‍ മഞ്ഞകാര്‍ഡ് നല്‍കിയിരുന്നു. ഇതില്‍ നിന്ന് പഠിച്ചില്ല. ഓരോ സമുദായത്തേയും പിണറായി വിജയന്‍ നല്ല രീതിയില്‍ പരിഗണിച്ചു. കോണ്‍ഗ്രസ് അത് ചെയ്തില്ല.
പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ നിര്‍ദേശിച്ചവരെ മാറ്റിനിര്‍ത്തി സ്ഥാനാര്‍ഥികളെ കെട്ടിയിറക്കി. ബൂത്തിലേക്കുള്ള കാശ് വീതംവെക്കാന്‍ താത്പര്യമില്ലാത്ത സ്ഥാനാര്‍ഥികളെ മാറ്റി. തോല്‍വി മാത്രമല്ല ഇപ്പോഴുള്ളവര്‍ തന്നെ എങ്ങനെ ജയിച്ചു എന്ന് പരിശോധിക്കേണ്ട അവസ്ഥയാണെന്നും മുരളീധരന്‍ പരിഹസിച്ചു.

കോണ്‍ഗ്രസിലെ നിലവിലെ അവസ്ഥയെ പരിഹസിച്ച സി പി എം സംസ്ഥാന സെക്രട്ടറി എ വിജയാരഘവനേയും മുരളീധരന്‍ വിമര്‍ശിച്ചു. വിജയരാഘവന്‍ വളിപ്പടിക്കുകയാണ്. പുന്നെല്ല് കണ്ട കോഴിയാണ് അദ്ദേഹം. കോണ്‍ഗ്രസിനെ നശിപ്പിച്ച് ബി ജെ പി യെ വളര്‍ത്താനാണ് വിജയ രാഘവന്റെ ശ്രമം. ഉമ്മന്‍ ചാണ്ടിയെ വീട്ടില്‍ പോയി കാണാന്‍ വി ഡി സതീശന് വിജയ രാഘവന്റെ അനുവാദം വേണ്ടെന്നും മുരളി കൂട്ടിച്ചേര്‍ത്തു.

 



source https://www.sirajlive.com/k-muraleedharan-again-against-group-leaders-in-congress.html

Post a Comment

أحدث أقدم