ശാരീരിക അകലം മതി, മാനസിക അകലം അരുത്

കൊവിഡ് വ്യാപനം സംസ്ഥാനത്തിന്റെ ആരോഗ്യ മേഖലക്ക് വെല്ലുവിളി ഉയര്‍ത്തവെ, നിപ്പാ കൂടി കടന്നു വന്നതോടെ കടുത്ത ഭീതിയിലാണ് കേരളം; വിശിഷ്യാ മലബാര്‍ മേഖല. നിപ്പാ രോഗ ലക്ഷണങ്ങളോടെ കോഴിക്കോട് ജില്ലയിലെ മുന്നൂരില്‍ പന്ത്രണ്ട് വയസ്സുകാരന്‍ മരിക്കുകയും കുട്ടിയുടെ മാതാവിലും രണ്ട് ആരോഗ്യ പ്രവര്‍ത്തകരിലും രോഗലക്ഷണം പ്രകടമാകുകയും ചെയ്തതോടെയാണ് മൂന്ന് വര്‍ഷത്തിനു ശേഷം സംസ്ഥാനം വീണ്ടും നിപ്പാ ഭീതിയിലായത്. കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ ആരോഗ്യ വകുപ്പ് കനത്ത ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചതും മരണപ്പെട്ട കുട്ടിയുടെ നാടും അയല്‍ പ്രദേശങ്ങളും രോഗബാധിതനായ ശേഷം കുട്ടി യാത്ര ചെയ്ത പ്രദേശങ്ങളും അധികൃതര്‍ അക്ഷരാര്‍ഥത്തില്‍ അടച്ചു പൂട്ടിയതും രോഗബാധയുടെ ഉറവിടം കണ്ടെത്താനാകാത്തതും ജനങ്ങളുടെ ഭീതി വര്‍ധിപ്പിച്ചിട്ടുണ്ട്.
കൊവിഡിനോളം വ്യാപന വേഗതയില്ലെങ്കിലും മരണസാധ്യത കൂടുതലാണെന്നതാണ് നിപ്പായെക്കുറിച്ച് കൂടുതല്‍ ഭീതിക്ക് കാരണം. മുന്നൂരില്‍ മരണപ്പെട്ട പന്ത്രണ്ട് വയസ്സുകാരന്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചു തുടങ്ങിയത് പത്ത് ദിവസം മുമ്പാണ്. രോഗം നിപ്പായാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ച ദിവസം നില ഗുരുതരമായി മണിക്കൂറുകള്‍ക്കകം മരിക്കുകയും ചെയ്തു. എങ്കിലും അതിയായ ഉത്കണ്ഠയും ഭീതിയും ഒഴിവാക്കണമെന്നും ജാഗ്രതയാണ് രോഗപ്പകര്‍ച്ച തടയാന്‍ പ്രധാനമായും വേണ്ടതെന്നുമാണ് ആരോഗ്യ മേഖലയുടെ അറിയിപ്പ്. മൃഗങ്ങളില്‍ നിന്ന് മൃഗങ്ങളിലേക്ക് പകരുന്ന ആര്‍ എന്‍ എ വൈറസാണ് നിപ്പാ. വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നോ പന്നികളില്‍ നിന്നോ ആണ് ഇത് കൂടുതലായും മനുഷ്യരിലേക്ക് പകരുന്നത്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും പകരാം. അസുഖ ബാധയുള്ളവരെ പരിചരിക്കുന്നവരിലേക്കും സമ്പര്‍ക്കം പുലര്‍ത്തുന്നവരിലേക്കുമാണ് കൂടുതല്‍ പകര്‍ച്ചാ സാധ്യത. എങ്കിലും കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ആളുകള്‍ ഇപ്പോള്‍ മാസ്‌ക് പതിവാക്കിയ സാഹചര്യത്തില്‍ രോഗപ്പകര്‍ച്ച തീവ്രമാകാന്‍ സാധ്യതയില്ലാത്തതിനാല്‍ ഇതുസംബന്ധിച്ച അതീവ ഉത്കണ്ഠയും ഭീതിയും ആവശ്യമില്ല.

