സി പി എം ബ്രാഞ്ച് സമ്മേളനങ്ങളിൽ ചർച്ചയായി മന്ത്രി വാസവൻ

കണ്ണൂർ | സി പി എം 23ാം പാർട്ടി കോൺഗ്രസ്സിന്റെ മുന്നോടിയായുള്ള ബ്രാഞ്ച് സമ്മേളനങ്ങൾ സമാപനത്തിലേക്ക്. അടുത്ത മാസം ലോക്കൽ സമ്മേളനങ്ങളും തുടർന്ന് ഏരിയാ സമ്മേളനങ്ങളും നടക്കും. കൊവിഡ് കാലമായതിനാൽ സമ്മേളനങ്ങൾക്ക് പൊലിമ കുറവാണെങ്കിലും പ്രതിനിധികളുടെ ചർച്ചകൾ സജീവമാണ്.

പാലാ ബിഷപിന്റെ നാർകോട്ടിക് ജിഹാദ് വിഷയം കത്തി നിൽക്കുമ്പോൾ മന്ത്രി വാസവൻ അദ്ദേഹത്തെ പോയി കണ്ടതും ബിഷപിനെ പ്രശംസിച്ചതും മിക്ക ബ്രാഞ്ച് സമ്മേളനങ്ങളിലും ചർച്ചയായി മാറി. മറ്റ് മന്ത്രിമാരെ കുറിച്ച് വലിയ പരാതികളൊന്നുമുണ്ടായില്ലെങ്കിലും മന്ത്രി വാസവന്റെ നടപടി ശരിയായില്ലെന്ന് പ്രതിനിധികൾ സമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.മേൽ കമ്മിറ്റി പ്രതിനിധികളായി എത്തിയ നേതാക്കൾ ഇത് തിരുത്തപ്പെടേണ്ടതാണെന്ന് മറുപടിയും നൽകി. പാർട്ടി നേതൃത്വവും മന്ത്രി വാസവന്റെ നടപടിയിൽ അതൃപ്തരാണെന്നാണ് ഇത് വ്യക്തമാക്കുന്നത്.

പാലാ ബിഷപ് നല്ല പാണ്ഡിത്യമുള്ള വ്യക്തിയാണെന്നും അദ്ദേഹത്തിന്റെ പരാമർശത്തിൽ വിവാദമുണ്ടാക്കുന്നത് വർഗീയവാദികളും തീവ്രവാദികളുമാണെന്നുമാണ് മന്ത്രി വാസവൻ ബിഷപിനെ സന്ദർശിച്ച ശേഷം പ്രതികരിച്ചത്. ഇത് വലിയ വിവാദമാകുകയും ചെയ്തു. ബിഷപിന്റെ വിവാദ പ്രസ്താവനക്ക് ശേഷം ബി ജെ പിയുടെയും കോൺഗ്രസ്സിന്റെയും നേതാക്കൾ ബിഷപിനെ കണ്ടതിന് പിന്നാലെയായിരുന്നു മന്ത്രി വാസവന്റെ സന്ദർശനം.

ഇടത് മുന്നണിയിൽ നിന്ന് കേരള കോൺഗ്രസ്സ് എം നേതാവ് ജോസ് കെ മാണി ഒഴിച്ച് മറ്റൊരു നേതാവും പാലാ ബിഷപിനെ വിവാദ പ്രസ്താവനയുമായി ബന്ധപ്പെട്ട് കാണാൻ പോകുകയോ ചർച്ച നടത്തുകയോ ചെയ്തിരുന്നില്ല.

വാസവന്റെ സന്ദർശനവും പ്രതികരണവും യു ഡി എഫും ബി ജെ പിയും വലിയ ആയുധമാക്കി ഉപയോഗിക്കുകയും ചെയ്തു. മുസ്‌ലിം സംഘടനകളും അദ്ദേഹത്തിന്റെ സന്ദർശനത്തിനെതിരെ രംഗത്തു വന്നിരുന്നു. നാർകോട്ടിക് ജിഹാദ് ആരോപണത്തെ തുടർന്ന് എൽ ഡി എഫ് സ്വീകരിച്ച നിലപാടിന് വിരുദ്ധമായിരുന്നു വാസവന്റെ പ്രതികരണമെന്നും ഇത് മുസ്‌ലിം വിഭാഗങ്ങളിൽ വലിയ അമർഷമുണ്ടാക്കിയതായും സി പി എം സമ്മേളനങ്ങളിൽ പ്രതിനിധികൾ ചൂണ്ടിക്കാട്ടി. പാലാ ബിഷപിന്റെ വിവാദ പ്രസ്താവന സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രതികരണമാണ് വാസവന്റെ പ്രസ്താവന കാരണമുണ്ടായ നാണക്കേടിന് പരിഹാരമായത്.

അതിനിടെ കേരള കോൺഗ്രസ്സ് മാണി ഗ്രൂപ്പിന്റെ ചില ഇടപെടലുകൾ മുന്നണിക്ക് ദോഷം ചെയ്യുന്നതായും ഒന്നാം പിണറായി സർക്കാറിൽ മികച്ച മന്ത്രിമാരായിരുന്നവരെ രണ്ടാം സർക്കാറിൽ ഒഴിവാക്കിയതും സമ്മേളനങ്ങളിൽ ചർച്ചയായി. ആരോഗ്യ മന്ത്രി കെ കെ ശൈലജയെ മാറ്റിനിർത്തിയതാണ് പ്രധാനമായും പ്രതിനിധികൾ ചൂണ്ടിക്കാട്ടിയത്.

കണ്ണൂരിൽ 3,970 ബ്രാഞ്ച് സമ്മേളനങ്ങളാണ് നടക്കുന്നത്. ഇതിൽ 90 ശതമാനത്തോളം പൂർത്തിയായി. പാർട്ടി കോൺഗ്രസ്സ് ഇത്തവണ കണ്ണൂരിലാണ് നടക്കുന്നതെന്നത് കൊണ്ട് സംസ്ഥാനത്ത് ആദ്യം ബ്രാഞ്ച് സമ്മേളനങ്ങൾ ആരംഭിച്ചതും ഇവിടെയാണ്. ലോക്കൽ സമ്മേളനങ്ങൾ അടുത്ത മാസം നടക്കും. നവംബറിൽ ഏരിയാ സമ്മേളനങ്ങളും ഡിസംബറിൽ ജില്ലാ സമ്മേളനങ്ങളും നടക്കും.



source https://www.sirajlive.com/minister-vasavan-discussed-at-cpm-branch-meetings.html

Post a Comment

أحدث أقدم