മോന്‍സണെ സഹായിക്കാന്‍ പോലീസ് ഉന്നതരും; ട്രാഫിക് ഐ ജി ഇടപെട്ടതിന്റെ തെളിവുകള്‍ പുറത്ത്

ചേര്‍ത്തല | പുരാവസ്തു വില്‍പനക്കാരനെന്ന വ്യാജേന കോടികളുടെ തട്ടിപ്പ് നടത്തിയെതിനെ തുടര്‍ന്ന് പിടിയിലായ മോന്‍സന്‍ മാവുങ്കലിനെ സഹായിച്ചത് ഉന്നത പോലീസ് ഉദ്യോഗസ്ഥരെന്നാണ് ആരോപണം. മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥര്‍ മോന്‍സന്‍സന്‍ മാവുങ്കലിന് സംരക്ഷണം നല്‍കിയെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. ട്രാഫിക് ഐജി ജി ലക്ഷ്മണ മോന്‍സണിനായി ഇടപെട്ടതിന്റെ ഇ മെയില്‍ വിവരങ്ങള്‍ പുറത്തുവന്നു.

പണം തിരികെ ചോദിച്ചപ്പോള്‍ പോലീസ് ഉദ്യഗസ്ഥരെ മോന്‍സണ്‍ മറയാക്കി ഉപയോഗിച്ചു. മോന്‍സണനെതിരായ പരാതിയിലെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചില്‍നിന്നും ചേര്‍ത്തല എസ്എച്ച്ഒക്ക് കൈമാറാന്‍ ലക്ഷ്മണ ആവശ്യപ്പെട്ടതിന്റെ തെളിവുകളും പുറത്തുവന്നിട്ടുണ്ട്. ആറര കോടിയുടെ തട്ടിപ്പിലാണ് ലക്ഷ്മണയുടെ ഇടപെടല്‍. ഇതുമായി ബന്ധപ്പെട്ട് ലക്ഷ്മണ അയച്ച ഇ മെയില്‍ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കേസന്വേഷണം മാറ്റാന്‍ ലക്ഷ്മണ ഇടപെട്ടതിന്റെ വിവരങ്ങള്‍ മോന്‍സണ്‍ തന്നെ പരാതിക്കാര്‍ക്ക് കൊടുത്തിരുന്നതായാണ് അറിയുന്നത്.

പൊലീസ് ഉദ്യോഗസ്ഥരും, ചലച്ചിത്ര താരങ്ങളും ഇയാളുടെ വീട്ടിലെ നിത്യസന്ദര്‍ശകരാണെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. ഡിഐജി സുരേന്ദ്രന്‍, ഐജി ലക്ഷ്മണന്‍, എറണാകുളം എസിപി ലാല്‍ജി, സിഐ അനന്തലാല്‍, ചേര്‍ത്തല സി ശ്രീകുമാര്‍ എന്നിവര്‍ സ്ഥിരം സന്ദര്‍ശകരായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

പുരാവസ്തു വില്‍പ്പനക്കാരന്‍ എന്ന വ്യാജേന കോടികളുടെ തണ്ടിപ്പാണ് മോന്‍സണ്‍ നടത്തിയത്. ടിപ്പുവിന്റെ സിംഹാസനം, ബൈബിളിലെ മോശയുടെ അംശവടി, യേശുവിനെ ഒറ്റ് കൊടുത്തപ്പോള്‍ കിട്ടിയ 30 വെള്ളിക്കാശില്‍ ഒന്ന് തുടങ്ങി പുരാവസ്തുക്കളുടെ അമൂല്യ ശേഖരം തന്റെ പക്കലുണ്ടെന്ന് വിശ്വസിപ്പിച്ചാണ് മോന്‍സണ്‍ തട്ടിപ്പ് നടത്തിയിരുന്നത്. പലരില്‍ നിന്നായി കോടിക്കണക്കിന് രൂപയാണ് ഇയാള്‍ തട്ടിയത്. പണം നഷ്ടപ്പെട്ടവരില്‍ ചിലരുടെ പരാതിയെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് അന്വേഷിച്ചപ്പോഴാണ് മോണ്‍സണ്‍ വില്‍പ്പനക്ക് വച്ച പുരാവസ്തുക്കളില്‍ പലതും ആശാരി നിര്‍മിച്ചതാണെന്ന് കണ്ടെത്തിയത്. ക്രൈംബ്രാഞ്ച് സംഘം ചേര്‍ത്തലയിലെ വീട്ടില്‍ നിന്നാണ് മോന്‍സണെ അറസ്റ്റ് ചെയ്തത്.



source https://www.sirajlive.com/police-will-be-on-high-to-help-monson-evidence-of-traffic-ig-intervention-is-out.html

Post a Comment

أحدث أقدم