സാധാരണഗതിയില്‍ ഇത്തരം രോഗങ്ങള്‍ പകരുമ്പോള്‍ സാമൂഹിക മാധ്യമങ്ങള്‍ അത് പെരുപ്പിച്ചു കാട്ടുകയും ആളുകളെ ഭീതിയിലാഴ്ത്തുന്ന മിത്തുകളും കെട്ടുകഥകളും പ്രചരിപ്പിക്കുകയും ചെയ്യാറുണ്ട്. 2018ല്‍ പേരാമ്പ്രയില്‍ നിപ്പാ പടര്‍ന്നപ്പോഴും കൊവിഡ് സംബന്ധമായും ഇത്തരം പ്രചാരണങ്ങള്‍ ധാരാളം നടന്നു. രോഗബാധിത പ്രദേശങ്ങളില്‍ നിന്ന് വളരെ അകലെ താമസിക്കുന്നവരില്‍ പോലും ഭീതി പരത്തുന്നതായിരുന്നു നിപ്പായെക്കുറിച്ചുള്ള പ്രചാരണങ്ങള്‍. യാഥാര്‍ഥ്യങ്ങളുമായി ബന്ധമില്ലാത്ത ഇത്തരം നിറം പിടിപ്പിച്ച വിവരങ്ങള്‍ അപ്പടി വിശ്വസിച്ച പലരും ഭയചിത്തരായി. മഹാമാരികളുടെ കാലത്ത് വളരെ ശ്രദ്ധിച്ചു വേണം സോഷ്യല്‍ മീഡിയകളെ കൈകാര്യം ചെയ്യാന്‍. ആരെങ്കിലും പോസ്റ്റ് ചെയ്യുന്നത് മുന്‍പിന്‍ നോക്കാതെയും വിവരത്തിന്റെ ഉറവിടം അന്വേഷിക്കാതെയും ആധികാരികത ഉറപ്പ് വരുത്താതെയും ഫോര്‍വേഡ് ചെയ്യരുത്. കൊവിഡിനൊപ്പം നിപ്പാ കൂടി സ്ഥിരീകരിച്ചതോടെ അയല്‍ സംസ്ഥാനങ്ങള്‍ അതിര്‍ത്തികളില്‍ നിയന്ത്രണം കൂടുതല്‍ കര്‍ശനമാക്കാന്‍ തുടങ്ങിയതിനു പിന്നില്‍ രോഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകളാണ്. അതിന് വഴിയൊരുക്കിയത് വലിയൊരളവോളം സോഷ്യല്‍ മീഡിയകളും.

രോഗങ്ങളെക്കുറിച്ച് പ്രചരിക്കുന്ന തെറ്റായ വിവരങ്ങള്‍ ജനങ്ങളില്‍ മനഃശാസ്ത്രപരമായും സാമൂഹികമായും കടുത്ത ആഘാതം സൃഷ്ടിക്കാന്‍ ഇടവരുത്തുമെന്ന് 2018ലെ നിപ്പാ ബാധയുടെ പശ്ചാത്തലത്തില്‍ ബെംഗളൂരുവിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്തിലെ (നിംഹാന്‍സ്) ഡോ. സക്കറിയാസ് ലിതിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘം നടത്തിയ പഠനം കണ്ടെത്തിയിരുന്നു. മഹാമാരികളുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ കൂടുതലായും ചികിത്സയിലും രോഗ നിയന്ത്രണ പ്രവര്‍ത്തനങ്ങളിലും പ്രതിരോധത്തിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെങ്കിലും, രോഗബാധയും വ്യാപനവും ഉയര്‍ത്തുന്ന സാമൂഹികവും മനഃശാസ്ത്രപരവുമായ പ്രശ്നങ്ങളെ പ്രതിരോധിക്കുന്നതിലും ഭരണകൂടങ്ങള്‍ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ടെന്ന് റിപ്പോര്‍ട്ട് ഉണര്‍ത്തുന്നു. നിപ്പാ വൈറസിനെതിരെ സംസ്ഥാനത്തെ പൊതുജനാരോഗ്യ സംവിധാനവും സര്‍ക്കാറും അഭിനന്ദനീയമാം വിധം ഉണര്‍ന്നു പ്രവര്‍ത്തിച്ചു. എന്നാല്‍ തെറ്റായ വാര്‍ത്തകളും ഊഹക്കഥകളും ആളുകളില്‍ വലിയ ഭീതിയും ഉത്കണ്ഠയും വളര്‍ത്തുകയും അത് സംസ്ഥാനത്തിന്റെ അതിര്‍ത്തികള്‍ക്കപ്പുറത്തേക്ക് വളരുകയും ചെയ്തതായി 2019 ഫെബ്രുവരി ലക്കം ഇന്റര്‍നാഷനല്‍ ജേര്‍ണല്‍ ഓഫ് സയന്റിഫിക് സ്റ്റഡി പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

സാമൂഹിക ബഹിഷ്‌കരണം, കളങ്കപ്പെടുത്തലുകള്‍, മുന്‍വിധികള്‍ വെച്ചുള്ള വിവേചനപരമായ പെരുമാറ്റം തുടങ്ങി മഹാമാരി കാലത്ത് രോഗബാധിത കുടുംബങ്ങള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ നിരവധിയാണ്. ഇത് വിഷാദരോഗം പോലുള്ള മാനസിക പ്രശ്‌നങ്ങള്‍ ക്ഷണിച്ചു വരുത്തിയേക്കും. ശാരീരിക രോഗങ്ങള്‍ക്ക് നല്‍കുന്ന അതേ പ്രാധാന്യം ഇത്തരം ഘട്ടങ്ങളില്‍ മാനസിക പ്രശ്‌നങ്ങള്‍ക്കും നല്‍കണമെന്ന് ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശിക്കുന്നു. വിഷാദവും മറ്റു മാനസിക വിഭ്രാന്തികളും ബാധിച്ച ആളുകള്‍ നേരിടുന്ന ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ശാരീരിക രോഗങ്ങള്‍ ബാധിച്ചവര്‍ നേരിടുന്ന പ്രയാസങ്ങളേക്കാള്‍ കുറച്ചു കാണരുത്. ആരോഗ്യമുള്ള ജനതയാണ് സര്‍ക്കാറും ആരോഗ്യ വകുപ്പും മുന്‍വെക്കുന്ന ഒരു വാഗ്ദാനം. മാനസികാരോഗ്യം കൂടി നേടുമ്പോഴാണ് ജനങ്ങള്‍ ആരോഗ്യവാന്മാരാകുന്നത്. ആത്മഹത്യ പോലുള്ള അതിരുവിട്ട തീരുമാനത്തിലേക്ക് പലരും നീങ്ങുന്നത് മനോദുഃഖവും വ്യഥയും സഹിക്കാവുന്ന പരിധി വിടുമ്പോഴാണ്. കേരള സംസ്ഥാന മാനസികാരോഗ്യ അതോറിറ്റിയും ദേശീയ ആരോഗ്യ മിഷനും സംയുക്തമായി നടത്തിയ സര്‍വേ പ്രകാരം കേരളത്തില്‍ എട്ട് പേരില്‍ ഒരാള്‍ക്ക് ചികിത്സ ആവശ്യമായ മാനസിക പ്രശ്‌നമുണ്ട്. ഇത് കൊവിഡിനു മുമ്പുള്ള കണക്കാണ്. കൊവിഡും ഇപ്പോള്‍ നിപ്പായും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ മാനസിക സംഘര്‍ഷക്കാരുടെ എണ്ണം പിന്നെയും വര്‍ധിച്ചിരിക്കും. രോഗബാധിതരുമായി ശാരീരികാകലം പാലിക്കുന്നതോടൊപ്പം മാനസികമായി അവരെ ചേര്‍ത്തുപിടിക്കാന്‍ സര്‍ക്കാറും സമൂഹവും മുന്നോട്ടു വരികയാണ് ഇതിനു പരിഹാര മാര്‍ഗം.



source https://www.sirajlive.com/physical-distance-is-enough-mental-distance-is-not-2.html

Post a Comment

أحدث أقدم